06:38pm 10 November 2026
NEWS
സുപ്രീംകോടതി നിർദ്ദേശം: വി.സി നിയമനത്തിൽ സർക്കാരുമായി സഹകരിക്കാൻ ഗവർണർ
01/08/2025  09:18 AM IST
സുരേഷ് വണ്ടന്നൂർ
സുപ്രീംകോടതി നിർദ്ദേശം: വി.സി നിയമനത്തിൽ സർക്കാരുമായി സഹകരിക്കാൻ ഗവർണർ

തിരുവനന്തപുരം: സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകാനുള്ള സുപ്രീംകോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് ഗവർണർ ആർ. വി. ആർലേക്കർ സർക്കാരിന് കത്ത് നൽകും. യു.ജി.സി മാനദണ്ഡങ്ങൾ പ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം ചാൻസലർക്കാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടും. ഇതിനായി താൻ രൂപീകരിച്ച സെർച്ച് കമ്മിറ്റികൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്നും സ്റ്റേ നീക്കണമെന്നും കത്തിൽ ആവശ്യപ്പെടും. നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ, മന്ത്രി ആർ. ബിന്ദുവിനെയും പ്രിൻസിപ്പൽ സെക്രട്ടറിയെയും നേരിട്ട് വിളിച്ചുവരുത്തി കാര്യങ്ങൾ വിശദീകരിക്കാനും സാധ്യതയുണ്ട്.

സുപ്രീംകോടതി ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് താത്കാലിക വി.സിമാരായ ഡോ. സിസാതോമസ് (ഡിജിറ്റൽ), ഡോ. കെ. ശിവപ്രസാദ് (സാങ്കേതികം) എന്നിവരെ വീണ്ടും നിയമിച്ചുകൊണ്ട് വിജ്ഞാപനമിറക്കും. ഇരു സർവ്വകലാശാലകളിലും സ്ഥിരം വി.സിമാരെ നിയമിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങണമെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. ഇതിനായുള്ള സർക്കാർ സഹകരണമാണ് ഗവർണർ തേടുന്നത്.
സാങ്കേതിക സർവകലാശാല ആക്ട് പ്രകാരം, വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിക്ക് പകരം എ.ഐ.സി.ടി.ഇ പ്രതിനിധിയാണ്. കൂടാതെ, സർക്കാരുമായി ബന്ധമുള്ള ആരും പാടില്ലെന്നിരിക്കെ, ചീഫ് സെക്രട്ടറി കമ്മിറ്റി അംഗവുമാണ്. ഇത് യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായതിനാൽ, യു.ജി.സി ചട്ടങ്ങൾക്കനുസരിച്ച് സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്. ഇതിലേക്ക് സർവകലാശാലയുടെ പ്രതിനിധിയെ അനുവദിക്കണമെന്ന് ഗവർണർ സർക്കാരിനോട് ആവശ്യപ്പെടും. യു.ജി.സി മാനദണ്ഡങ്ങൾക്കനുസരിച്ച് സർവകലാശാലാ ആക്ട് ഭേദഗതി ചെയ്യണമെന്ന യു.ജി.സി ആവശ്യം ഇതുവരെ നടപ്പായിട്ടില്ലെന്നും രാജ്ഭവൻ ചൂണ്ടിക്കാട്ടുന്നു.

മുൻപ് ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന് ബദലായി സർക്കാർ രൂപീകരിച്ച കമ്മിറ്റി നിയമസഭ പാസാക്കിയ സർവകലാശാല നിയമഭേദഗതി ബില്ലിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ, അടുത്തിടെ ഈ ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചതിനാൽ സർക്കാർ നടപടികൾ അസാധ്യമായിരിക്കുകയാണ്. ഡിജിറ്റൽ സർവകലാശാലയിൽ നിലവിൽ സെർച്ച് കമ്മിറ്റിയില്ല.
സുപ്രീംകോടതി ഉത്തരവ് ലഭിച്ചശേഷം തുടർനടപടികളുണ്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വി.സി നിയമനത്തിൽ സമവായം തേടി മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറെ കണ്ടിരുന്നെങ്കിലും സമവായത്തിന് ഗവർണർ തയ്യാറായില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സ്ഥിരം വി.സി നിയമനത്തിന് ഗവർണർ മുന്നോട്ട് വന്നാൽ അതനുസരിച്ച് പ്രതികരിക്കാമെന്നാണ് സർക്കാർ നിലപാട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img