ഹൈക്കോടതിയിൽ നിരപരാധിത്വം തെളിയിക്കാനുള്ള സുവർണാവസരമല്ലേ ലഭിച്ചിരിക്കുന്നതെന്ന് അടൂർ പ്രകശിനോട് സുപ്രീംകോടതി

സിവിൽ സപ്ലൈസ് അഴിമതി കേസിൽ ഹൈക്കോടതിയിൽകൂടി നിരപരാധിത്വം തെളിയിക്കാനുള്ള സുവർണാവസരം അല്ലേ ലഭിച്ചിരിക്കുന്നതെന്ന് അടൂർ പ്രകാശ് എംപിയോട് സുപ്രീംകോടതി. കേസിൽ 475 ദിവസം വൈകി സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച കേരള ഹൈക്കോടതിയുടെ നടപടി ചോദ്യംചെയ്ത് അടൂർ പ്രകാശ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ചോദ്യം. ഹർജി പിന്നീട് സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റേതാണ് നടപടി.
സിവിൽ സപ്ലൈസ് അഴിമതി കേസിലെ പ്രതിപട്ടികയിൽനിന്ന് അടൂർ പ്രകാശിനെ കോഴിക്കോട് വിജിലൻസ് കോടതി ഒഴിവാക്കിയിരുന്നു. ഇതിനെതിരെ 475 ദിവസം വൈകി സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. ഹൈക്കോടതിയുടെ നടപടി ചോദ്യംചെയ്താണ് അടൂർ പ്രകാശ് സുപ്രീം കോടതിയെ സമീപിച്ചത്. സർക്കാരിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് അടൂർ പ്രകാശിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു.
എന്നാൽ, അപ്പീൽ ഫയൽചെയ്തതിലുള്ള കാലതാമസം ഒഴിവാക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിരപരാധിത്വം ഹൈക്കോടതിയിൽകൂടി തെളിയിക്കാനുള്ള അവസരം അല്ലേ ലഭിച്ചിരിക്കുന്നതെന്നും സുപ്രീം കോടതി ആരാഞ്ഞു.











