
തൊഴിൽ സുരക്ഷയും തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഗാസിയാബാദ് നഗർ നിഗമുമായി ബന്ധപ്പെട്ട കേസിൽ, വർഷങ്ങളായി താൽക്കാലിക നിയമനത്തിൽ തുടരേണ്ടി വന്ന തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കോടതി ശക്തമായി ഉന്നയിച്ചു. താൽക്കാലിക നിയമനങ്ങളുടെ ദുരുപയോഗം തടയുകയും, സ്ഥിരമല്ലാത്ത തൊഴിൽ പരിവർത്തനം ചൂഷണരീതിയാണെന്നുമുള്ള ദൃഢമായ സന്ദേശം നൽകി കൂടിയാണീ വിധി.
കേസിന്റെ പശ്ചാത്തലം
ഗാസിയാബാദ് നഗർ നിഗമിൽ വർഷങ്ങളായി തൊഴിൽ ചെയ്തിരുന്ന ചില തോട്ടക്കാരുടെ (മാലിമാർ) പിരിച്ചുവിടൽ നിയമവിരുദ്ധമാണെന്ന് അവർ കോടതിയെ ധരിപ്പിച്ചു.. കൃത്യമായ നിയമന ഉത്തരവുകളോ ആനുകൂല്യങ്ങളോ നൽകാതെ തന്നെ, അവരുടെ സേവനം പാഴാക്കിയെന്ന് തൊഴിലാളികൾ കോടതിയെ അറിയിച്ചു. ലേബർ കോടതി ഇവർക്കു ഭാഗികമായ ഉത്തരവ് നൽകിയെങ്കിലും, ഹൈക്കോടതി ഈ വിധി പരിഷ്കരിച്ചു. ദിവസവേതന തട്ടിപ്പിന് ഇരയായ തൊഴിലാളികൾക്ക് വീണ്ടും നിയമനം ലഭിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ഇതിനെതിരെ ഇരു വിഭാഗവും സുപ്രീം കോടതിയെ സമീപിച്ചു.
സുപ്രീം കോടതിയുടെ നിർണ്ണായക കണ്ടെത്തലുകൾ
1. തൊഴിലാളികളുടെ തൊഴിൽ ബന്ധം:
തോട്ടക്കാർ നഗർ നിഗമിൽ നേരിട്ടുള്ള തൊഴിലാളികളാണെന്ന് കോടതി നിരീക്ഷിച്ചു.. കരാറുകാരൻ വഴിയാണ് നിയമനം എന്ന തൊഴിലുടമയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് കോടതികണ്ടെത്തി. ശമ്പളം നേരിട്ട് നഗരനിഗമം നൽകി വന്നിരുന്നതും മറ്റ് രേഖകൾ ഹാജരാക്കാതിരുന്നതും തൊഴിലുടമയുടെ വാദം തള്ളിക്കളയാൻ ഇടയാക്കി.
2. നിയമവിരുദ്ധമായ പിരിച്ചുവിടൽ:
തൊഴിലാളികളെ സേവനത്തിൽ നിന്ന് പിരിച്ചുവിടുന്നത് യുപി ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട്, 1947 ലെ സെക്ഷൻ 6E ലംഘിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. തൊഴിൽ തർക്കം നിലനിൽക്കെ, ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി കർശനമായി ചൂണ്ടിക്കാട്ടി.
. ഉമാദേവി കേസിന്റെ പ്രാധാന്യം:
സെക്രട്ടറി, സ്റ്റേറ്റ് ഓഫ് കർണാടക വേഴ്സസ് ഉമാദേവി എന്ന പ്രശസ്തമായ കേസിന്റെ അടിസ്ഥാനത്തിൽ, സുപ്രീം കോടതി സ്ഥിരമായി ജോലി ചെയ്യുന്നവരെ താൽക്കാലിക തൊഴിലാളികളായി കാണുന്നത് ശരിയല്ലെന്ന് നിരീക്ഷിച്ചു. വർഷങ്ങളായി അത്യാവശ്യമായ ജോലികൾ ചെയ്യുന്നവരെ സ്ഥിരപ്പെടുത്തേണ്ടതുണ്ടെന്നും, നിയമവിരുദ്ധ നിയമനം എന്നതിനെ മറയായാണ് പല തൊഴിലുടമകളും ഉപയോഗിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
തുല്യ വേതനം:
സ്ഥിരം നിയമനം നേടിയ തോട്ടക്കാർ ചെയ്യുന്ന അതേ ജോലി തന്നെയാണ് താൽക്കാലിക തൊഴിലാളികളും ചെയ്തിരുന്നത്. "തുല്യ ജോലിക്ക് തുല്യ വേതനം" എന്ന തൊഴിൽ ന്യായ തത്വം ലംഘിക്കപ്പെട്ടതായി കോടതി നിരീക്ഷിച്ചു. ഈ രീതിയിൽ തൊഴിൽ ചൂഷണം അനുവദിക്കാനാകില്ലെന്നും വിധിയിൽ പരാമർശിച്ചു.
താൽക്കാലിക നിയമനങ്ങളുടെ ദുരുപയോഗം:
താൽക്കാലിക നിയമനങ്ങൾ സ്ഥിരമായ തൊഴിലായി മാറുകയും തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയും ചെയ്യുന്നത് അനീതിയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. തൊഴിൽ സുരക്ഷയും സമാനമായ അവകാശങ്ങളും നൽകാതെ തൊഴിലാളികളെ ദീർഘകാലം ജോലി ചെയ്യിപ്പിക്കുന്ന പ്രവണത അവസാനിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദേശം.
സുപ്രീം കോടതിയുടെ ഉത്തരവുകൾ
- തൊഴിലാളികളെ സർവീസിൽ തിരിച്ചെടുക്കണം.
- പിരിച്ചുവിട്ട ദിവസത്തിൽ നിന്ന് വീണ്ടും നിയമിച്ച ദിവസം വരെയുള്ള കാലയളവിലെ 50% വേതനം നൽകണം.
- . തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ ആറു മാസത്തിനുള്ളിൽ ആരംഭിക്കണം.
വീണ്ടും ഒരു തൊഴിലാളി വിജയം
സുപ്രീം കോടതിയുടെ ഈ വിധി, തൊഴിൽ സുരക്ഷ ഉറപ്പാക്കാനും, താൽക്കാലിക തൊഴിൽ സമ്പ്രദായം ചൂഷണത്തിനായി ഉപയോഗിക്കുന്നത് തടയാനും വലിയ മാറ്റങ്ങൾ കൊണ്ടുവരും. ദീർഘകാലമായി തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഈ വിധി ഒരു പ്രതീക്ഷ നൽകുന്നു. സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ തൊഴിലുടമകളും ഈ മാതൃക പിന്തുടരണമെന്ന് ഈ വിധി വ്യക്തമാക്കുന്നു.
(നിയമവിരുദ്ധ ചൂഷണങ്ങൾക്ക് എതിരെ, സുപ്രീം കോടതി – തൊഴിൽ സ്വാതന്ത്ര്യത്തിനുള്ള ആധികാരികമായ നിലപാട്!)











