09:51pm 10 November 2026
NEWS
സുപ്രീം കോടതിയുടെ ഇടപെടൽ: കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വി.സിമാരെ നിയമിക്കാൻ സെർച്ച് കമ്മിറ്റികൾ രൂപീകരിക്കും
14/08/2025  09:28 AM IST
സുരേഷ് വണ്ടന്നൂർ
സുപ്രീം കോടതിയുടെ ഇടപെടൽ: കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വി.സിമാരെ നിയമിക്കാൻ സെർച്ച് കമ്മിറ്റികൾ രൂപീകരിക്കും

​ന്യൂഡൽഹി: കേരളത്തിലെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള തർക്കങ്ങളിൽ ഇടപെട്ട് സുപ്രീം കോടതി. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വി.സിമാരെ നിയമിക്കുന്നതിനായി സുപ്രീം കോടതി സെർച്ച് കമ്മിറ്റികൾ രൂപീകരിക്കും. വിദ്യാർത്ഥികളുടെ ഭാവിയെക്കരുതി രാഷ്ട്രീയ പോരുകൾ അവസാനിപ്പിക്കണമെന്ന് കോടതി കൈകൂപ്പി അഭ്യർത്ഥിച്ചു.

​ഓരോ സർവകലാശാലയ്ക്കും അഞ്ചംഗ സെർച്ച് കമ്മിറ്റിയാവും ഉണ്ടാവുക. ഇതിലേക്ക് ചാൻസലറായ ഗവർണറും സംസ്ഥാന സർക്കാരും നാല് പേരുടെ വീതം പട്ടിക ഇന്ന് തന്നെ നൽകണമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ഈ പട്ടികയിൽ നിന്ന് രണ്ട് പേരെ വീതം കോടതി തിരഞ്ഞെടുക്കും. ഇതിനു പുറമെ യു.ജി.സി. ഒരു പ്രതിനിധിയെയും നിർദ്ദേശിക്കും.
​താത്കാലിക വി.സിമാരായ ഡോ. കെ.ശിവപ്രസാദിനും ഡോ. സിസാ തോമസിനും തത്കാലം സ്ഥാനത്ത് തുടരാം. താത്കാലിക നിയമനം നിയമം മറികടന്നാണെന്ന് കോടതി നിരീക്ഷിച്ചെങ്കിലും, ഇപ്പോൾ അതിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി.

​അതേസമയം, സെർച്ച് കമ്മിറ്റിയെ സുപ്രീം കോടതി നിയമിക്കുമെങ്കിലും വി.സിമാരെ നിയമിക്കാനുള്ള അധികാരം ഗവർണർക്ക് തന്നെയാണ്. കമ്മിറ്റി നൽകുന്ന പാനലിൽ നിന്ന് ഗവർണർക്ക് ഒരാളെ തിരഞ്ഞെടുക്കാം. കമ്മിറ്റി അംഗങ്ങൾക്ക് അഭിപ്രായ ഐക്യമില്ലെങ്കിൽ ഓരോരുത്തർക്കും പ്രത്യേകം പാനലുകൾ നൽകാം. ഈ സാഹചര്യത്തിൽ ഗവർണർക്ക് സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് ഒരാളെ തിരഞ്ഞെടുക്കാനാവും.
​സ്ഥിരം വി.സിമാരെ നിയമിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകാൻ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും എടുക്കും. അതുവരെ താത്കാലിക വി.സിമാർക്ക് തുടരാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img