
ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണാർത്ഥം സപ്ലൈകോ പുറത്തിറക്കിയ 'ആലിൻ സീരീസ്' നോട്ട്ബുക്കുകൾ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പ്രകാശനം ചെയ്യുന്നു. ജയകൃഷ്ണൻ, ആലിൻ്റെ മാതാപിതാക്കൾ സമീപം.
സപ്ലൈകോ ആലിൻ ബ്രാൻഡിൽ ഇറക്കുന്ന നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് എറണാകുളം ഗസ്റ്റ് ഹൗസിൽ നിർവഹിച്ചു.കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണയിലാണ് സപ്ലൈകോ ഈ വർഷത്തെ നോട്ടുബുക്കുകൾ പുറത്തിറക്കുന്നത്.
അവയവ ദാനത്തെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അത് മാറ്റുവാൻ ആലിനിന്റെ ജീവിതകഥ സഹായിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വിപണിയെ കണക്കാക്കി മാത്രമല്ല , സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയുള്ള ഒരു പ്രവർത്തനവുമാണ് സപ്ലൈകോ, ആലിൻ ബ്രാൻഡിൽ നോട്ട്ബുക്ക് ഇറക്കിയതിലൂടെ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. മാതൃകാപരവും ചരിത്രത്തിൻറെ ഭാഗവുമായ തീരുമാനമാണ് ആലിനിന്റെ മാതാപിതാക്കൾ എടുത്തതെന്നും മന്ത്രി പറഞ്ഞു.നോട്ടുബുക്കിന് ആലിനിൻറെ പേര് നൽകുന്നതിലൂടെ സപ്ലൈകോ സമൂഹത്തിന് കൊടുക്കുന്ന സന്ദേശം വലുതാണെന്ന് ചടങ്ങിൽ അധ്യക്ഷനായ ടി ജെ വിനോദ് എംഎൽഎ പറഞ്ഞു.
ഹൈബി ഈഡൻ എംപി, മേയർ വി കെ മിനിമോൾ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. അവയവദാന സന്ദേശത്തിലൂടെ അനേകം പേർക്ക് ജീവിക്കാനുള്ള ആത്മവിശ്വാസം നൽകാൻ ആകുമെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു.മനുഷ്യസ്നേഹത്തിന് ഊന്നൽ നൽകിയ തീരുമാനമായിരുന്നു ആലിനിന്റെ മാതാപിതാക്കളുടേത് എന്ന് മേയർ വി.കെ. മിനിമോൾ പറഞ്ഞു.
ആലിനിൻറെ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ആലിനിനോടുള്ള ആദരസൂചകമായി നോട്ടുബുക്കുകൾ പുറത്തിറക്കാമെന്നുള്ള സപ്ലൈകോ മാർക്കറ്റിംഗ് വിഭാഗത്തിന്റെ ആശയത്തിന് , ലോഗോയും കവർ ഡിസൈനുകളും നൽകി പൂർത്തീകരിച്ചത് തേവര എസ് എച്ച് കോളേജിലെ വിദ്യാർത്ഥികളാണ്. തേവര എസ് എച്ച് കോളേജിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും യോഗത്തിൽ അനുമോദിച്ചു. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി എം, ആലിനിൻറെ പിതാവ് അരുൺ എബ്രഹാം, ജനറൽ മാനേജർ എം യു ബിജു, തേവര എസ് എച്ച് കോളേജ് ഡയറക്ടർ ബാബു ജോസഫ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
14.50 മുതൽ 37രൂപ വരെയാണ് ആലിൻ നോട്ടുബുക്കുകളുടെ വില. ചെറിയ കുട്ടികൾക്കായുള്ള നോട്ടുബുക്ക്, അഞ്ചു ബുക്കുകളുടെ ഒരു സീരീസായാണ് പ്രിൻറ് ചെയ്തിരിക്കുന്നത്. നാലു ബുക്കുകളിൽ ആയാണ് ഓരോ സീരീസിലെ കഥകളും പൂർത്തീകരിക്കുന്നത്. അത്തരം ഒരു പുതുമയും സപ്ലൈകോ പുറത്തിറക്കുന്ന ആലിൻ ബ്രാൻഡ് നോട്ടുബുക്കിന് ഉണ്ട്.
Photo Courtesy - Google










