
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ഒമ്പത് മാസത്തിന് ശേഷം ഇന്ത്യൻ വംശജ സുനിത വില്യംസ് മടങ്ങിയെത്തിയത് വലിയ ആഘോഷമാക്കുകയാണ് നാസ. ഇന്ത്യൻ വംശജ എന്ന നിലയിൽ ഇന്ത്യക്കാർക്കും ഏറെ സന്തോഷമുള്ള ദിനമാണിന്ന്. ഭൂമിയിലേക്ക് മടങ്ങിയെത്തിയതിന് ശേഷം സുനിത ഇന്ത്യയിലേക്ക് എത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ, 2013ലെ ഗുജറാത്ത് സന്ദർശന വേളയിൽ സുനിത വില്യംസ് അന്നത്തതെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കാണാൻ കൂട്ടാക്കിയിരുന്നില്ല.
2013 ഏപ്രിലിലായിരുന്നു സംഭവം. മോദിയും സുനിതയും തമ്മിലുള്ള കൂടിക്കാഴ്ച്ചക്ക് സൗകര്യം ഒരുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമം നടത്തിയെങ്കിലും സുനിത അതിന് താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. അതേസമയം, കൊല്ലപ്പെട്ട മന്ത്രി ഹരേൺ പാണ്ഡ്യയുടെ ഭാര്യ ജാഗ്രതി പാണ്ഡ്യയ്‌ക്കൊപ്പം ഒരു ദിവസം മുഴുവൻ ചിലവഴിക്കാനും സുനിത മറന്നില്ല. സുനിതയുടെ അടുത്ത ബന്ധുകൂടിയാണ് ജാഗ്രതി.
ഹരേൺ പാണ്ഡ്യ ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്കിനെക്കുറിച്ച് ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർക്ക് രഹസ്യ മൊഴി നൽകിയിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇതിന് പിന്നാലെയാണ് ഇദ്ദേഹം പ്രഭാത നടത്തത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടു. പാണ്ഡ്യയുടെ മരണത്തെത്തുടർന്ന് നിരവധി കൊലപാതക പരമ്പരകൾ നടന്നു. അത് ജസ്റ്റിസ് ലോയയുടെ കൊലപാതകത്തിൽ അവസാനിച്ചു. തന്റെ ഭർത്താവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ മോദി സർക്കാരിന് പങ്കുണ്ടെന്ന് ആരോപിച്ച് പാണ്ഡ്യയുടെ ഭാര്യ ജാഗ്രതി പാണ്ഡ്യ രംഗത്തെത്തിയിരുന്നു. 2012 ൽ ഗുജറാത്ത് പരിവർത്തൻ പാർട്ടി ടിക്കറ്റിൽ അവർ നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.
2007 സെപ്റ്റംബറിൽ തന്റെ ആദ്യ ബഹിരാകാശ യാത്രക്ക് ശേഷം ഗുജറാത്തിലെത്തിയ സുനിതക്ക് സംസ്ഥാന സർക്കാർ ഒരു സ്വീകരണം നൽകിയിരുന്നു. അഹമ്മദാബാദിൽ സർക്കാർ സംഘടിപ്പിച്ച പൗര സ്വീകരണത്തിൽ മോദിയും പങ്കെടുത്തിരുന്നു. അന്ന് അദ്ദേഹം സുനിതയെ വളരെയേറെ പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാൽ പാണ്ഡ്യയുടെ കൊലപാതകത്തിന് പിന്നിൽ മോദി സർക്കാരാണെന്ന് കുടുംബം വിശ്വസിച്ചതിനാൽ ബന്ധങ്ങൾ വഷളാകുകയായിരുന്നു.











