
ന്യൂഡൽഹി: പരീക്ഷാനടത്തിപ്പിൽ വൻ വീഴ്ചകൾ വരുത്തി നാണംകെട്ട നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ അടിമുടി ഉടച്ചുവാർക്കണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് സുപ്രീംകോടതി. ഉന്നതാധികാര സമിതി സമർപ്പിച്ച ശുപാർശകളിലെ പുരോഗതി പരിശോധിക്കാൻ എൻ.ടി.എ ആസ്ഥാനത്തേക്ക് ജസ്റ്റിസുമാർ നേരിട്ടെത്തുമെന്ന് കോടതി കർശന മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ പി.എസ്.നരസിംഹം, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
ഘടനാപരമായ മാറ്റങ്ങൾ അനിവാര്യമാണ്. ഡെപ്യൂട്ടേഷൻ നിയമനങ്ങൾ മാത്രം പ്രോത്സാഹിപ്പിക്കാനാകില്ലെന്നും സ്ഥിരം സംവിധാനവും സ്ഥിരം ജീവനക്കാരും വേണമെന്നും കോടതി വ്യക്തമാക്കി.
സമിതി ശുപാർശകൾ നടപ്പാക്കണം: മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ.രാധാകൃഷ്‌ണൻ അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ എത്രത്തോളം നടപ്പാക്കിയെന്ന് കേന്ദ്രം വ്യക്തമാക്കണം.
നന്ദൻ നിലേകനി സമിതി: ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി അദ്ധ്യക്ഷനായ സമിതിയുടെ ഇതുവരെയുള്ള പ്രവർത്തനത്തെക്കുറിച്ച് കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് ജോയിന്റ് സെക്രട്ടറി മൂന്നാഴ്ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കണം. നന്ദൻ നിലേകനി സമിതിയുടെ ആദ്യ ഇടക്കാല റിപ്പോർട്ട് ഈമാസം അവസാനം പ്രതീക്ഷിക്കുന്നതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ അയയ്ക്കുന്നതിനായി എൻ.ടി.എ പ്രത്യേക ഇ-മെയിൽ വിലാസം ഉണ്ടാക്കണം. നടപടികളിലെ പുരോഗതി കോടതി തുടർച്ചയായി വിലയിരുത്തും. കേസ് നാലാഴ്ചയ്‌ക്കു ശേഷം വീണ്ടും പരിഗണിക്കും.
പുതിയ സൗകര്യങ്ങളും മുൻ പശ്ചാത്തലവും:
ഡൽഹി മിന്റോ റോഡിൽ 55,521 ചതുരശ്രയടി വിസ്തീർണ്ണത്തിൽ പുതിയ സ്ഥിരം ആസ്ഥാനം തയ്യാറായതായി കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. 40ഓളം സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയും എക്‌സ് റേ സ്‌ക്രീനിംഗ്, മെറ്റൽ ഡിറ്റക്‌ടറുകൾ തുടങ്ങിയ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സെക്രട്ടറി തല ഉദ്യോഗസ്ഥനെ ഡയറക്‌ടർ ജനറലായി നിയമിക്കുകയും ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ ഭരണസംവിധാനത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വലിയ പ്രക്ഷോഭങ്ങളും പുനഃപരീക്ഷ നടത്തേണ്ട സാഹചര്യവും ഉണ്ടായത് രാജ്യവ്യാപകമായി വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. തുടർന്നാണ് എൻ.ടി.എയുടെ പ്രവർത്തനങ്ങൾക്കെതിരെ പൊതുതാത്പര്യ ഹർജികൾ കോടതിയുടെ പരിഗണനയിലെത്തിയത്.










