
കൊച്ചി: സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും ഏകാധിപത്യ ഭരണത്തിനുമെതിരെയുള്ള ജനങ്ങളുടെ പ്രതികരണം വരാനിരിക്കുന്ന നിയസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്. വിജയോത്സവം 2026 അവലോകന യോഗവും ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃയോഗവുംഎറണാകുളം ഡിസിസി ഓഫിസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പ് ഒരു സെമി ഫൈനൽ മത്സരമായിരുന്നു. അതിലെ വിജയം നൽകുന്ന കരുത്തിലൂടെ നിയമസഭ തെരഞ്ഞെടുപ്പ് എന്ന ഫൈനൽ മത്സരത്തെ നേരിടണം. കേരളത്തിൽ ജനങ്ങൾ ആത്യന്തികമായി ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. അത് അവർ അർഹിക്കുന്നുമുണ്ട്. അത് നേടികൊടുക്കാൻ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി മത്സരത്തിനിറങ്ങിയ എല്ലാ സ്ഥാനാർഥികളെയും ഒരുമിച്ച് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ആദരിക്കുന്നത് ചടങ്ങ് വൻ വിജയമാക്കി കോൺഗ്രസിന്റെ ഐക്യം വെളിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ചവരെ ആദരിക്കുന്നതിനായി ഈ മാസം 19ന് മറൈൻഡ്രൈവിൽ നടത്തുന്ന വിജയോത്സവം 2026 വിജയിപ്പിക്കണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു. എംപിമാരായ ബെന്നി ബെഹന്നാൻ, ഹൈബി ഈഡൻ, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ എ.പി അനിൽകുമാർ എംഎൽഎ, ഷാഫി പറമ്പിൽ എം.പി, കെപിസിസി ഭാരവാഹികളായ ശരത് ചന്ദ്രപ്രസാദ്, മാത്യു കുഴൽനാടൻ, ജയ്സൺ ജോസഫ്, എ.എ ഷുക്കൂർ, വി.പി സജീന്ദ്രൻ, അബ്ദുൽ മുത്തലിബ്, ഐ.കെ രാജു, എം.ആർ അഭിലാഷ്. പി.എ സലിം, അനിൽ അക്കര, എൻ. വേണുഗോപാൽ. അജയ് തറയിൽ. ജോസഫ് വാഴക്കൻ, കെ.പി ധനപാലൻ. ദീപ്തി മേരി വർഗീസ, സോണിയ ഗിരി, എംഎൽഎമാരായ കെ. ബാബു, അൻവർ സാദത്ത്, ടി.ജെ വിനോദ്, ഉമ തോമസ്, മേയർ വി.കെ മിനിമോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ, ആശാസനൽ, സേവിയർ തായങ്കരി, പി.എൻ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Photo Courtesy - Google








