
മയക്കുമരുന്ന് ലോബികളെ തകർക്കുന്നതിനായി ആഭ്യന്തരവകുപ്പ് ആവിഷ്‌ക്കരിച്ച 'ഓപ്പറേഷൻ തൂഫാന്' വലിയ സ്വീകാര്യതയാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധ മതസാമുദായിക സംഘടനകളും, സാംസ്‌കാരിക പ്രസ്ഥാനങ്ങളുമെല്ലാം തൂഫാനെ പിന്തുണച്ചുകൊണ്ട് ഒറ്റക്കെട്ടായി രംഗത്ത് വന്നിരിക്കുകയുമാണ്.
ഇതിനിടയിലാണ് ലഹരിക്കെതിരായ പ്രവർത്തനങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടി, സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡണ്ടും, സംയുക്ത മുസ്ലീം ജമാഅത്ത് ഖാസിയുമായ ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തുവന്നത്. അദ്ദേഹത്തിന്റെ ഉദ്‌ബോധനങ്ങളെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രകീർത്തിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജിഫ്രിതങ്ങൾക്കെതിരെ അതിരൂക്ഷ വിമർശനമുയർത്തി ഹിന്ദു ഐക്യവേദി പ്രസിഡണ്ട് ആർ.വി. ബാബു രംഗത്ത് വന്നത്. മയക്കുമരുന്ന് ആയാലും, മറ്റ് തീവ്രവാദ പ്രവർത്തനങ്ങൾ ആയാലും 'ഞമ്മന്റെ ആൾക്കാരാണത്' നടത്തുന്നതെന്ന വിധത്തിൽ തികച്ചും വംശീയമായ അധിക്ഷേപമാണ് ആർ.വി. ബാബു നടത്തിയത്. ഇതിനെതിരെ വിവിധ കോണുകളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം ആർ.വി. ബാബുവിന്റെ നിലപാടുകളെ പുകഴ്ത്തിക്കൊണ്ട് സംഘപരിവാർ കേന്ദ്രങ്ങളും രംഗത്തുവന്നിട്ടുണ്ട്.
സമസ്ത പ്രസിഡണ്ട് ജിഫ്രിമുത്തുക്കോയ തങ്ങളെ ആഭ്യന്തരവകുപ്പ്, 'തൂഫാൻ വാരിയർ' ആക്കിയതാണ് ഹിന്ദു ഐക്യവേദി പ്രസിഡണ്ട് ആർ.വി. ബാബുവിനെ പ്രകോപിപ്പിച്ചത്. കേരളത്തിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്നതിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണെന്നും, അതിനാൽ പ്രതിരോധത്തിന് 'സമസ്ത' തന്നെ മുന്നിറങ്ങുന്നത് നന്നായി എന്നവിധത്തിൽ ആക്ഷേപിച്ചുകൊണ്ടാണ് ആർ.വി. ബാബു പ്രതികരിച്ചത്.
'കേരളത്തെ ലഹരി മുക്തമാക്കാൻ ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ പ്രചരണാർത്ഥം സമസ്ത നേതാവ് ജിഫ്രിമുത്തുക്കോയ തങ്ങളെത്തന്നെ ആഭ്യന്തരമന്ത്രി കൂട്ടുപിടിച്ചത് നന്നായി. കാരണം സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപകമായി വിപണനം നടത്തുന്നവരും, കള്ളക്കടത്തിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നവരും, ഭൂരിഭാഗം പേരും തങ്ങളുടെ തന്നെ സമുദായത്തിൽപ്പെട്ടവരാണെന്നത് ആ സമുദായത്തിന് തന്നെ നാണക്കേടാണ്. മയക്കുമരുന്നായാലും, തീവ്രവാദമായാലും അത് ഞമ്മന്റെ ആൾക്കാരറിയാതെ ഇവിടെ നടക്കില്ല എന്നാണ് നാട്ടുകാരുടെ അനുഭവം.' ആർ.വി. ബാബുവിന്റെ ഈവിധം പ്രതികരണങ്ങൾ, മുസ്ലീം വിശ്വാസികളെ ഒന്നടങ്കം ആക്ഷേപിക്കുകയാണെന്ന പൊതുവികാരമാണ് ഇപ്പോൾ ശക്തമായി ഉയരുന്നത്.
കാടടച്ച് വെടിവക്കലും, നിയമപോരാട്ടവും
സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപകമായി വിപണനം ചെയ്യുന്നതും, കള്ളക്കടത്ത് നടത്തുന്നതും, തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതും മുസ്ലീങ്ങൾ ആണെന്ന പ്രചരണമാണ് ഏറെക്കാലമായി സംഘപരിവാർസംഘടനകൾ നടത്തിവരുന്നത്. വ്യക്തമായ തെളിവുകളുടെ പിൻബലമില്ലാതെ കാടടച്ച് വെടിവക്കലാണ് ഇവർ നടത്തിവരുന്നതെന്ന് വ്യക്തം. ഇപ്പോൾ ഹിന്ദു ഐക്യവേദി പ്രസിഡണ്ട് നടത്തിയ പ്രചരണം പോലും ആവിധം സങ്കുചിത മതലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണെന്നത് ഉറപ്പ്. കക്ഷിരാഷ്ട്രീയമോ, മതവ്യത്യാസമോ ഇല്ലാതെ, എല്ലാ ജനവിഭാഗങ്ങളും ഒറ്റമനസ്സായി ഓപ്പറേഷൻ തൂഫാനെ പിന്തുണയ്ക്കുന്ന വേളയിലാണ് ആർ.വി.ബാബു ഒരു പ്രകോപനവുമില്ലാതെ അനവസരത്തിൽ, ജിഫ്രി തങ്ങൾക്കും മുസ്ലീം വിശ്വാസികൾക്കുമെതിരെ തിരിഞ്ഞത്.
ആർ.വി. ബാബുവിന്റെ പ്രതികരണം പുറത്തുവന്നതോടെ, വിവിധ സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ, അത്യന്തം ആപത്ക്കരമായ ഒട്ടേറെ പോസ്റ്റുകളും, പോസ്റ്ററുകളും നിറഞ്ഞു. ഇതുവഴി സൗഹാർദ്ദത്തിലായിരുന്ന വിവിധ മതസംഘടനകളെ, തമ്മിലടിപ്പിച്ച് അതിൽ നിന്നും നേട്ടം കൊയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആരോപണമാണ് ശക്തമായി ഉയരുന്നത്.
പി.ഡി.പി കേന്ദ്രകമ്മിറ്റിയംഗം അഷ്‌റഫ് വാഴക്കാല തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് ആർ.വി. ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്. സമാധാനം നിലനിൽക്കുന്ന കേരള സംസ്ഥാനത്ത് അന്യമത വിദ്വേഷം ഉണ്ടാകുന്ന വിധത്തിൽ വിഷം നിറഞ്ഞ പരാമർശനങ്ങൾ നടത്തി അന്യമത സ്പർദ്ധ വരുത്താനുള്ള നീക്കമാണ് ഹിന്ദു ഐക്യവേദി നേതാക്കൾ നടത്തുന്നതെന്ന ആരോപണമാണ് അഷ്‌റഫ് വാഴക്കാല ഉയർത്തിയിട്ടുള്ളത്.
മുസ്ലീം സമുദായത്തിന്റെ ക്ഷേമത്തിലും വികസനത്തിലുമൂന്നി ഒട്ടേറെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന സമസ്ത, ഇതര മത സൗഹാർദ്ദത്തിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് എക്കാലത്തും നടത്തിവന്നിട്ടുള്ളത്. അത്തരമൊരു പ്രസ്ഥാനത്തിന്റെ അമരക്കാരനായ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ വംശീയ അധിക്ഷേപമുയർന്നതിൽ കക്ഷി രാഷ്ട്രീയഭേദെമന്യെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉടനീളം ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്.
കെ.ടി. ജലീലും പറഞ്ഞുവെന്ന് വാദം
എന്നാൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെയെല്ലാം നിഷേധിക്കുകയാണ് ആർ.വി. ബാബു. ലഹരിവിഷയത്തിൽ ധാരാളമായി ഇടപഴകുകയും, ധാർമ്മിക ബോധമില്ലാതെ പെരുമാറുകയും ചെയ്യുന്നവർ മുസ്ലീം സമുദായത്തിൽ ഏറിവരികയാണെന്ന് പ്രസംഗിച്ചത് മുൻമന്ത്രി കെ.ടി. ജലീലായിരുന്നുവെന്നും, അതിനെ അടിസ്ഥാനമാക്കിയാണ് സോഷ്യൽമീഡിയയിൽ താൻ പ്രതികരിച്ചതെന്നുമാണ് ആർ.വി. ബാബുവിന്റെ നിലപാട്. കെ.ടി. ജലീലിന്റെ പ്രസംഗം തന്റെ ഫേസ്ബുക്കിൽ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുമുണ്ട്. മദ്രസാ വിദ്യാഭ്യാസം ലഭിച്ചിട്ടും ധാർമ്മികച്യുതികൾ പെരുകുന്നതിനെതിരെ ജലീൽ പ്രതികരിച്ച ഭാഗമാണ് ആർ.വി.ബാബു പോസ്റ്റ് ചെയ്തിരിക്കുന്നത്.
കെ.പി. ശശികല, കുമ്മനം രാജശേഖരൻ, ഡോ. ടി.പി.സെൻകുമാർ തുടങ്ങിയ സംഘപരിവാർ നേതാക്കളെല്ലാം ആർ.വി. ബാബുവിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി, യു.ഡി.എഫ് സർക്കാരിനെ പുകഴ്ത്തിയതിനെതിരെ രൂക്ഷഭാവത്തിലാണ് കെ.പി. ശശികല പ്രതികരിച്ചത്. 'ആർ.വി. ബാബുവിനെതിരെ കേസെടുത്തതിലൂടെ സർക്കാർ സംഘപരിവാറിന് കീഴടങ്ങില്ലെന്ന് വ്യക്തമായി എന്നും, ഇത് മതഭ്രാന്തന്മാർക്കുള്ള താക്കീത് ആണെന്നുമാണ് നാസർ ഫൈസി കൂടത്തായിയുടെ പ്രതികരണം.
'ആഭ്യന്തരമന്ത്രി നിങ്ങളുടെ ഒക്കെ തടവറയിലാണ് എന്നതിന് ഇതിൽപ്പരം തെളിവ് വേണോ?' എന്നാണ് ശശികലയുയർത്തുന്ന ചോദ്യം.
'ഇത് 1921 അല്ല, അന്ന് കോൺഗ്രസ് ഇസ്ലാമിക വർഗ്ഗീയതയ്ക്ക് കീഴടങ്ങിയപ്പോൾ, അനുഭവിച്ചത് ഹിന്ദുസമൂഹമാണ്. ഇന്ന് അത് നടക്കില്ല കട്ടായം. ഞങ്ങൾ, സംഘടനാനേതാക്കളെ നിങ്ങൾക്കെന്തും ചെയ്യാം, ഞങ്ങൾക്ക് പുല്ലാണ് എന്ന് സുരേഷ്‌ഗോപി സ്റ്റൈലിൽ തന്നെ ഞങ്ങൾ പറയും. പക്ഷേ, മുസ്ലീം സംഘടനകളുടെ തിട്ടൂരം നോക്കി ഹിന്ദുസമാജത്തിന് നേരെ തിരിഞ്ഞാൽ തിരിച്ചടി താങ്ങാൻ നിങ്ങൾക്കാകില്ല എന്നുമാത്രം പറയാം.' ഈ വിധത്തിൽ അത്യന്തം രൂക്ഷഭാഷയിലാണ് കെ.പി. ശശികല നടത്തുന്ന പ്രതികരണങ്ങൾ.
എന്നാൽ ആർ.വി. ബാബുവിനെതിരെ കേസ് എടുത്ത പോലീസ് നടപടി വർഗ്ഗീയ പ്രീണനവും, അപലപനീയവുമാണെന്നാണ് മുതിർന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ വാദം. ആർ.വി. ബാബു നടത്തിയ പ്രതികരണത്തിൽ, വർഗ്ഗീയ വിദ്വേഷമുണ്ടാക്കുന്ന പരാമർശങ്ങൾ ഇല്ല. വസ്തുതാപരമായ വെളിപ്പെടുത്തൽ മാത്രമേ കുറിപ്പിൽ ഉള്ളൂ എന്നും, കെ.ടി. ജലീലും, വി.എസ്. അച്യുതാനന്ദനും പറഞ്ഞതിനപ്പുറം മറ്റൊന്നും ആർ.വി. ബാബു പറഞ്ഞിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മയക്കുമരുന്ന് കേസുകളിൽ പ്രതികൾ ആകുന്നവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടാൽ ഈവിധം വിവാദങ്ങൾ എല്ലാം അവസാനിക്കുമെന്ന വിധത്തിലുള്ള പ്രതികരണങ്ങൾ ആണ് ഡോ.ടി.പി. സെൻകുമാറും നടത്തുന്നത്.
മയക്കുമരുന്നുകൾ പോലെയുള്ള ധാർമ്മിക മൂല്യച്യുതികളിൽ നിന്നും വിശ്വാസികൾ വിട്ടുനിൽക്കണമെന്ന ഉദ്‌ബോധനമാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ നടത്തിയത്. അതിനെ ഈ വിധത്തിൽ വംശീയ അധിക്ഷേപമായി മാറ്റിയതെന്തിന് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ആരും നൽകുന്നതുമില്ല. ചില കേസുകളിൽ മുസ്ലീം നാമധാരികൾ ഉൾപ്പെട്ടിട്ടുള്ളത് ചൂണ്ടിക്കാട്ടി ഒരു സമുദായത്തെ ഒന്നടങ്കം അപഹസിക്കാനുള്ള നീക്കം പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല എന്ന വികാരമാണ് വിവിധ കോണുകളിൽ നിന്നും ശക്തമായി ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്. അതോടൊപ്പം നിയമപ്പോരാട്ടം കൂടിയാകുന്നതോടെ ഈ വിവാദം പുതിയ തലങ്ങളിലേക്ക് കത്തിപ്പടർന്നുകൊണ്ടിരിക്കുകയാണ്.










