
ഒമ്പത് മാസത്തെ മാനവരാശിയുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തി. എട്ടു ദിവസത്തെ ഗവേഷണങ്ങൾക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഇരുവരും തിരികെയെത്താനുള്ള പേടകത്തിന്റെ സാങ്കേതിക തകരാറുകളെ തുടർന്ന് ഒമ്പത് മാസമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടന്നത്. ഇന്ത്യൻ സമയം ഇന്നു പുലർച്ചെ 3.40 നാണ് ഇവരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകം സമുദ്രത്തിൽ ലാൻഡ് ചെയ്തത്.
ഫ്ലോറിഡ തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിലെ ഗൾഫ് ഓഫ് അമേരിക്കയിലാണ് ഡ്രാഗൺ ക്രൂ9 പേടകം ഇറങ്ങിയത്. ഇന്ത്യൻ വംശജയായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും കൂടാതെ നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരായിരുന്നു പേടകത്തിലുണ്ടായിരുന്നത്.
കടൽപരപ്പിലിറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്കു ശേഷം പേടകത്തെ എംവി മേഗൻ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് പേടകത്തിന്റെ വാതിൽ തുറന്നു. 4.25 ഓടെ യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. ഇവരെ പ്രത്യേക സ്ട്രച്ചറിൽ മെഡിക്കൽ പരിശോധനകൾക്കായി കൊണ്ടു പോയി. ഹെലികോപ്റ്ററിൽ നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലെത്തിച്ച ശേഷം വിശദമായ ആരോഗ്യ പരിശോധനകൾക്കും ചികിത്സക്കും ശേഷമാകും വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കുക.











