01:03am 08 November 2026
NEWS
സുനിത വില്യംസിനും വിൽമോറിനും ഓവർടൈം നൽകുമെന്ന് ട്രംപ്; ഇരുവരെയും ഭൂമിയിലെത്തിച്ച മസ്കിനും പുകഴ്ത്തൽ

22/03/2025  01:57 PM IST
nila
സുനിത വില്യംസിനും വിൽമോറിനും ഓവർടൈം നൽകുമെന്ന് ട്രംപ്; ഇരുവരെയും ഭൂമിയിലെത്തിച്ച മസ്കിനും പുകഴ്ത്തൽ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഒമ്പതു മാസം കുടുങ്ങിപ്പോയ നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഓവർടൈം ശമ്പളം നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിന്റെ ചിലവുകൾ താൻ വഹിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, ഇരുവരെയും ഭൂമിയിലേക്ക് തിരികെ എത്തിച്ചതിന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിനെ വാനോളം പുകഴ്ത്താനും ട്രംപ് മറന്നില്ല.

വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബഹിരാകാശ നിലയത്തിൽ ദീർഘനേരം താമസിച്ചതിന് സുനിതക്കും വിൽമോറിനും ഓവർടൈം വേതനം ലഭിച്ചിട്ടില്ലെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അവർക്ക് താൻ പണം നൽകുമെന്ന് ട്രംപ് വ്യക്തമാക്കിയത്. ഇക്കാര്യം ഇതുവരെ ആരും തന്റെ ശ്രദ്ധയിൽപെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ബഹിരാകാശയാത്രികരായ സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ഹേഗ്, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ അലക്സാണ്ടർ ഗോർബുനോവ് എന്നിവരെ ഭൂമിയിലേക്ക് തിരിച്ചെത്തിച്ചതിന് സ്‌പേസ് എക്‌സിന്റെ ഇലോൺ മസ്‌കിനോട് കടപ്പെട്ടിരിക്കുന്നെന്നും ട്രംപ് കൂട്ടിച്ചേർത്തു. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ദീർഘനാൾ തുടർച്ചയായി കഴിയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപ് ഇലോൺ മസ്കിനെ പുകഴ്ത്തിയത്. പത്തുമാസം ആകുമ്പോഴേക്കും ബഹിരാകാശ സഞ്ചാരികളുടെ ആരോ​ഗ്യസ്ഥിതി ​ഗുരുതരമാകുമായിരുന്നു എന്നും ട്രംപ് ചൂണ്ടിക്കാട്ടി. 14, 15 മാസങ്ങൾക്ക് ശേഷം അസ്ഥികളും രക്തവും വളരെ മോശമാകും. മസ്ക് ഇല്ലായിരുന്നെങ്കിൽ ഇരുവരും അവിടെത്തന്നെ തുടരേണ്ടി വരുമായിരുന്നു. മസ്ക് ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്ന് ആലോചിച്ച് നോക്കാനും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

അതേസമയം, മനുഷ്യനെ ചന്ദ്രനിലെത്തിച്ച് തിരികെ കൊണ്ടുവന്ന നാസ എന്ന ബഹിരാകാശ ഏജൻസിയുടെ ഉടമകളായ ഒരു രാജ്യത്തിന്റെ പ്രസിഡന്റ് തന്നെ നാസയുടെ പ്രാധാന്യം നഷ്ടമായെന്ന സൂചനയാണോ നൽകുന്നത് എന്ന ചർച്ചകളും ഉയരുന്നുണ്ട്. പലതവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും യാത്രികരെ എത്തിക്കുകയും തിരികെ കൊണ്ടുവരികയും ചെയ്ത സ്പേസ് ഏജൻസിയാണ് നാസ. ആ നാസയെ കുറിച്ച് പറയാതെ മസ്കിനെ ട്രംപ് പുകഴ്ത്തുന്നതിന് പിന്നിലെ രാഷ്ട്രീയ - സാമ്പത്തിക ലക്ഷ്യങ്ങളാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. 

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img