11:43pm 09 July 2026
NEWS
ബാർ കൗൺസിലിന്റെ അച്ചടക്ക നടപടികൾ ഓഡിറ്റ് ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്
09/07/2026  08:45 AM IST
നിയമകാര്യലേഖകൻ
ബാർ കൗൺസിലിന്റെ അച്ചടക്ക നടപടികൾ ഓഡിറ്റ് ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി:അഭിഭാഷകർക്ക് അക്കൗണ്ടബിലിറ്റി നിർബന്ധം
​അഭിഭാഷകരുടെ അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട സംവിധാനങ്ങളിൽ സമഗ്രമായ പെർഫോമൻസ് ഓഡിറ്റ്  നടത്താൻ സുപ്രീം കോടതി ബാർ കൗൺസിൽ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. നിയമരംഗത്തെ സ്വയംഭരണാധികാരം സുതാര്യതയോടും ഉത്തരവാദിത്തത്തോടും കൂടിയായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് പമിദിഘന്തം  നരസിംഹ, ജസ്റ്റിസ് അലോക് ആരാധ്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിർദേശം നൽകിയത്.
​കേസുകളുടെ കെട്ടിക്കിടപ്പ്, നടപടിക്രമങ്ങളിലെ താമസം, സുതാര്യതക്കുറവ് എന്നിവയിൽ ആശങ്ക പ്രകടിപ്പിച്ച കോടതി, സ്വതന്ത്രമായ ഒരു സമിതി രൂപീകരിച്ച് ഓഡിറ്റ് നടത്താനും അതിന്റെ റിപ്പോർട്ട് സത്യവാങ്മൂലമായി സമർപ്പിക്കാനും ബി.സി.ഐയോട് നിർദേശിച്ചു.
​അഭിഭാഷകനായ അജയ് വിജ് സമർപ്പിച്ച അപ്പീൽ അനുവദിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഈ നിർണായക ഉത്തരവ്. ബാങ്കുകൾക്ക് തെറ്റായ നിയമോപദേശം നൽകി എന്നാരോപിച്ച് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ഇദ്ദേഹത്തെ 'കോഷൻ ലിസ്റ്റിൽ'  ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ബാങ്കുകൾക്ക് അഭിഭാഷകരെ ഇത്തരത്തിൽ കരിമ്പട്ടികയിൽ പെടുത്താനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ഈ നടപടി റദ്ദാക്കുകയും ചെയ്തു. ഇതിനോടൊപ്പമാണ് അഭിഭാഷകരുടെ പ്രൊഫഷണൽ നിലവാരം ഉയർത്തുന്നതിനായുള്ള നിർദേശങ്ങൾ കോടതി മുന്നോട്ടുവെച്ചത്.
​തർക്കങ്ങൾ പരിഹരിക്കുന്നതിലെ കാലതാമസം, സംസ്ഥാന ബാർ കൗൺസിലുകൾക്ക് മുന്നിലെത്തുന്ന പരാതികളുടെ എണ്ണം, അവ തീർപ്പാക്കാൻ എടുക്കുന്ന സമയം, സുതാര്യത എന്നിവ ഓഡിറ്റിൽ പ്രധാന മാനദണ്ഡങ്ങളായിരിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമസംവിധാനത്തിൽ പൊതുജനങ്ങൾക്ക് വിശ്വാസ്യത നിലനിർത്താൻ ഇത്തരം പരിഷ്കരണങ്ങൾ അനിവാര്യമാണെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img