01:07pm 09 November 2026
NEWS
കെ.പി.സി.സി.യിൽ പുന:സംഘടനക്ക് തുടക്കമാകുന്നു: സണ്ണി ജോസഫ് അദ്ധ്യക്ഷപദവി ഈ മാസം12 ന് ഏറ്റെടുക്കുന്നു, സംഘടനയിൽ തലമുറ മാറ്റം ലക്ഷ്യമിട്ട് നീക്കങ്ങൾ


10/05/2025  09:42 AM IST
സുരേഷ് വണ്ടന്നൂർ .
കെ.പി.സി.സി.യിൽ പുന:സംഘടനക്ക് തുടക്കമാകുന്നു: സണ്ണി ജോസഫ് അദ്ധ്യക്ഷപദവി  ഈ മാസം12 ന്  ഏറ്റെടുക്കുന്നു, സംഘടനയിൽ തലമുറ മാറ്റം ലക്ഷ്യമിട്ട് നീക്കങ്ങൾ

നിയുക്ത കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെ.പി.സി.സി.) അദ്ധ്യക്ഷനായ സണ്ണി ജോസഫ് എം.എൽ.എയുടെ ഔദ്യോഗിക ചുമതലയേറ്റെടുക്കലിന് തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഡിസംബർ 12-ന് കെ.പി.സി.സിയിൽ ലളിതമായ ചടങ്ങിൽ അദ്ദേഹം അദ്ധ്യക്ഷപദവി ഏറ്റെടുക്കും. ഇതിനായി അദ്ദേഹം  ഇന്ന്  ഡൽഹിക്ക് തിരിക്കും. ഡൽഹിയിൽ അദ്ദേഹം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും, നേതാക്കളായ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവരെയും സന്ദർശിച്ച് ചർച്ചകൾ നടത്തും.

അധ്യക്ഷനായി ചുമതലയേൽക്കുന്ന ദിവസം തന്നെ വർക്കിംഗ് പ്രസിഡന്റുമാരായ നിയമിതരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ എന്നിവർ അധികാരമേൽക്കും. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും അതേ ദിവസം ചുമതലയേൽക്കും. തൊട്ടടുത്ത ദിവസങ്ങളിൽ സണ്ണി ജോസഫ് കെ.പി.സി.സി അദ്ധ്യക്ഷനെന്ന നിലയിൽ ഘടകകക്ഷി നേതാക്കളുമായി ആശയവിനിമയം ആരംഭിക്കും.

പുന:സംഘടനയുടെ ഭാഗമായി കെ.പി.സി.സി. ഭാരവാഹികളെ നിയമിക്കുന്നതിലുള്ള ചർച്ചകൾക്ക് തുടക്കമായിക്കഴിഞ്ഞു. അടുത്ത രണ്ട് ആഴ്ചകളിൽ ഭാരവാഹിപ്പട്ടിക രൂപീകരിക്കാനുള്ള നീക്കങ്ങളാണ് ഊർജിതമായി നടക്കുന്നത്. ഈ നീക്കങ്ങൾ പാർട്ടിയുടെ തലമുറമാറ്റത്തെ സൂചിപ്പിക്കുന്നവയാകുമെന്നും അറിയുന്നു. നിലവിലുള്ള ജനറൽ സെക്രട്ടറിമാരിൽഭൂരിഭാഗം പേരും മാറാനാണ് സാധ്യത. മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷനായിരുന്ന കാലത്ത് നിയമിച്ചിരുന്ന സെക്രട്ടറി തലത്തിലുള്ളവർക്കു പകരം പുതിയ ആളുകളെ പരിഗണിക്കും. വനിതാ പ്രാതിനിധ്യത്തിനും പ്രത്യേക പരിഗണന നൽകപ്പെടും.

കോൺഗ്രസിനെ സംസ്ഥാനത്ത് ശക്തിപ്പെടുത്തുന്നതിനും, അതിനെ പ്രവർത്തക തലത്തിൽ സമര സംഘടനയായി മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഭഗീരഥപ്രയത്നമാണ് ഈ പുന:സംഘടനയിലൂടെ ലക്ഷ്യമിടുന്നത്. യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, ഐ.എൻ.ടി.യു.സി. പോലുള്ള പോഷകസംഘടനകളെയും സർക്കാരിനെതിരായ സമരത്തിൽ കൂടുതൽ സജീവമാക്കാനുള്ള പദ്ധതിയുമുണ്ട്.അതേസമയം, കേരളത്തിൽ ഭരണപക്ഷമായ സിപിഎമ്മും, മൂന്നാമത്തെ ശക്തിയായി ഉയരാൻ ശ്രമിക്കുന്ന ബിജെപിയും, അവരുടെ സംഘടനാപരമായ നവീകരണത്തിൽ ചെറുപ്പക്കാർക്ക് നൽകിയ പ്രാധാന്യത്തെ പിന്തുടരാൻ കോൺഗ്രസ്സും ശ്രമിക്കുന്നു. അതിനാലാണ് കെ.പി.സി.സി. പുന:സംഘടനയിലും തലമുറമാറ്റത്തിനും യുവജനങ്ങൾക്ക് മുൻഗണന നൽകുന്ന കാഴ്ചപ്പാടും കാണുന്നത്.

ഈ പുന:സംഘടനയെ തുടർന്ന്, കേരളത്തിലെ രാഷ്ട്രീയ രംഗത്ത് കോൺഗ്രസിന്റെ നിലപാട് കൂടുതൽ ശക്തമാകുമെന്ന പ്രതീക്ഷയാണ് പാർട്ടിയിൽ ഉയരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img