05:01am 12 November 2026
NEWS
കനഗോലുവിന്റെ കണിശത, ദീപയുടെ ചടുലത; കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് അത്ഭുതകരമായ വിജയം നേടിയതിന് പിന്നിലെ കാരണങ്ങൾ ഇവയാണ്...
14/12/2025  04:35 AM IST
nila
കനഗോലുവിന്റെ കണിശത, ദീപയുടെ ചടുലത; കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് അത്ഭുതകരമായ വിജയം നേടിയതിന് പിന്നിലെ കാരണങ്ങൾ ഇവയാണ്...

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ അത്ഭുതകരമായ തിരിച്ചുവരവാണ് കോൺ​ഗ്രസും യുഡിഎഫും നടത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈം​ഗികാരോപണവും നേതാക്കൾക്കിടയിലെ തമ്മിലടിയുമെല്ലാം കോൺ​ഗ്രസിനെ തകർത്ത് തരിപ്പണമാക്കും എന്ന രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തലുകളാണ് തകർന്നടിഞ്ഞത്. വലിയ പ്രതിസന്ധികൾക്കിടയിലും കോൺ​ഗ്രസും യുഡിഎഫും തിളക്കമാർന്ന വിജയം നേടി. അതേസമയം, തങ്ങളെങ്ങനെ ജയിച്ചു എന്ന അന്വേഷണം കോൺ​ഗ്രസുകാർക്കിടയിലില്ല. കാരണം എണ്ണയിട്ട യന്ത്രം പോലെ സംഘടനാ സംവിധാനത്തെ ചലിപ്പിക്കാൻ ഇക്കുറി നേതൃത്വത്തിന് കഴിഞ്ഞു എന്ന് കോൺ​ഗ്രസ് പ്രവർത്തകർ തന്നെ സാക്ഷ്യം പറയുന്നു. 

കോൺ​ഗ്രസ് എങ്ങനെ ജയിച്ചു?

ചിട്ടയായ പ്രവർത്തനങ്ങൾ തന്നെയാണ് കോൺ​ഗ്രസിന് ഈ വിജയം സമ്മാനിച്ചത്. തെരഞ്ഞെടുപ്പ് പൂർണമായും ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലും മേൽനോട്ടത്തിലും തന്നെയായിരുന്നു. കേരളത്തിൽ ഇതുവരെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ അപൂർവമായി മാത്രമേ ദേശീയ നേതൃത്വം ഇത്ര സജീവമായി ഇടപെട്ടിട്ടുള്ളൂവെന്ന് കോൺഗ്രസ് നേതാക്കൾ തുറന്നുപറയുന്നു. ഡൽഹിയിൽ ചേർന്ന കേരളത്തിലെ മുതിർന്ന നേതാക്കളുടെ യോഗത്തിൽ, തദ്ദേശ തിരഞ്ഞെടുപ്പ് പാർട്ടിക്ക് നിർണായകമാണെന്നും പരമാവധി സീറ്റുകൾ നേടേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും വ്യക്തമായി നിർദേശിച്ചിരുന്നു.

ഈ നിർദേശങ്ങളുടെ തുടർച്ചയായി, എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും സെക്രട്ടറിമാരും സംസ്ഥാനത്ത് ക്യാംപ് ചെയ്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തി. തിരുവനന്തപുരം കോർപറേഷനിൽ പല ബൂത്ത് കമ്മിറ്റി ഓഫിസുകളിലും ദീപ ദാസ് മുൻഷി നേരിട്ടെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും അവലോകന യോഗങ്ങൾ നടത്തുകയും ചെയ്തു. സംസ്ഥാന നേതൃത്വവുമായി നിരന്തര ആശയവിനിമയം നിലനിർത്തിയതോടൊപ്പം, തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ സംഘത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയായിരുന്നു ഓരോ നീക്കവും.

തിരഞ്ഞെടുപ്പിന് ആറുമാസം മുൻപേ കനഗോലു ടീമിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു. ജില്ലയിലെ താഴെത്തട്ടിലെ രാഷ്ട്രീയാവസ്ഥ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സംഘം സന്ദർശനം നടത്തി. വിജയസാധ്യത, ആവശ്യമായ ഇടപെടലുകൾ, കൂടുതൽ ശ്രദ്ധിക്കേണ്ട മേഖലകൾ എന്നിവ ഉൾപ്പെടുത്തി 140 മണ്ഡലങ്ങളിൽ നിന്നുള്ള വിശദമായ റിപ്പോർട്ട് ദേശീയ നേതൃത്വത്തിന് കൈമാറി.

പ്രചാരണത്തിലെ പോരായ്മകൾ എങ്ങനെ മറികടക്കാം, ഏത് വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണം എന്നതടക്കം തന്ത്രപരമായ നിർദേശങ്ങളും റിപ്പോർട്ടിലുണ്ടായിരുന്നു. കർണാടക നേതാവ് ഹർഷ രമേശ് കനാദത്തിന്റെ ചുമതലയിലുള്ള കോൺഗ്രസ് വാർ റൂമിൽ പാർട്ടി പ്രവർത്തകരോടൊപ്പം കനഗോലു ടീമും സജീവമായി പ്രവർത്തിച്ചു.

സിറ്റിങ് എംഎൽഎമാരെ വ്യക്തിപരമായി കണ്ടു നിർദേശങ്ങൾ നൽകുകയും, പ്രാദേശിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തിൽ ചേർന്ന എംഎൽഎമാരുടെ യോഗത്തിൽ ‘ഡൂ ഓർ ഡൈ’ എന്ന സന്ദേശം വ്യക്തമായി കൈമാറി. തദ്ദേശ ഭരണം പിടിച്ചാൽ മാത്രമേ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് കേരളത്തിന്റെ അധികാരം നേടാനാകൂ എന്ന വ്യക്തമായ മുന്നറിയിപ്പായിരുന്നു നേതൃത്വം നൽകിയത്.

ദീപ ദാസ് മുൻഷിക്ക് കൃത്യമായ ഇടവേളകളിൽ റിപ്പോർട്ടുകൾ കൈമാറി. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ മുതൽ നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ വരെയും, രാഹുൽ മാങ്കൂട്ടത്തിൽ വിഷയവും ഉൾപ്പെടെ എല്ലാം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. അതനുസരിച്ച് എഐസിസി നിർദേശങ്ങൾ കെപിസിസിക്ക് കൈമാറി.

സർക്കാരിനെതിരായ ജനകീയ പരാതികൾ ശേഖരിക്കുന്നതിനായി വിവിധ ജില്ലകളിൽ ‘പരാതിപ്പെട്ടി’ ക്യാംപയിൻ സംഘടിപ്പിച്ചു. പ്രവർത്തകർ വീടുകൾ കയറിയിറങ്ങി പരാതികൾ ശേഖരിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ വിവാദം ശക്തമായ ഘട്ടത്തിൽ ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ എന്ന പേരിൽ നേതാക്കളുടെ ഏകോപിത സമൂഹമാധ്യമ ക്യാംപയിനും ആരംഭിച്ചു.

യുവജനതയെ ലക്ഷ്യമാക്കി എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡിജിറ്റൽ പ്രചാരണത്തിനും കോൺഗ്രസ് മുൻഗണന നൽകി. ഇൻസ്റ്റഗ്രാം വിഡിയോകൾക്ക് പ്രത്യേക പ്രാധാന്യം നൽകി, അനൗദ്യോഗിക പേജുകൾ വഴി പാരഡി ഗാനങ്ങളും എഐ ദൃശ്യാവിഷ്കാരങ്ങളും ഉൾപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കാനുള്ള ശ്രമങ്ങളുമാണ് പാർട്ടി നടത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img