
സർപ്പദോഷത്തിൽനിന്ന് മുക്തി നേടാനായി ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ നരബലി നൽകിയ യുവതിക്ക് വധശിക്ഷ. തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിനിയായ ഭാരതി എന്ന യുവതിയെയാണ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷക്ക് വിധിച്ചത്. ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിലവിൽ തടവുശിക്ഷ അനുഭവിക്കുകയാണ് ഭാരതി. യുവതി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകളുടെ നാവ് അറുത്ത് മാറ്റുകയും ചെയ്തിരുന്നു.
2021 ഏപ്രിൽ 15നാണ് ഭാരതി പിഞ്ചു കുഞ്ഞിനെ നരബലി നൽകിയത്. വീട്ടിലെ കിടപ്പുമുറിയിൽ പ്രത്യേക പൂജ നടത്തുന്നതിനിടെയാണ് ഭാരതി മകളുടെ കഴുത്തറുത്തത്. ഇതിന് ശേഷം കുട്ടിയുടെ നാവ് മുറിച്ചുമാറ്റുകയുമായിരുന്നു. കൊലപാതകം നടക്കുന്ന സമയത്ത് കൃഷ്ണയുടെ രോഗിയായ അച്ഛനും വീട്ടിലുണ്ടായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് സംശയം തോന്നി നോക്കിയപ്പോഴാണ് രക്തം പുരണ്ട വസ്ത്രങ്ങളുമായി നിൽക്കുന്ന ഭാരതിയെ കണ്ടത്. കുഞ്ഞിനെ ദൈവങ്ങൾക്കു ബലിയർപ്പിച്ചെന്നും സർപ്പദോഷത്തിൽനിന്നു മുക്തി നേടിയെന്നുമായിരുന്നു ഭാരതി വിളിച്ചുപറഞ്ഞത്. തുടർന്ന് അയൽക്കാരും ബന്ധുക്കളും എത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2023ൽ യുവതി ഭർത്താവിനെയും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഉറങ്ങിക്കിടന്നിരുന്ന ഭർത്താവ് കൃഷ്ണയെ ഭാരതി കല്ലു കൊണ്ടു തലയ്ക്കടിക്കുകയായിരുന്നു. ഈ കേസിൽ ഭാരതിയെ കോടതി ഒരു വർഷത്തെ തടവിനു ശിക്ഷിച്ചു. ഈ ശിക്ഷ അനുഭവിക്കവെയാണ് കുട്ടിയെ നരബലി കൊടുത്ത കേസിൽ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. ഹൈദരാബാദിലെ ചഞ്ചൽഗുഡ വനിതാ സെൻട്രൽ ജയിലിലാണ് ഭാരതി ഇപ്പോൾ.











