06:30pm 15 August 2026
NEWS
ഇത് വിദ്യാർഥികളും ചീഫ് ജസ്റ്റിസും തമ്മിലുള്ള വിഷയം; ബാർ കൗൺസിലിന്റെ ഇടപെടലിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
14/08/2026  12:59 PM IST
nila
 ഇത് വിദ്യാർഥികളും ചീഫ് ജസ്റ്റിസും തമ്മിലുള്ള വിഷയം; ബാർ കൗൺസിലിന്റെ ഇടപെടലിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ന്യൂഡൽഹി: ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ 2026 ബാച്ച് നിയമബിരുദധാരികളെ അഭിഭാഷകരായി എൻറോൾ ചെയ്യുന്നത് തടഞ്ഞ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാൻ ബാർ കൗൺസിലുകൾക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി, വിവാദ സർക്കുലറിൽ ബി.സി.ഐയോട് വിശദീകരണം തേടി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുന്നതിനെതിരെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധമാണ് ബി.സി.ഐയുടെ നടപടിക്ക് പിന്നിലെന്നാണ് റിപ്പോർട്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട് എൻറോൾമെന്റ് തടയണമെന്ന് സംസ്ഥാന ബാർ കൗൺസിലുകൾക്ക് ബി.സി.ഐ നിർദേശം നൽകിയിരുന്നു. എന്നാൽ സർക്കുലർ പുറത്തിറക്കി മണിക്കൂറുകൾക്കകം തന്നെ ബി.സി.ഐ തീരുമാനം പിൻവലിച്ചു.

സീനിയർ അഭിഭാഷകൻ കെ. പരമേശ്വർ വിവാദ സർക്കുലർ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് വിഷയം കോടതിയിലെത്തിയത്. പ്രതിഷേധിക്കാനുള്ള അവകാശം വിദ്യാർഥികൾക്കുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

“വിദ്യാർഥികൾ എനിക്ക് കത്തെഴുതിയിട്ടുണ്ട്. അത് വിദ്യാർഥികളും ചീഫ് ജസ്റ്റിസും തമ്മിലുള്ള സംവാദമാണ്. ബാർ കൗൺസിലിന്റെ നടപടി തീർത്തും അനാവശ്യമായിരുന്നു. ഇക്കാര്യത്തിൽ ഇടപെടാൻ ബാർ കൗൺസിലിന് എന്ത് അധികാരമാണുള്ളത്?” എന്നാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്.

തന്റെ വിദ്യാർഥി കാലത്തും സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്ന് സൂര്യകാന്ത് പറഞ്ഞു. വിദ്യാർഥികൾക്ക് സമാധാനപരമായി അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം നൽകണം. അവരുടെ നിലപാട് തെറ്റാണെങ്കിൽപ്പോലും പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.സി.ഐക്ക് വേണ്ടി ഹാജരായ അഭിഭാഷക രാധിക ഗൗതം സർക്കുലർ പിൻവലിച്ചതായി കോടതിയെ അറിയിച്ചു. അതേസമയം, ഇത്തരമൊരു പ്രമേയം പാസാക്കാൻ ബി.സി.ഐ യോഗം ചേർന്നിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വേണമെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി ആവശ്യപ്പെട്ടു.

വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്നുള്ള ബി.സി.ഐയുടെ നടപടി നിയമവൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കെയാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img