
വിവാഹവാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് ആവർത്തിച്ച് സുപ്രീംകോടതി. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമബംഗാൾ സ്വദേശിയായ യുവാവിനെതിരായ പോക്സോ കേസ് റദ്ദാക്കിയുള്ള വിധിയിലാണ് സുപ്രീംകോടതി ഇക്കാര്യം വീണ്ടും പരാമർശിച്ചിരിക്കുന്നത്.
പതിനഞ്ചുവയസ്സുണ്ടായിരുന്ന കാലത്താണ് പെൺകുട്ടിക്ക് യുവാവുമായി സമ്മതത്തോടെ ശാരീരികബന്ധമുണ്ടായിരുന്നത്. പ്രായപൂർത്തിയായശേഷമാണ് വിവാഹവാഗ്ദാനത്തിൽനിന്ന് യുവാവ് പിന്മാറിയത്. തുടർന്ന് പെൺകുട്ടി ബലാത്സംഗക്കേസ് നൽകുകയായിരുന്നു. സംഭവം നടന്ന് മൂന്നുവർഷത്തിനുശേഷം, പ്രായപൂർത്തിയായപ്പോഴാണ് പെൺകുട്ടി പരാതി നൽകിയതെന്നും ബലാത്സംഗം നടന്നതായി ഫൊറൻസിക് തെളിവുകളില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
തന്റെ സമ്മതത്തോടെയാണ് ശാരീരികബന്ധം നടന്നതെന്ന് പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹവാഗ്ദാനമുണ്ടായിരുന്നതിനാലാണ് ലൈംഗിക ബന്ധത്തിന് വഴങ്ങിയതെന്നാണ് യുവതിയുടെ നിലപാട്. എന്നാൽ, കേസിൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. എഫ്‌ഐആർ റദ്ദാക്കാൻ വിസമ്മതിച്ച ഹൈക്കോടതിയുടെ നടപടി ചോദ്യംചെയ്ത് യുവാവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.











