
കൊടുങ്ങല്ലൂർ: കയ്പമംഗലം, കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലങ്ങളിലെ സിപിഐയുടെ പ്രാഥമിക സ്ഥാനാർത്ഥി പട്ടികയിൽ സിറ്റിംഗ് എംഎൽഎമാരില്ല. നിലവിലുള്ള എംഎൽഎമാരുടെ പേരുകൾ ഒഴിവാക്കിയാണ് സിപിഐ മണ്ഡലം കമ്മിറ്റികൾ പ്രാഥമിക സ്ഥാനാർഥിപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രണ്ടുതവണ തുടർച്ചയായി വിജയിച്ചവരെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന ജില്ലാ നേതൃത്വത്തിന്റെ നിർദേശത്തെത്തുടർന്നാണ് തീരുമാനം.
വെള്ളിയാഴ്ച വൈകിട്ട് ജില്ലാസെക്രട്ടറി കെ.ജി. ശിവാനന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗങ്ങളിലാണ് പട്ടിക തയ്യാറാക്കിയത്. കയ്പമംഗലത്ത് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ഇ.ടി. ടൈസൺ മാസ്റ്ററുടെയും കൊടുങ്ങല്ലൂരിലെ നിലവിലെ എംഎൽഎ വി.ആർ. സുനിൽകുമാറിന്റെയും പേരുകളാണ് പട്ടികയിൽ ഉൾപ്പെടുത്താതിരുന്നത്. ഇവർ വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി കൈക്കൊള്ളും.
കയ്പമംഗലം മണ്ഡലത്തിൽ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, മുൻ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ്, ഷീലാ വിജയകുമാർ, കെ.എസ്. ജയ എന്നിവരുടെ പേരുകളാണ് ജില്ലാ കമ്മിറ്റിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. ഇവരിൽ നിന്ന് ജില്ലാ എക്സിക്യൂട്ടീവ് ചർച്ച നടത്തി ഒരാളെയോ രണ്ടുപേരെയോ തെരഞ്ഞെടുത്ത് സംസ്ഥാന കമ്മിറ്റിക്ക് കൈമാറും.
അതേസമയം, കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയും മൂന്ന് പേരടങ്ങുന്ന പട്ടികയാണ് സമർപ്പിച്ചത്. ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്റെ പേരും ഇവിടെ പരിഗണനയിലുണ്ട്. സംസ്ഥാന കൗൺസിൽ അംഗവും അഖിലേന്ത്യാ കിസാൻസഭ സെക്രട്ടറിയുമായ കെ.വി. വസന്തകുമാർ, മുൻ നഗരസഭ ചെയർമാനും ജില്ലാ നിർവാഹക സമിതി അംഗവുമായ സി.സി. വിപിൻചന്ദ്രൻ എന്നിവരാണ് മറ്റ് പേരുകൾ.











