08:21pm 15 September 2026
NEWS
ബത്തേരി പോലീസ് സ്റ്റേഷനിൽ നിന്നും ഏഴുചാക്ക് ഹാൻസ് മോഷ്ടിച്ചത് പോലീസുകാരൻ; സീനിയർ സിവിൽ പോലീസ് ഓഫീസർ സബിത്തിനെ സസ്പെൻഡ് ചെയ്തു
14/09/2026  05:12 PM IST
nila
ബത്തേരി പോലീസ് സ്റ്റേഷനിൽ നിന്നും ഏഴുചാക്ക് ഹാൻസ് മോഷ്ടിച്ചത് പോലീസുകാരൻ; സീനിയർ സിവിൽ പോലീസ് ഓഫീസർ സബിത്തിനെ സസ്പെൻഡ് ചെയ്തു

സുൽത്താൻബത്തേരി: കോടതി സൂക്ഷിക്കാനായി പോലീസിന് കൈമാറിയ തൊണ്ടിമുതലായ ഹാൻസ് സ്റ്റേഷനിൽ നിന്ന് കാണാതായ സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ. ബത്തേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. ഡിവൈ.എസ്.പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടി. സബിത്ത് നിലവിൽ ഒളിവിലാണെന്നാണ് സൂചന.

ബത്തേരി പോലീസ് സ്റ്റേഷന്റെ വളപ്പിലുള്ള കെട്ടിടത്തിലെ മുറിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളിൽ നിന്നാണ് ഏഴുചാക്ക് ഹാൻസ് മോഷണം പോയത്. ജൂൺ 26-ന് കോടതിയിൽനിന്ന് തിരികെ സ്റ്റേഷനിലെത്തിച്ച ഹാൻസ് ചാക്കുകൾ മുറിയിൽ സൂക്ഷിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച സ്റ്റേഷൻ റൈട്ടറുടെ നേതൃത്വത്തിൽ മുറി വൃത്തിയാക്കുന്നതിനായി തുറന്ന് പരിശോധിച്ചപ്പോഴാണ് ഏഴുചാക്ക് കാണാതായ വിവരം പുറത്തുവന്നത്.

ജൂൺ ഏഴിന് ബീനാച്ചി ദൊട്ടപ്പൻകുളത്ത് പള്ളിക്കണ്ടി സ്വദേശി ഇസ്ഹാഖ് താമസിച്ചിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻതോതിൽ പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. അലമാരയ്ക്ക് പിന്നിൽ രഹസ്യ അറയുണ്ടാക്കി ഏഴുചാക്കുകളിലായി സൂക്ഷിച്ചിരുന്ന 12,000 പാക്കറ്റ് ഹാൻസും 1,800 പാക്കറ്റ് കൂൾലിപ്പും ഉൾപ്പെടെയുള്ളവയാണ് പോലീസ് പിടിച്ചെടുത്തത്. വീടിന് പുറത്തുണ്ടായിരുന്ന കാറിൽനിന്ന് ഒരു ചാക്ക് പുകയില ഉത്പന്നവും പിടികൂടിയിരുന്നു.

ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയ തൊണ്ടിമുതലുകൾ പിന്നീട് സൂക്ഷിക്കുന്നതിനായി പോലീസിന് കൈമാറുകയായിരുന്നു. എന്നാൽ, സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഹാൻസ് ചാക്കുകളിൽ ഏഴെണ്ണമാണ് പിന്നീട് കാണാതായത്.

സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സബിത്തിന് നേരെ സംശയം ശക്തമായത്. സ്റ്റേഷനിലെയും പരിസരങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രാത്രിസമയത്ത് ഹാൻസ് ചാക്കുകൾ പുറത്തേക്ക് കൊണ്ടുപോയതായി കണ്ടെത്തി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സബിത്താണ് ഇവ മോഷ്ടിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയതെന്നാണ് വിവരം.

സബിത്തിന് ഒപ്പമുണ്ടായിരുന്ന മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

അന്വേഷണം കൃത്യമായ രീതിയിൽ മുന്നോട്ടുപോകുകയാണെന്ന് ബത്തേരി ഡിവൈ.എസ്.പി. എം.എം. അബ്ദുൾകരീം പറഞ്ഞു. അന്വേഷണസംഘത്തിന് സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമായിട്ടുണ്ടെന്നും കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img