07:41am 30 April 2026
NEWS
ആഗോള അയ്യപ്പസംഗമം തടയണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ ഭക്തൻ സുപ്രീംകോടതിയിൽ
14/09/2025  09:58 AM IST
nila
ആഗോള അയ്യപ്പസംഗമം തടയണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ ഭക്തൻ സുപ്രീംകോടതിയിൽ

ആഗോള അയ്യപ്പസംഗമം തടയണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ ഭക്തൻ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. അയ്യപ്പ ഭക്തനായ ഡോ പി എസ് മഹേന്ദ്ര കുമാറാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ ദേവസ്വം ബോർഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയാണ് ആ​ഗോള അയ്യപ്പ സം​ഗമം എന്നാണ് ഹർജിക്കാരന്റെ ആരോപണം. ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം നാളെ സുപ്രീം കോടതിയിൽ ഉന്നയിച്ചേക്കുമെന്നാണ് സൂചന.

അയ്യപ്പസംഗമം സംസ്ഥാന സർക്കാർ തയ്യാറാക്കിയ പരിപാടിയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിരീശ്വരവാദികളായ രാഷ്ട്രീയക്കാരെ സംഗമത്തിലേക്ക് ക്ഷണിച്ചതിൽ നിന്ന് ഇക്കാര്യം വ്യക്തമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്ന് മതേതര്വതം ആണ്. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സർക്കാരിന് അവകാശമില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദൈവത്തിന് അവകാശപ്പെട്ട ദേവസ്വം ഫണ്ട് രാഷ്ട്രീയ പരിപാടികൾക്കായി വിനിയോഗിക്കാൻ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കിൽ ഭാവിയിൽ സർക്കാരുകൾക്ക് മതസംഗമങ്ങളുടെ പേരിൽ രാഷ്ട്രീയ പരിപാടികൾ നടത്താൻ കഴിയുമെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ആഗോള മതസംഗമം നടത്താൻ ചട്ടപ്രകാരം കഴിയില്ല. ദേവസ്വം ബോർഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ നടത്തുന്ന പരിപാടിയിൽ ക്ഷേത്ര ഫണ്ട് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ഹർജിക്കാരുടെ മറ്റൊരു വാദം. ദേവസ്വം ഫണ്ട് ദൈവത്തിന് അവകാശപ്പെട്ടതാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ദേവസ്വംബോർഡ് ഫണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കോ, പ്രചാരണങ്ങൾക്കോ വിനിയോഗിക്കാൻ പാടില്ല.

പമ്പ നദിയുടെ തീരപ്രദേശം പരിസ്ഥിതി ലോല മേഖലയാണ്. അവിടെ അയ്യപ്പ സംഗമം നടത്തുന്നത് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള മുൻ നിർദേശങ്ങളുടെ ലംഘനം ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സീനിയർ അഭിഭാഷകൻ പി ബി കൃഷ്ണൻ, അഭിഭാഷകൻ എം എസ് വിഷ്ണു ശങ്കർ തുടങ്ങിയവരാണ് ഹർജിക്കാർക്ക് വേണ്ടിഹാജരാകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img