08:21am 29 November 2026
NEWS
സപ്ലൈകോയ്ക്ക് അംഗീകാരം മുംബൈയിൽ ഐലൂജ് മീഡിയ പരിവർത്തൻ അവാർഡ് 2026 ഏറ്റുവാങ്ങി
28/11/2026  06:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സപ്ലൈകോയ്ക്ക് അംഗീകാരം മുംബൈയിൽ ഐലൂജ് മീഡിയ പരിവർത്തൻ അവാർഡ് 2026 ഏറ്റുവാങ്ങി

കൊച്ചി: സപ്ലൈകോയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ അധിഷ്ഠിതമാക്കിയുള്ള പ്രവർത്തന മികവിന് അംഗീകാരം. ഐലൂജ് മീഡിയയുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ പരിവർത്തൻ അവാർഡ് 2026-ൽ സപ്ലൈകോയ്ക്ക് .നൂതന സാങ്കേതികവിദ്യാധിഷ്ഠിതമായുള്ള പരിവർത്തനം (Intelligent Enterprise Transformation Award) എന്ന വിഭാഗത്തിലെ പുരസ്കാരമാണ് സപ്ലൈകോയ്ക്ക് ലഭിച്ചത്.

നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സപ്ലൈകോയുടെ സംഭരണവും വില്പനയും കാര്യക്ഷമമാക്കുന്ന, സപ്ലൈകോ നടത്തിവരുന്ന പദ്ധതിക്കാണ് ('AI-Driven Data Governance for Supplyco: Smarter Procurement, Indenting and Sales Intelligence') അവാർഡ്.

നവംബർ 27-ന് മഹാരാഷ്ട്ര സർക്കാർ മുംബൈയിൽ നടത്തിയ എ ഐ ട്രാൻസ്ഫർമേഷൻ കോൺക്ലേവിൽ സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി. എം. ജയകൃഷ്ണനും മാർക്കറ്റിംഗ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ എം. ആർ. ദീപുവും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. മഹാരാഷ്ട്ര സർക്കാരിൻറെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ജനറൽ ബ്രിജേഷ് സിംഗിൽ നിന്നാണ് പുരസ്കാരം സ്വീകരിച്ചത്. 

കോർപ്പറേഷന്റെ സംഭരണം, ഇൻഡന്റിംഗ്, സ്റ്റോക്ക് ലഭ്യത,  വിൽപ്പന എന്നീ പ്രധാന പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഡാറ്റാ അനലിറ്റിക്സിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ പ്രവർത്തന സംവിധാനം ഒരുക്കിയ സപ്ലൈകോയുടെ പദ്ധതിക്കാണ് ഈ അംഗീകാരം. ഡാറ്റാധിഷ്ഠിത തീരുമാനങ്ങൾ, കൃത്യമായ ആവശ്യകതാ നിർണയം, മെച്ചപ്പെട്ട സംഭരണ ആസൂത്രണം, വിൽപ്പന പ്രവണതകളുടെ വിശകലനം എന്നിവയിലൂടെ പ്രവർത്തനക്ഷമതയും സേവന നിലവാരവും ഉയർത്തിയതാണ് ഈ പദ്ധതി.

ഗവൺമെന്റ് സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഭരണനിർവഹണത്തിലും പ്രവർത്തനങ്ങളിലും സാങ്കേതികവിദ്യയിലൂടെ കൈവരിക്കുന്ന നൂതന മാറ്റങ്ങളെ അംഗീകരിക്കുന്ന പുരസ്കാരമാണിത്.

സപ്ലൈകോയുടെ ആധുനികവൽക്കരണ പ്രവർത്തനങ്ങൾക്ക് ഈ അംഗീകാരം കൂടുതൽ പ്രചോദനമാകുമെന്ന് മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ പറഞ്ഞു. പദ്ധതി നടപ്പിലാക്കിയതോടെ സപ്ലൈകോയിൽ സ്റ്റോക്ക് ലഭ്യത ഉറപ്പാക്കാനും  പ്രതിമാസ വിറ്റുവരവിൽ 50 കോടി രൂപയുടെ വർദ്ധനവ് കൈവരിക്കാനും സാധിച്ചു.  ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ  സാധ്യതകൾ പ്രയോജനപ്പെടുത്തി സംഭരണ-വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനുമുള്ള കോർപ്പറേഷന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

 ഗവ്കണക്ട് (GovConnect), മഹാരാഷ്ട്ര സർക്കാരിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് എന്നിവയുടെ സഹകരണത്തോടെയാണ് എ ഐ ട്രാൻസ്ഫർമേഷൻ കോൺക്ലേവ് സംഘടിപ്പിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img