01:34am 18 January 2026
NEWS
മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു
12/12/2025  03:12 PM IST
nila
മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ കേരള ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. വിഷയത്തിൽ തൽസ്ഥിതി തുടരാൻ നിർദ്ദേശിച്ച സുപ്രീംകോടതി, സംസ്ഥാന സർക്കാർ രൂപീകരിച്ച ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനം തുടരാമെന്നും വ്യക്തമാക്കി. ജഡ്ജിമാരായ മനോജ് മിശ്ര, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. മുനമ്പം വിഷയത്തിൽ ശുപാർശകൾ സമർപ്പിക്കാനായാണ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ സംസ്ഥാന സർക്കാർ കമ്മീഷനായി നിയോ​ഗിച്ചത്.

അധികാരപരിധി മറികടന്നാണ് ഹൈക്കോടതി വിഷയം പരിഗണിച്ചതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.  മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരായിരുന്നു അപ്പീൽ നൽകേണ്ടിയിരുന്നതെന്ന് ബെഞ്ച് വാക്കാൽ നിരീക്ഷിച്ച സുപ്രീംകോടതി, എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ അപ്പീൽ നൽകാതിരുന്നതെന്നും ചോദിച്ചു.  

ഹൈക്കോടതി ഉത്തരവിനെതിരെ കേരള വഖഫ് സംരക്ഷണ വേദി നൽകിയ ഹർ‌ജിയാണ് ബെഞ്ച് പരിഗണിച്ചത്. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നു പ്രഖ്യാപിക്കാൻ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഹർജി പൊതുതാൽപര്യഹർജിയാണിതെന്നും ഹർജി നൽകിയവരെ നേരിട്ടുള്ള കക്ഷികളെല്ലെന്നും സർ‍ക്കാർ വാദിച്ചു. ഹ്രസ്വമായി വാദം കേട്ട കോടതി മറുപടിക്കായി എതിർകക്ഷികൾക്കു നോട്ടിസയച്ചു. 6 ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനും നിർദേശിച്ചു. ഹർജി ജനുവരി 27നു പരിഗണിക്കും.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img