
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്. പൊതു ഇടങ്ങളിൽ അലഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവെപ്പ് എടുത്ത് ഷെൽറ്ററുകളിൽ പാർപ്പിക്കണം എന്ന സുപ്രീംകോടതി ഉത്തരവ് ഇന്ത്യയിൽ ഏറ്റവും ആദ്യം നടപ്പിലാക്കേണ്ടുന്ന സംസ്ഥാനം കേരളമാണ്. ഒരു ചതുരശ്ര കിലോമീറ്ററിൽ 859 പേർ എന്ന നിലയിൽ ജനസാന്ദ്രതയിൽ ഇന്ത്യയിൽ മൂന്നാമതുള്ള സംസ്ഥാനമാണ് കേരളം. ഷെൽട്ടറുണ്ടാക്കാൻ സ്ഥലമില്ല, പണമില്ല എന്നെല്ലാമുള്ള തടസ്സവാദങ്ങൾ പറയാതെ സുപ്രീംകോടതി ഉത്തരവ് കേരളത്തിൽ ഉടൻ നടപ്പിലാക്കണം എന്ന് കേരളീയ പൊതുസമൂഹം ആഗ്രഹിക്കുന്നു.
2024 ൽ 37,15,71 പേർക്ക് തെരുവുനായ ആക്രമണം നേരിടേണ്ടി വന്നെങ്കിൽ 2025 ലെ കണക്കുവരുമ്പോൾ രാജ്യത്ത് അത് അമ്പതുലക്ഷം വരെയായേക്കും എന്നാണ് സൂചനകൾ. പേവിഷബാധയേറ്റുള്ള മരണങ്ങളും വർദ്ധിച്ചിട്ടുണ്ട്.
തെരുവുനായ ശല്യം കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ സൃഷ്ടിച്ച ദുരിതങ്ങൾ വളരേയേറെയാണ്. 10 വർഷത്തിനിടയിൽ തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിൽ കേരളത്തിൽ മൂന്നിരട്ടി വർദ്ധനവുണ്ടായി. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം 2014 ൽ 1.19 ലക്ഷം പേർക്കാണ് കടിയേറ്റതെങ്കിൽ 2024 ൽ കടിയേറ്റത് 3.16 ലക്ഷം പേർക്കാണ്. ഈ വർഷം ഓഗസ്റ്റ് 31 വരെ 2.52 ലക്ഷം പേർക്ക് കടിയേറ്റു. ഈ വർഷം മേയ് വരെയുള്ള അഞ്ചുമാസങ്ങളിൽ പേവിഷബാധയേറ്റു മരിച്ചത് പതിനേഴ് പേരാണ്. തെരുവുനായയുടെ ഭീഷണി കേരളത്തിലെത്രത്തോളം ഗുരുതരമായിരുന്നു എന്ന് ഈ കണക്കുകൾ തെളിയിക്കുന്നുണ്ട്.
പൊതുനിരത്തുകളിലൂടെ കാൽനടയായി യാത്ര ചെയ്യേണ്ടി വരുന്നവരും, ഇരുചക്രവാഹനങ്ങളിൽ പോകുന്നവരും, എന്തിന് വിട്ടുമുറ്റത്തു കളിക്കുന്ന കുട്ടികൾക്കു നേരേവരെ ആക്രമണം ഉണ്ടാകുമ്പോഴും ഉത്തരവാദപ്പെട്ടവർ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, 1960//PCA Act) ചൂണ്ടിക്കാട്ടി നിസഹായത പ്രകടിപ്പിക്കുകയായിരുന്നു പതിവ്. ഏതെങ്കിലും മൃഗത്തെ കൊല്ലുന്നതിനോ, അംഗഭംഗം വരുത്തുന്നതിനോ അഞ്ചുവർഷം വരെ തടവോ പിഴവോ അല്ലെങ്കിൽ രണ്ടും കൂടിയുള്ള ശിക്ഷയോ ലഭിക്കുമെന്നാണ് ഈ നിയമത്തിൽ പറഞ്ഞിരുന്നത്.
തെരുവുനായ്ക്കളെയോ, ഏതെങ്കിലും മൃഗത്തെയോ ആക്രമിക്കുന്നത് കാണുന്ന ആർക്കും പോലീസിൽ അറിയിക്കാം. നിയമപ്രകാരം മൃഗങ്ങളോടുള്ള ക്രൂരത ഒരു കൊഗ്‌നിസബിൾ കുറ്റമാണ്. തെളുവുസഹിതം കൊടുത്താൽ ശിക്ഷ ഉറപ്പാണ്. തെരുവുനായ ശല്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രാദേശിക ഭരണസംവിധാനങ്ങളോ ജനകീയ കൂട്ടായ്മകളോ പരിഹാരമാർഗ്ഗങ്ങളുമായി ഇറങ്ങിയാൽ മൃഗസ്‌നേഹികൾ എന്ന പേരിൽ ചിലർ എതിർപ്പുമായി രംഗത്തുവരുമായിരുന്നു. കപട മൃഗസ്‌നേഹികൾക്ക് വാക്‌സിൻ ലോബിയുമായുള്ള അവിശുദ്ധബന്ധം ഒരിക്കലും അന്വേഷിക്കപ്പെട്ടില്ല.
ഡൽഹിയിലെ ഗുരുതരമായ സ്ഥിതി നേരിട്ട് ബോധ്യപ്പെട്ട ന്യായാധിപൻ 2025 ജൂലായിൽ സ്വമേധയാ എടുത്ത കേസിലാണ് നവംബർ 7 ന് സുപ്രീംകോടതിയിലെ മൂന്നംഗ ബഞ്ചിന്റെ സുപ്രധാന വിധിയുണ്ടായിരിക്കുന്നത്. പൊതുഇടങ്ങളിൽ നിന്നെല്ലാം തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് പ്രതിരോധകുത്തിവെപ്പ് എടുത്ത് ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നും, ദേശീയ- സംസ്ഥാന പാതകളിൽ നിന്ന് കന്നുകാലികൾ ഉൾപ്പെടെ അലഞ്ഞുതിരിയുന്ന എല്ലാ മൃഗങ്ങളെയും നീക്കണമെന്നുമായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്.
എന്നാൽ സുപ്രീംകോടതി ഉത്തരവ് കേരളത്തിൽ നടപ്പാക്കുന്നത് പ്രായോഗികമല്ല എന്ന തദ്ദേശ വകുപ്പുമന്ത്രിയുടെ നിലപാട് ആശങ്കാജനകമാണ്. നായ്ക്കളെ പാർപ്പിക്കാനുള്ള ഷെൽട്ടറുകളുണ്ടാക്കാൻ സ്ഥലം കണ്ടെത്തൽ പ്രായോഗികമല്ല എന്നതാണ് ഇതിന് കാരണമായി പറയുന്നത്. എന്നാൽ സർക്കാരിനും, തദ്ദേശ സ്ഥാപനങ്ങൾക്കും ഇച്ഛാശക്തിയുണ്ടെങ്കിൽ, ഇത് അവരുടെ സൈ്വര്യജീവിതത്തിനുമാണ് പ്രാധാന്യം നൽകുന്നത് എന്നുകണ്ട് സുപ്രീംകോടതി ഉത്തരവ് കേരളം എത്രയും പെട്ടെന്ന് അക്ഷരംപ്രതി പാലിച്ച് രാജ്യത്തിന് മാതൃകയാകണം.










