
ന്യൂഡൽഹി: ശിക്ഷാ കാലാവധി പൂർത്തിയാക്കിയ തടവുകാരെ മറ്റു കേസുകളിൽ പ്രതികളല്ലെങ്കിൽ ഉടൻ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും തടവുകാരെ ജയിലിൽ പാർപ്പിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒരാളെ, ശിക്ഷാ കാലാവധി പൂർത്തിയാക്കിയശേഷം ജയിൽമോചിതനാക്കാൻ സെന്റൻസ് റിവ്യൂ ബോർഡിന് അപേക്ഷ നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി തള്ളി. ഈ കേസിലെ പ്രതിയുടെ ജീവപര്യന്തം ശിക്ഷ 20 വർഷമായി നിജപ്പെടുത്തിയിരുന്നു. ഈ കാലയളവിൽ പ്രതിക്ക് യാതൊരുവിധ ഇളവുകൾക്കും അർഹതയുണ്ടായിരുന്നില്ല. അതിനാൽ, ശിക്ഷാ കാലാവധി പൂർത്തിയാക്കിയ സ്ഥിതിക്ക് പ്രതിക്ക് സ്വാഭാവികമായി മോചനത്തിന് അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഒരു തടവുകാരൻ ശിക്ഷാ കാലാവധി പൂർത്തിയാക്കിയാൽ, തുടർ നടപടിക്രമങ്ങളുടെ പേരിൽ ജയിലിൽ പാർപ്പിക്കരുതെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.











