
അതിജീവിതയെ വിവാഹം കഴിച്ച പോക്സോ കേസ് പ്രതിയുടെ ശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞു. അതിജീവിതയെ വിവാഹം കഴിച്ച യുവാവിന്റെ ഇരുപത് വർഷത്തെ തടവുശിക്ഷയാണ് പരമോന്നത കോടതി അസാധാരണ ഉത്തരവിലൂടെ റദ്ദാക്കിയത്. പ്രതിയുടേത് കുറ്റകൃത്യം ആണെങ്കിലും അതിജീവിത അതിനെ ഇപ്പോൾ അങ്ങനെ കാണുന്നില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പശ്ചിമബംഗാൾ സ്വദേശിയായ ഇരുപത്തിനാലുകാരൻ തന്റെ കാമുകിയായ കൗമാരക്കാരിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന കേസിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. കേസിൽ വിചാരണ കോടതി യുവാവിനെ ഇരുപത് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. അതിജീവിതയ്ക്ക് പ്രായ പൂർത്തിയായപ്പോൾ ശിക്ഷിക്കപ്പെട്ട യുവാവ് ആ യുവതിയെ വിവാഹം കഴിച്ചു.
ഇതിനിടെ കൊൽക്കത്ത ഹൈക്കോടതി യുവാവിന്റെ ശിക്ഷ റദ്ദാക്കി. കൗമാരപ്രായക്കാരായ പെൺകുട്ടികൾ തങ്ങളുടെ ലൈംഗിക തൃഷ്ണ നിയന്ത്രിക്കണമെന്ന വിവാദ പരാമർശവും ഈ കേസ് പരിഗണിക്കുമ്പോഴാണ് കൊൽക്കത്ത ഹൈക്കോടതി നടത്തിയത്. തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് സുപ്രീം കോടതി കൊൽക്കത്ത ഹൈക്കോടതിയുടെ വിധി റദ്ദാക്കുകയും പ്രതി കുറ്റക്കാരനാണെണെന്ന വിധി പുനഃസ്ഥാപിക്കുകയും ചെയ്തു.
എന്നാൽ ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അതി ജീവിതയുടെ ഭാഗം കേൾക്കുന്നതിന് ഒരു വസ്തുതാ പരിശോധന സംഘത്തെ രൂപീകരിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബംഗാൾ സർക്കാർ രൂപീകരിച്ച മൂന്ന് അംഗ സമിതി അതിജീവിതയുടെ നിലപാട് കേട്ടിരുന്നു. സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ശിക്ഷ നടപ്പാക്കേണ്ട എന്ന് സുപ്രീം കോടതി വിധിച്ചത്. ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.











