
ന്യൂഡൽഹി: അഴിമതിയും സ്വജനപക്ഷപാതവും മൂലം റദ്ദാക്കപ്പെട്ട 2011-ലെ കർണാടക സിവിൽ സർവീസ് തിരഞ്ഞെടുപ്പും നിയമനങ്ങളും സാധൂകരിക്കാൻ കൊണ്ടുവന്ന 2022-ലെ നിയമം സുപ്രീം കോടതി റദ്ദാക്കി. അന്തിമമായ കോടതി വിധിയെ നേരിട്ട് അസാധുവാക്കാൻ നിയമസഭയ്ക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഒരു കോടതി വിധിക്ക് അടിസ്ഥാനമായ നിയമവ്യവസ്ഥയിൽ മാറ്റം വരുത്തിക്കൊണ്ട് മുൻകാലപ്രാബല്യത്തോടെ നിയമനിർമാണം നടത്താം. എന്നാൽ, വിധിയുടെ അടിസ്ഥാനം മാറ്റാതെ പുതിയ നിയമത്തിലൂടെ വിധിയെ നേരിട്ട് റദ്ദാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ബെഞ്ച് വിശദീകരിച്ചു.
‘കർണാടക സിവിൽ സർവീസസ് — 2011 ബാച്ച് ഗസറ്റഡ് പ്രൊബേഷണർമാരുടെ തിരഞ്ഞെടുപ്പും നിയമനവും സാധൂകരിക്കൽ നിയമം, 2022’ ആണ് കോടതി അസാധുവാക്കിയത്. വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവും കണ്ടെത്തിയതിനെത്തുടർന്ന് നേരത്തേ റദ്ദാക്കിയ നിയമനനടപടികൾ പുനരുജ്ജീവിപ്പിക്കാനായിരുന്നു ഈ നിയമത്തിലൂടെ സംസ്ഥാന സർക്കാർ ശ്രമിച്ചത്.
തിരഞ്ഞെടുപ്പ് റദ്ദാക്കിയത് കേവലം നടപടിക്രമത്തിലെ പിഴവുകളോ ചെറിയ ക്രമക്കേടുകളോ കാരണമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അഴിമതിയും സ്വജനപക്ഷപാതവും തിരഞ്ഞെടുപ്പ് പ്രക്രിയയെ ആകെ ബാധിച്ചതാണ് റദ്ദാക്കലിന് കാരണമായത്. അതിനാൽ, അസാധുവായ നിയമത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിയമനങ്ങൾ നീതിപരമായ പരിഗണനകളുടെ പേരിൽ സംരക്ഷിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
2011 നവംബറിൽ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി വിഭാഗങ്ങളിലെ 362 ഗസറ്റഡ് പ്രൊബേഷണർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. 1.38 ലക്ഷത്തിലധികം ഉദ്യോഗാർഥികൾ അപേക്ഷിച്ചിരുന്നു.
ക്രമക്കേടുകൾ സംബന്ധിച്ച പരാതികളെത്തുടർന്ന് 2013-ൽ അന്തിമ തിരഞ്ഞെടുപ്പുപട്ടിക പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സർക്കാർ തടഞ്ഞുവയ്ക്കുകയും സി.ഐ.ഡി. അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കർണാടക പബ്ലിക് സർവീസ് കമ്മീഷൻ ഉദ്യോഗസ്ഥർ ഉൾപ്പെട്ട അഴിമതി, സ്വജനപക്ഷപാതം, തിരഞ്ഞെടുപ്പിലെ കൃത്രിമം എന്നിവ സംബന്ധിച്ച ഗുരുതര വിവരങ്ങൾ അന്വേഷണത്തിൽ പുറത്തുവന്നു.
തുടർന്ന് സർക്കാർ നിയമനനടപടികൾ റദ്ദാക്കി. ഈ തീരുമാനം കർണാടക ഹൈക്കോടതി ശരിവയ്ക്കുകയും സുപ്രീം കോടതി അതിൽ ഇടപെടാൻ വിസമ്മതിക്കുകയും ചെയ്തു. എഴുത്തുപരീക്ഷയുടെ ഘട്ടം മുതൽ തിരഞ്ഞെടുപ്പ് നടപടികൾ പുനരാരംഭിക്കണമെന്ന ഉദ്യോഗാർഥികളുടെ പിന്നീടുള്ള ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.
നിലവിൽ ഒഴിവുള്ള ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളിലേക്ക് പ്രാബല്യത്തിലുള്ള ചട്ടങ്ങൾ അനുസരിച്ച് പുതിയ നിയമനനടപടികൾ ആരംഭിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി.
മുൻ തിരഞ്ഞെടുപ്പിൽ ക്രമക്കേടിൽ പങ്കുള്ളതായി കണ്ടെത്താത്ത നിയമിതർ, സുപ്രീം കോടതിയെ സമീപിച്ച ആറ് അപ്പീലുകാർ, കർണാടക അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പരിഗണനയിലുള്ള കേസുകളിലെ ഹർജിക്കാർ എന്നിവർക്ക് പുതിയ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ഒറ്റത്തവണ പ്രായപരിധിയിൽ ഇളവ് അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഇവർ മറ്റ് അർഹരായ ഉദ്യോഗാർഥികൾക്കൊപ്പം മത്സരിക്കണം. പുതുതായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമനം ലഭിക്കുന്ന തീയതി മുതൽ മാത്രമായിരിക്കും സീനിയോറിറ്റി. മുൻകാലപ്രാബല്യത്തോടെയുള്ള സാങ്കൽപ്പിക നിയമനത്തിനോ മുൻകാല ശമ്പളത്തിനോ അർഹതയുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.











