
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകുകയും എന്നാൽ പ്രതികളുടെ ജാമ്യാപേക്ഷകളെ കഠിനമായി എതിർക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരുകളുടെ 'ഇരട്ടത്താപ്പിനെതിരെ' സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. പ്രതികളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ കൊലക്കേസിൽ അറസ്റ്റിലായ വിദേശ പൗരന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ ഈ നിരീക്ഷണം. നാല് വർഷമായി ജയിലിൽ കഴിയുന്ന പ്രതിയുടെ കേസിൽ 45 സാക്ഷികളുണ്ടായിട്ടും ഇതുവരെ വെറും രണ്ട് പേരെ മാത്രമാണ് വിസ്തരിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
"ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി പ്രതികളെ വർഷങ്ങളോളം ജയിലിലിടാൻ കാണിക്കുന്ന ആവേശം വിചാരണ വേഗത്തിൽ പൂർത്തിയാക്കുന്നതിൽ സംസ്ഥാനങ്ങൾ കാണിക്കുന്നില്ല." - സുപ്രീം കോടതി
വിചാരണ വൈകുന്നതിൽ മഹാരാഷ്ട്ര സർക്കാരിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. വിചാരണ വൈകുന്ന കേസുകൾ കൈകാര്യം ചെയ്യാൻ കൃത്യമായ നയം രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയ കോടതി, കേസ് വീണ്ടും ജൂലൈ 24-ന് പരിഗണിക്കാൻ മാറ്റി.










