
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിലായി. വെള്ളായണി പാലപ്പൂര് അരുൺ നിവാസിൽ സുമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബാലരാമപുരം ആർ.സി സ്ട്രീറ്റ് സ്വദേശികളായ അച്ചു എസ്. ബാബു (24), അനന്തു എസ്.എസ് (19) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് പിടികൂടിയത്.
മരണകാരണം ആന്തരിക അവയവങ്ങൾക്കേറ്റ പരിക്ക്
സുമന്റെ ശരീരത്തിലേറ്റ മുറിവുകളെക്കുറിച്ച് നടുക്കുന്ന വിവരങ്ങളാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉള്ളത്. പ്രതികളുടെ ക്രൂരമായ മർദ്ദനത്തിൽ സുമന്റെ വാരിയെല്ലുകൾ ഒടിഞ്ഞ് ഹൃദയത്തിലും ശ്വാസകോശത്തിലും തറച്ചുകയറി. കഴുത്തിലെ എല്ല് ഒടിയുകയും ശരീരത്തിനുള്ളിൽ കടുത്ത രക്തസ്രാവം ഉണ്ടാവുകയും ചെയ്തതാണ് മരണത്തിന് കാരണമായത്. മരണം സംഭവിച്ചതിന് ശേഷവും പ്രതികൾ സുമനെ റോഡിലിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തതായി പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
തർക്കത്തിന്റെ തുടക്കം ബാറിൽ നിന്ന്
ബുധനാഴ്ച രാത്രി പത്തരയോടെ മുക്കോലയിലെ ഒരു ബാറിൽ വെച്ചാണ് സംഭവങ്ങളുടെ തുടക്കം. പ്രതിയായ അച്ചുവും അവിടെയുണ്ടായിരുന്ന മറ്റൊരാളും തമ്മിൽ തർക്കമുണ്ടാവുകയും, അച്ചു അയാളെക്കൊണ്ട് നിർബന്ധിച്ച് കാലുപിടിപ്പിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത സുമനുമായി പ്രതികൾ ഏറ്റുമുട്ടി. പിടിവലിക്കിടെ അച്ചുവിന്റെ മുഖത്ത് ഇടിയേറ്റതോടെ തർക്കം രൂക്ഷമായി. തുടർന്ന് അച്ചു തന്റെ സഹോദരൻ അനന്തുവിനെ വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്ന് ഇരുവരും ചേർന്ന് സുമനെ ദേശീയപാത ബൈപാസിന്റെ സർവീസ് റോഡിലേക്ക് തള്ളിയിട്ട് അതിക്രൂരമായി മർദ്ദിച്ചു. ആളുകൾ നോക്കിനിൽക്കെയായിരുന്നു ഈ ക്രൂരകൃത്യം. ദൃശ്യങ്ങൾ പകർത്തിയവരെ പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ നാട്ടുകാർ പെപ്പർ സ്പ്രേ ഉപയോഗിച്ച് പ്രതികളെ തടയാൻ ശ്രമിച്ചതോടെ ഇവർ സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു.
കോവളത്തെ റെസ്റ്റോറന്റിൽ കുക്കായി ജോലി ചെയ്തുവരികയായിരുന്നു സുമൻ. സുമന്റെ മൃതദേഹം മുട്ടത്തറ ശ്മശാനത്തിൽ സംസ്കരിച്ചു. രമ്യയാണ് ഭാര്യ, അനാർക്കലി (5 വയസ്സ്) ഏക മകളാണ്. പ്രതികളെ കൃത്യം നടന്ന രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുകോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.










