
കർണാടകം: ബിക് ലു ശിവ കൊലക്കേസിൽ പ്രതിയായ മുൻമന്ത്രിയും ബിജെപി എംഎൽഎയുമായ ബൈരതി ബസവരാജിനെ ബംഗളുരു വിമാനത്താവളത്തിൽ വെച്ച് പോലീസ് അറസ്റ്റുചെയ്തു. അഹമ്മദാബാദിൽ നിന്ന് മടങ്ങും വഴിയാണ് രാത്രി ഏഴരയ്ക്ക് സി ഐ ഡി സംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി പാലസ് റോഡിലുള്ള സി ഐ ഡി ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഒളിവിൽ പോയ എംഎൽഎ മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. നാൽപതുകാരനായ ബിക് ലു ശിവ കഴിഞ്ഞ വർഷം ജൂലൈ 15 ന് രാവിലെ സ്വന്തം വീടിന് സമീപം വെച്ചാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസ്സിൽ അഞ്ചാംപ്രതിയാണ് ബസവരാജ്. എംഎൽഎയുടെ അടുത്ത അനുയായിയായ ജഗദീഷ് പത്മനാഭയുമായുള്ള ഗുണ്ടാപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. "ചോദ്യം ചെയ്യലിന് ഹാജരായി നിയമനടപടികൾ നേരിടാനുള്ള ധൈര്യം ഒരു ജനപ്രതിനിധി എന്ന നിലയിൽ ബസവരാജ് കാണിക്കണമെന്ന് മുൻകൂർ ജാമ്യഹരജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി. മുതിർന്ന അഭിഭാഷകൻ മുകുൽ റോഹത്ഗിയാണ് എം എൽ എയ്‌ക്ക് വേണ്ടി വാദിച്ചത്. മറ്റൊരു മുതിർന്ന അഭിഭാഷകനായ സിദ്ധാർഥ് ലൂത്രയും അഡീഷണൽ അഡ്വക്കേറ്റ് ജനറൽ നിഷാന്ത് പാട്ടീലുമാണ് കർണാടക ഗവണ്മെന്റിന് വേണ്ടി ഹാജരായത്. എംഎൽഎയെ ഇന്ന് പ്രത്യേക കോടതി ജഡ്ജ് മുമ്പാകെ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനാണ് സിഐഡി നീങ്ങുന്നത്. കരുത്തനായ ബസവരാജിന്റെ അറസ്റ്റ് സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിൽ വലിയ അലോസരമാണ് ഉണ്ടാക്കിയിട്ടുള്ളത്.
Photo Courtesy - Google











