03:32am 11 November 2026
NEWS
ഓണക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി സപ്ലൈകോ
19/08/2025  04:19 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഓണക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി  സപ്ലൈകോ
● ഈ ഓണക്കാലത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പും സപ്ലൈകോയും മാര്‍ക്കറ്റില്‍ നടത്തിയ കാര്യക്ഷമമായ ഇടപെടല്‍ ഫലം കാണുന്നുണ്ട് എന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍. ജൂലൈ 31 ലെ എന്റെ തിരുവനന്തപുരത്തെ പത്രസമ്മേളനത്തില്‍ വിശദീകരിച്ച പോലെ, ഓണക്കാലത്തെ വരവേല്‍ക്കാൻ വിപുലമായ പരിപാടികളാണ്  ആസൂത്രണം ചെയ്തത്.  വിപണി ഇടപെടലുകളിലൂടെ ഓണത്തിന് മുമ്പ് തന്നെ വെളിച്ചെണ്ണയും അരിയും അടക്കമുള്ള അവശ്യസാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം നിയന്ത്രിക്കാനായി.
● സപ്ലൈകോയെ ജനങ്ങള്‍ ഏറ്റെടുക്കുന്നു
കഴിഞ്ഞ ഒരു മാസത്തെ സപ്ലൈകോയുടെ വിറ്റു വരവില്‍, പൊതുജനങ്ങള്‍ സപ്ലൈകോയില്‍ അര്‍പ്പിക്കുന്ന വിശ്വാസം പ്രകടമാണ്.  ജൂലൈ മാസത്തില്‍ 168 കോടി രൂപയുടെ വിറ്റു വരവാണ് സപ്ലൈകോയ്ക്ക്  ഉണ്ടായത്. 60 കോടി രൂപയുടെ സബ്സിഡി ഉല്‍പ്പന്നങ്ങളാണ് കഴിഞ്ഞമാസം സപ്ലൈകോ വഴി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തത്.  32ലക്ഷത്തോളം ഉപഭോക്താക്കള്‍ കഴിഞ്ഞ മാസം സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചിരുന്നു. ഓണത്തിരക്ക് ആരംഭിച്ച ഈ മാസവും പൊതുജനങ്ങള്‍ക്ക് സപ്ലൈകോ കാര്യമായ രീതിയില്‍ തന്നെ ആശ്രയമാകുന്നുണ്ട്. ആഗസ്റ്റ് 15വരെയുള്ള വിറ്റുവരവ് 107കോടി രൂപയാണ് എന്നത് സൂചിപ്പിക്കുന്നത് ഇക്കാര്യമാണ്.  ഓഗസ്റ്റ് 11,  12 തീയതികളില്‍ പ്രതിദിന വിറ്റു വരവ് പത്തു കോടി കഴിഞ്ഞതായും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. ആഗസ്റ്റ് 15വരെ 19ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോ വില്പനശാലകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ ഓണത്തിന് 300 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.
 
● വെളിച്ചെണ്ണ വില പിടിച്ചുനിര്‍ത്തി
വെളിച്ചെണ്ണ വിലവര്‍ധനയില്‍ സപ്ലൈകോ ഇടപെടല്‍ വളരെ ഫലപ്രദമായിരുന്നു എന്നാണ് കുറയുന്ന വെളിച്ചെണ്ണ വില കാണിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ വില്പനശാലയില്‍ നിന്ന് 457 രൂപ വിലയുള്ള കേര വെളിച്ചെണ്ണ ആവശ്യാനുസരണം വാങ്ങാം. നേരത്തെ ഒരു ബില്ലിന് ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണ മാത്രം  എന്ന നിബന്ധന, ഉപഭോക്താക്കളുടെ ആവശ്യപ്രകാരം  മാറ്റിയിട്ടുണ്ട്.  സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരിയുടെ ഒരു ലിറ്റര്‍ സബ്സിഡി വെളിച്ചെണ്ണ 349 രൂപയ്ക്കും, സബ്സിഡിയിതര വെളിച്ചെണ്ണ  429 രൂപയ്ക്കും നല്‍കുന്നുണ്ട്.ഈ 3 ഇനം വെളിച്ചെണ്ണയുടേയും വില ഓണത്തിനു മുന്‍പ് ഇനിയും കുറയും.  ഇതുകൂടാതെ മറ്റു ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയും MRPയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട് ലെറ്റുകളില്‍ ലഭിക്കും. സണ്‍ഫ്ലവര്‍ ഓയില്‍ , പാം ഓയില്‍, റൈസ് ബ്രാന്‍ ഓയില്‍ തുടങ്ങിയ മറ്റു ഭക്ഷ്യ എണ്ണകളും ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ട് .
 
● അവശ്യ സാധനങ്ങള്‍ സുലഭം
ഓണത്തിനായി രണ്ടര ലക്ഷത്തോളം  ക്വിന്‍റല്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചിട്ടുണ്ട്.  ഒരു ലക്ഷത്തിലധികം ക്വിന്‍റല്‍ അരിയും  16000 ക്വിന്‍റല്‍ ഉഴുന്നും, 45000 ക്വിന്‍റല്‍ പഞ്ചസാരയും ഇതില്‍ ഉള്‍പ്പെടുന്നു
 
ഒരു റേഷന്‍ കാര്‍ഡിന് 8 കിലോ ഗ്രാം അരിയാണ് സബ്സിഡി നിരക്കില്‍ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്തു വന്നിരുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാര്‍ഡൊന്നിന് 20 കിലോ പച്ചരി/പുഴുക്കലരി 25/- രൂപ നിരക്കില്‍ സ്പെഷ്യല്‍ അരിയായി ലഭ്യമാക്കും. സബ്സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് അര കിലോയില്‍ നിന്നും 1 കിലോയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
 
● ഓണത്തിന് പ്രത്യേക ഓഫറുകള്‍
മറ്റ് പ്രമുഖ റീറ്റെയ്ല്‍ ചെയിനുകളോട്  കിട പിടിക്കുന്ന വിധത്തില്‍  ബ്രാന്‍ഡഡ് എഫ് എം സി ജി ഉത്പന്നങ്ങളുടെ ഒരു നിര തന്നെ ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 250 ലധികം ബ്രാന്‍ഡഡ് നിത്യോപയോഗ  സാധനങ്ങള്‍ക്ക്  ഓഫറുകളും, വിലക്കുറവും നല്‍കുന്നുണ്ട്. ഐ ടി സി, പ്രോക്ടര്‍ & ഗാംബിള്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് അമ്പത് ശതമാനത്തോളം വിലക്കുറവ് നല്‍കുന്നുണ്ട്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, വിപ്രോ, ബ്രിട്ടാനിയ , കിച്ചണ്‍ ട്രഷേഴ്സ്,  ജ്യോതി ലാബ്സ്, കണ്ണന്‍ ദേവന്‍,  തുടങ്ങി പ്രമുഖ കമ്പനികളെല്ലാം  അവരുടെ ഉത്പന്നങ്ങള്‍ക്ക്  വിലക്കുറവ് സപ്ലൈകോ വില്പന ശാലകളിലൂടെ നല്‍കുന്നുണ്ട്. സപ്ലൈകോയുടെ ഓണം ഫെയറില്‍ മാത്രമല്ല, ആയിരത്തിലധികം വരുന്ന വില്പനശാലകളിലും  ഈ ഓഫറുകള്‍  ലഭ്യമാണ്.  സാധാരണക്കാരുടെ ഓണം  കൂടുതല്‍ആഘോഷമാക്കാന്‍ സപ്ലൈകോയുടെ  ഇത്തരം ഇടപെടലുകള്‍ക്ക് കഴിയും. ഓണത്തിനോടനുബന്ധിച്ച് സെപ്റ്റംബർ 1 മുതല്‍ 4 വരെ പ്രത്യേക കിഴിവും ഓഫറുകളും നല്‍കുന്ന കാര്യം പരിഗണനയിലാണ്.
 
● ഓണം ഗിഫ്റ്റ്  പദ്ധതി
സപ്ലൈക്കോ  പുറത്തിറക്കിയ ഓണം ഗിഫ്റ്റ്  പദ്ധതിക്കും  വലിയ പ്രതികരണമാണുണ്ടായത്. സ്ഥാപനങ്ങള്‍ക്കും, റെസിഡന്റ്‌സ് അസ്സോസിയേഷനു കള്‍ക്കും, ക്ലബ്ബുകള്‍ക്കും തങ്ങളുടെ ജീവര്‍ക്കാര്‍ക്കോ പ്രിയപ്പെട്ടവര്‍ക്കോ സമ്മാനമായി ഗിഫ്ട് കാര്‍ഡോ കിറ്റുകളോ സപ്ലൈകോയിലൂടെ നല്‍കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കിറ്റുകളും ഗിഫ്റ്റ് കൂപ്പണുകളും ഉള്‍പ്പെടെ അമ്പതിനായിരത്തോളം  ഓര്‍ഡറുള്‍ ഇതുവരെ വന്നിട്ടുണ്ട്. ഇതില്‍ കെഎസ്എഫ്ഇ തങ്ങളുടെ ക്ലയന്റ്സിനായി നല്‍കുന്ന ഗിഫ്ട് കാര്‍ഡുകളും  ഉള്‍പ്പെടും.   
● ശബരി ഉല്‍പ്പന്നങ്ങള്‍
ശബരി ബ്രാന്‍ഡില്‍ 5 പുതിയ ഉത്പന്നങ്ങളാണ് പുറത്തിറക്കുന്നത്.അരിപ്പൊടി ( പുട്ടുപൊടി,  അപ്പം പൊടി ) , പായസം മിക്സ് (സേമിയ / പാലട 200 ഗ്രാം പാക്കറ്റുകള്‍), പഞ്ചസാര, ഉപ്പ് (കല്ലുപ്പ്, പൊടിയുപ്പ് ), പാലക്കാടന്‍ മട്ട  (വടിയരി, ഉണ്ടയരി) എന്നിവയാണ് പുതിയ ഉത്പന്നങ്ങള്‍ . അരിപ്പൊടി, മട്ട അരി എന്നിവ സപ്ലൈകോ നേരത്തെ വിപണിയില്‍ ഇറക്കിയതാണ്. ഇവയുടെ സംഭരണ /processingരീതി പുതുക്കിയ ശേഷമാണ് ഇത്തവണ വിപണിയില്‍ റീ ലോഞ്ച് ചെയ്യുന്നത്. ഇടക്കാലത്തു വിതരണം മുടങ്ങി പോയ ഉപ്പും റീ ലോഞ്ച് ചെയ്യുകയാണ്
 
പുട്ടുപൊടി,  അപ്പം പൊടി എന്നിവ വിപണി വിലയേക്കാള്‍ പകുതി വിലയ്ക്കാണ് നല്‍കുന്നത്. ഒരു കിലോക്ക് 46 രൂപയായും; പുട്ടുപൊടി, അപ്പം പൊടി എന്നിവയുടെ  കോംബോ ഓഫര്‍ 88 രൂപയ്ക്കും ലഭിക്കും. പൊതു വിപണിയില്‍ ബ്രാന്‍ഡഡ് അരിപ്പൊടിക്ക് ഒരു കിലോ 90 രൂപവരെ വിലയുള്ളപ്പോഴാണ് ഇത് . തെലങ്കാന നല്‍ഗൊണ്ടയില്‍ നിന്ന് ഗുണമേന്മയുള്ള പച്ചരി സംഭരിച്ച്, മില്ലുകള്‍ക്ക നല്‍കി അരിപ്പൊടിയാക്കി വില കുറച്ചാണ് സപ്ലൈകോ ജനങ്ങള്‍ക്ക് നല്‍കുന്നത് .
തൂത്തുക്കുടിയിലെ ഉപ്പളങ്ങളില്‍ നിന്നും സംഭരിച്ച് ശാസ്ത്രീയമായി പ്രോസസ്സ് ചെയ്താണ്  സപ്ലൈകോ കല്ലുപ്പും പൊടിയുപ്പും വിപണിയില്‍ ഇറക്കുന്നത്.   വിപണിയില്‍ 15മുതല്‍ 30രൂപ വരെ വിലയുള്ള  ഉപ്പ് ,  12 രൂപയ്ക്കാണ് സപ്ലൈകോ നല്‍കുക. 12.50 ആണ് പൊടിയുപ്പിന്റെ വില.
വിപണിയില്‍ മറ്റു ബ്രാഡുകളുടെ പരമാവധി വില്പന വില 70- 75  രൂപയുള്ളപ്പോഴാണ് ശബരി ബ്രാന്‍ഡില്‍  42രൂപയ്ക്കു പായസം മിക്സ് വിതരണത്തിനെത്തിക്കുന്നത്  .
വിപണിയില്‍ 60 -65 രൂപ വിലയുള്ള പഞ്ചസാര 50 രൂപയ്ക്കാണ് സപ്ലൈകോ ശബരി ബ്രാന്‍ഡില്‍ പുറത്തിറക്കുന്നത്. പാലക്കാടന്‍ മട്ട അരിയും മിതമായ വിലയ്ക്കാണ് നല്‍കുന്നത്. പാലക്കാട്ടെ കര്‍ഷകരില്‍ നിന്ന് അരി നേരിട്ട് എടുത്ത് ശബരി ബ്രാന്‍ഡില്‍ വിതരണം ചെയ്യുകയാണ്. അടുത്ത ഘട്ടത്തില്‍ നെല്ല് നേരിട്ട് സംഭരിച്ച് അരിയാക്കി  വിതരണം ചെയ്യാനും നടപടികളെടുത്തിട്ടുണ്ട്  .
● ഓണച്ചന്തകള്‍
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് 25ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ജില്ലാതല ഓണം ഫെയറുകള്‍ക്ക് തുടക്കമാവും. 14 ജില്ലകളിലും ജില്ലാ ഫെയറുകള്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കും. എറണാകുളം  കലൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ 26 ന് വ്യവസായ മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും .
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു പ്രധാന ഔട്ട് ലെറ്റിനോടനുബന്ധമായി ഓണം ഫെയര്‍ നടത്തും. നിയമസഭാ മണ്ഡലങ്ങളിലെ ഓണം ഫെയറുകള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെയാണ്. വിപണിയിടപെടല്‍ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ആഗസ്ത് 26 മുതല്‍ സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ സംഘടിപ്പിക്കും. എല്ലാ സബ്സിഡി ഉല്‍പ്പന്നങ്ങളും, അരിയും ഭക്ഷ്യവസ്തുക്കളും ബ്രാന്‍ഡഡ് ഉത്പന്നങ്ങളും ഇതിലൂടെ ഉള്‍പ്രദേശങ്ങളിലടക്കം എത്തിക്കാനാകും.
 
● ഓണക്കിറ്റുകള്‍,
6 ലക്ഷത്തിലധികം  AAYകാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും  14  ഇനം ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെട്ട ഓണക്കിറ്റുകള്‍ നല്‍കുന്നതാണ്. ഓണത്തിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കും.
● Lucky draw
സപ്ലൈകോയില്‍ നിന്ന് ഓണക്കാലത്ത് 1000/- രൂപയിലധികം സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി ഒരു lucky draw നടത്തും. ഒരു പവന്‍ സ്വര്‍ണ്ണനാണയമടക്കം വിവിധ സമ്മാനങ്ങളാണ് വിജയികള്‍ക്കായി നല്‍കുക. രണ്ടാം സമ്മാനം രണ്ടുപേര്‍ക്ക്  ലാപ് ടോപ്പും , മൂന്നാം സമ്മാനം മൂന്നുപേര്‍ക്ക്  സ്മാര്‍ട്ട് ടിവിയുമാണ് .  എല്ലാ ജില്ലയിലും നറുക്കെടുപ്പിലെ വിജയിക്ക് സ്മാര്‍ട്ട് ഫോണും സമ്മാനമായി നല്‍കും.
 
● കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വില്‍പനയാണ് നടന്നത്. ഇത്തവണ 300 കോടിയില്‍ കുറയാത്ത വില്‍പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്.
● സപ്ലൈകോയുടെ സേവനങ്ങളിലോ ഉല്‍പ്പന്നങ്ങളിലൊ പരാതിയോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് വാട്സ്ആപ്പ് സന്ദേശം അയക്കാനും ബന്ധപ്പെടാനും പ്രത്യേക നമ്പര്‍ സജ്ജീകരിച്ചിട്ടുണ്ട്. 8078323000.
● ഉപഭോക്തൃ സംസ്ഥാനം എന്ന നിലയില്‍ ഏറ്റവുമധികം വിലക്കയറ്റമുണ്ടാകേണ്ടത് കേരളത്തിലാണ്. എന്നാല്‍ മാതൃകാപരമായ വിപണിയിടപെടല്‍ മുഖേന അത് ഫലപ്രദമായി തടഞ്ഞുനിര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചു. ഇത് യാദൃശ്ചികമല്ല. രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള ഇടപെടലാണ്. എന്റെ മുന്‍ഗാമിയായ ഇ.ചന്ദ്രശേഖരന്‍ നായരടക്കമുള്ള വര്‍ ഭാവനാപൂര്‍ണ്ണമായി പടുത്തുയര്‍ത്തിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img