12:42am 07 November 2026
NEWS
ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്; മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
06/11/2026  02:45 PM IST
nila
ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്; മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

 

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ സാമൂഹിക മാധ്യമത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ കെപിസിസിക്കെതിരെ കടുത്ത നിലപാടുമായി സുപ്രീം കോടതി. കെപിസിസിയിലെ മുഴുവൻ ഭാരവാഹികൾക്കും കോടതി സ്വമേധയാ കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. നീതിന്യായ വ്യവസ്ഥയുടെയും കോടതിയുടെ അന്തസ്സിന്റെയും അധികാരത്തിന്റെയും മേൽ കടന്നുകയറുന്ന നടപടികൾ അനുവദിക്കില്ലെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.

കേസിൽ കെപിസിസിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ നിരുപാധികം മാപ്പ് അപേക്ഷിച്ചെങ്കിലും അത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല. ആദ്യം പരസ്യമായി അപമാനിക്കുകയും പിന്നീട് കോടതിയിലെത്തി മാപ്പ് പറയുകയും ചെയ്യുന്നതിൽ എന്ത് അർഥമാണുള്ളതെന്ന് കോടതി രൂക്ഷമായി ചോദിച്ചു. ചീഫ് ജസ്റ്റിസിനെയും നീതിന്യായ സംവിധാനത്തെയും അപകീർത്തിപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടന്നതായും കോടതി നിരീക്ഷിച്ചു.

കോടതിയലക്ഷ്യ നടപടികളുമായി ബന്ധപ്പെട്ട വിശദമായ പരിശോധനകൾക്കായി അമിക്കസ് ക്യൂറിയെയും സുപ്രീം കോടതി നിയോഗിച്ചിട്ടുണ്ട്. നോട്ടീസിന് കെപിസിസി ഭാരവാഹികൾ വിശദീകരണം നൽകേണ്ടിവരും.

ഒക്ടോബർ 12നാണ് കെപിസിസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ചീഫ് ജസ്റ്റിസിനെ ലക്ഷ്യമിട്ടുള്ള വിവാദ പോസ്റ്റ് പുറത്തുവന്നത്. 'പ്രിയ സൂര്യകാന്ത്, നിയമവും വ്യവസ്ഥയും നിങ്ങളുടെ പരിധിയിലല്ലെങ്കിൽ ഇപ്പോൾ തന്നെ രാജിവയ്ക്കൂ. അത് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാളെ ഞങ്ങൾ കണ്ടെത്തിക്കൊള്ളാം' എന്നായിരുന്നു പോസ്റ്റിലെ പരാമർശം.

പോസ്റ്റ് പുറത്തുവന്ന് മിനിറ്റുകൾക്കുള്ളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവാദം ശക്തമായി. പിന്നാലെ കെപിസിസിയുടെ ഔദ്യോഗിക അക്കൗണ്ടിൽനിന്ന് പോസ്റ്റ് നീക്കം ചെയ്തിരുന്നു. എന്നാൽ സംഭവം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കെപിസിസി ഭാരവാഹികൾക്കെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടികളിലേക്ക് കടന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img