09:12pm 06 October 2026
NEWS
എറണാകുളം ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ വിപുലീകരിക്കുന്നു
06/10/2026  08:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളം ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ വിപുലീകരിക്കുന്നു
HIGHLIGHTS

ന്യൂറോ, ഗ്യാസ്‌ട്രോ സേവനങ്ങൾ പൂർണ്ണതോതിൽ; കൂടുതൽ വിദഗ്ധ ചികിത്സാ വിഭാഗങ്ങൾ ഉടൻ

എറണാകുളം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരടക്കമുള്ള സാധാരണക്കാരുടെ പ്രധാന ആശ്രയമായ എറണാകുളം ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നു. ന്യൂറോളജി, ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗങ്ങളിലെ സേവനങ്ങൾ പൂർണ്ണതോതിൽ .ആരംഭിക്കുന്നതിനൊപ്പം ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി, പ്ലാസ്റ്റിക് സർജറി എന്നീ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളും ആശുപത്രിയിൽ ഏർപ്പെടുത്തിയതായി സൂപ്രണ്ട് ഡോ. പ്രഭുദാസ് അറിയിച്ചു.

ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗത്തിൽ ഡോ. സുനിൽ കെ. തോമസിന്റെയും, ന്യൂറോളജി വിഭാഗത്തിൽ ഡോ. അപർണ അമർനാഥിന്റെയും ന്യൂറോ സർജൻ ഡോ.ശ്രീനാഥിന്റെയുംപ്ലാസ്റ്റിക് സർജൻ ഡോ മനോജ്‌, മാക്സിലോ ഫേഷ്യൽ സർജൻ ഡോ. വിഷ്ണു എന്നിവരുടെയും നേതൃത്വത്തിലുള്ള വിദഗ്ധ  സേവനങ്ങളാണ് ലഭ്യമാകുന്നത്.

എം.പി. ഹൈബി ഈഡന്റെയും ടി.ജെ. വിനോദ് എം.എൽ.എയുടെയും ഇടപെടലിലൂടെ വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട് പ്രയോജനപ്പെടുത്തി ന്യൂറോളജി, ഗ്യാസ്‌ട്രോഎൻട്രോളജി ചികിത്സകൾക്കാവശ്യമായ ഉപകരണങ്ങളും അനുബന്ധ സംവിധാനങ്ങളും ആശുപത്രിയിൽ ഒരുക്കിയിരുന്നു. കൂടാതെ, ടി.ജെ. വിനോദ് എം.എൽ.എയുടെ ഇടപെടലിന്റെ ഫലമായി സർക്കാർ ന്യൂറോളജി, ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗങ്ങളിലേക്ക് വിദഗ്ധ ഡോക്ടർമാരെയും നിയമിച്ചിട്ടുണ്ട്.

ഇതിന് പുറമെ റെറ്റിന സർജറി, ഇന്റർവെൻഷണൽ റേഡിയോളജി, എൻഡോക്രൈനോളജി എന്നീ വിദഗ്ധ ചികിത്സാ വിഭാഗങ്ങളും ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കൂടുതൽ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ കൂടി ജനറൽ ആശുപത്രിയിൽ ലഭ്യമാകുന്നതോടെ സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ചികിത്സാ ചെലവ് താങ്ങാൻ കഴിയാത്ത സാധാരണക്കാർക്ക് സർക്കാർ ആശുപത്രിയിൽ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ സാധിക്കും. എറണാകുളം ജനറൽ ആശുപത്രിയെ കൂടുതൽ മികച്ച റഫറൽ ചികിത്സാ കേന്ദ്രമായി ഉയർത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് സേവനങ്ങൾ വിപുലീകരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img