11:46pm 14 June 2026
NEWS
കോടതികൾക്ക് ‘മൂകസാക്ഷികളാകാൻ’ കഴിയില്ല: കേരളത്തിലെ ഏറ്റവും ഉയരമുള്ള ആന ‘രാമനെ’ സർക്കാർ ഏറ്റെടുക്കാൻ സുപ്രീം കോടതി ഉത്തരവ്
14/06/2026  09:30 AM IST
സുരേഷ് വണ്ടന്നൂർ
കോടതികൾക്ക് ‘മൂകസാക്ഷികളാകാൻ’ കഴിയില്ല: കേരളത്തിലെ ഏറ്റവും ഉയരമുള്ള ആന ‘രാമനെ’ സർക്കാർ ഏറ്റെടുക്കാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: കേരളത്തിലെ ഏറ്റവും ഉയരമുള്ള വളർത്തുആനയെന്ന് കരുതപ്പെടുന്ന ‘രാമനെ’ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് അനുയോജ്യമായ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു. കോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ച് ആനയെ ക്ഷേത്ര ചടങ്ങുകൾക്കായി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
​മൃഗങ്ങളുടെ ക്ഷേമത്തിന്റെ കാര്യത്തിൽ കോടതികൾക്ക് "മൂകസാക്ഷികളായി" ഇരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദിപങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ആനയെ വാണിജ്യ ആവശ്യങ്ങൾക്കോ ക്ഷേത്ര ചടങ്ങുകൾക്കോ ഉപയോഗിക്കില്ലെന്ന ഉറപ്പ് ലംഘിച്ചാണ് രാമനെ ഉത്സവങ്ങളിൽ പങ്കടുപ്പിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
​ഉടമസ്ഥാവകാശ തർക്കവും കോടതി നടപടിയും
​മാതാ അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ആനയെന്നും, സംരക്ഷണത്തിനായി കൃഷ്ണൻകുട്ടിക്ക് താൽക്കാലികമായി കൈമാറിയതാണെന്നും ജയകൃഷ്ണ മേനോൻ വാദിച്ചു. എന്നാൽ 2017-ലെ ദാനധാരത്തിന്റെ അടിസ്ഥാനത്തിൽ ആന തന്റേതാണെന്നായിരുന്നു കൃഷ്ണൻകുട്ടിയുടെ അവകാശവാദം.
​കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, രാമനെ ക്ഷേത്ര ചടങ്ങുകളിലോ വാണിജ്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കില്ലെന്ന് കൃഷ്ണൻകുട്ടിയുടെ അഭിഭാഷകൻ കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ 2026 ഫെബ്രുവരി 3-ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോൾ, ചാവക്കാടുള്ള ഒരു ക്ഷേത്ര ഉത്സവത്തിൽ രാമനെ പങ്കെടിപ്പിച്ചതായി കണ്ടെത്തി.
​പ്രതിഭാഗത്തിന്റെ വാദം:
നിശ്ചയിച്ചിരുന്ന മറ്റൊരു ആനയ്ക്ക് സുഖമില്ലാതായതിനെ തുടർന്നാണ് രാമനെ ചടങ്ങിൽ പങ്കെടിപ്പിച്ചതെന്നും, സാമ്പത്തിക ലാഭത്തിനല്ല, മതപരമായ വികാരങ്ങളെ മാനിച്ചാണ് ഇതെന്നും വ്യക്തമാക്കി കൃഷ്ണൻകുട്ടി കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ചു.
​കോടതിയുടെ കർശന നിലപാട്
​കൃഷ്ണൻകുട്ടിയുടെ വിശദീകരണം തള്ളിയ സുപ്രീം കോടതി, ചടങ്ങുകളിൽ പങ്കെടിപ്പിച്ചത് കോടതിക്ക് നൽകിയ ഉറപ്പിന്റെ ലംഘനമാണെന്ന് വ്യക്തമാക്കി.
​സംരക്ഷണ ചുമതല: വൈൽഡ് ലൈഫ് (പ്രൊട്ടക്ഷൻ) ആക്ട്, 1972 പ്രകാരം രാമനെ താൽക്കാലികമായി ഏറ്റെടുക്കാനും പരിപാലിക്കാനും കേരള സർക്കാരിന് നിർദേശം നൽകി.
​കോടതിലക്ഷ്യ നടപടി: കോടതി നൽകിയ ഉറപ്പ് ലംഘിച്ചതിന് കൃഷ്ണൻകുട്ടി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, 2,000 രൂപ പിഴ ചുമത്തി. നാലാഴ്ചയ്ക്കകം ഈ തുക ഒടുക്കണം.
​ഉദ്യോഗസ്ഥരെ ഒഴിവാക്കി: ആന മദപ്പാടിലായിരുന്നതിനാലാണ് കൃത്യസമയത്ത് വൈദ്യപരിശോധന നടത്താൻ കഴിയാതിരുന്നതെന്ന വനംവകുപ്പ് അധികൃതരുടെ വിശദീകരണം കോടതി അംഗീകരിച്ചു. അതിനാൽ ഉദ്യോഗസ്ഥരെ കോടതിലക്ഷ്യ നടപടികളിൽ നിന്ന് ഒഴിവാക്കി.


​‘ജയകൃഷ്ണ മേനോൻ v/s കൃഷ്ണൻകുട്ടി & മറ്റുള്ളവർ’ എന്ന കേസിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img