07:29pm 12 September 2026
NEWS
വൈദ്യുതി മന്ത്രിയുടെ പ്രസം​ഗത്തിനിടെയും വില്ലനായി പവർകട്ട് എത്തി
11/09/2026  05:45 PM IST
nila
വൈദ്യുതി മന്ത്രിയുടെ പ്രസം​ഗത്തിനിടെയും വില്ലനായി പവർകട്ട് എത്തി

കൊച്ചി: വൈദ്യുതി പ്രതിസന്ധി പരിഹരിച്ച് ‘മുള്ളുകിരീടം’ പൂക്കിരീടമാക്കാനുള്ള ശ്രമത്തിലാണെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞതിന് പിന്നാലെ വേദിയിൽ പവർകട്ട്. എറണാകുളത്ത് കെഎസ്ഇബി ഓഫീസേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളന ഉദ്ഘാടന ചടങ്ങിലാണ് ഏറെ കൗതുകകരമായ സംഭവമുണ്ടായത്.

18-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പ്രസംഗിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചത്. പ്രസംഗം പാതിവഴിയിൽ നിർത്തിയ മന്ത്രി കുറച്ചുസമയം വേദിയിൽ തന്നെ കാത്തുനിന്നു. എന്നാൽ വൈദ്യുതി പുനഃസ്ഥാപിക്കാതെ വന്നതോടെ ഉദ്ഘാടനം പൂർത്തിയായതായി പ്രഖ്യാപിച്ച് മന്ത്രി വേദി വിടുകയായിരുന്നു.

വൈദ്യുതി വകുപ്പ് ഏറ്റെടുക്കുന്നത് മുള്ളുകിരീടം അണിയുന്നതിന് തുല്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പ്രസംഗത്തിനിടെ മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഈ മുള്ളുകിരീടത്തെ പൂക്കിരീടമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ഇതിന് തൊട്ടുപിന്നാലെയാണ് വേദിയിലെ വൈദ്യുതി നിലച്ചത്. സംഭവം മാധ്യമശ്രദ്ധ നേടിയതോടെ മന്ത്രിയോട് ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിക്കുകയും ചെയ്തു. ‘ഞാൻ എപ്പോൾ പ്രസംഗം നിർത്തണമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് കൃത്യമായി അറിയാം’ എന്നായിരുന്നു മന്ത്രിയുടെ തമാശ കലർന്ന മറുപടി.

അതേസമയം, സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കുന്ന നിലപാട് സർക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു.

യൂണിറ്റിന് 4.29 രൂപ നിരക്കിൽ വൈദ്യുതി ലഭിക്കുമായിരുന്ന കരാർ റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയിട്ടും മുൻ സർക്കാർ ആവശ്യമായ ഇടപെടൽ നടത്തിയില്ലെന്നും മന്ത്രി ആരോപിച്ചു. സംഭവത്തിൽ മുൻ വൈദ്യുതി മന്ത്രി പിഴവ് സമ്മതിച്ചതിന് നന്ദിയുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img