
ന്യൂഡൽഹി: ഇൻഷുറൻസ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യക്കും സുപ്രീംകോടതിയുടെ നിർദേശം. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ ഇന്ധനം നൽകുന്നത് തടയുന്ന പൈലറ്റ് പദ്ധതി തയ്യാറാക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
വാഹനാപകടങ്ങളിൽപ്പെടുന്ന ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണായക നിർദേശങ്ങൾ.
ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്താൻ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. ഇതിനായി ഇൻഷുറൻസ് ഡാറ്റാബേസ് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകളുമായി ബന്ധിപ്പിച്ച് സ്വമേധയാ ഇ-ചെലാൻ നൽകുന്ന സംവിധാനം നടപ്പാക്കണമെന്നും നിർദേശിച്ചു.
ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് വാഹനങ്ങളുടെ ഇൻഷുറൻസ് വിവരങ്ങൾ തൽക്ഷണം പരിശോധിക്കാൻ കൈയിൽ കൊണ്ടുനടക്കാവുന്ന ഡിജിറ്റൽ ഉപകരണങ്ങൾ നൽകുക, പുതിയ വാഹനങ്ങളുടെ നിർബന്ധിത തേർഡ് പാർട്ടി ഇൻഷുറൻസിന്റെ കാലാവധി വർധിപ്പിക്കുക, പഴയ വാഹനാപകട നഷ്ടപരിഹാര കേസുകൾ വേഗത്തിൽ തീർപ്പാക്കുക തുടങ്ങിയ നിർദേശങ്ങളും കോടതി മുന്നോട്ടുവച്ചു.
രാജ്യത്തെ നിരത്തുകളിലുള്ള ഏകദേശം 56 ശതമാനം വാഹനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷയില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഈ സാഹചര്യം അപകടങ്ങളിൽപ്പെടുന്ന ഇരകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിൽ വലിയ കാലതാമസം ഉണ്ടാക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.










