
കുസാറ്റിലേയും സുൽത്താൻ ഖബൂസ് സർവകലാശാലയിലെ പ്രതിനിധികളും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ
കൊച്ചി: ഒമാനിലെ സുൽത്താൻ ഖബൂസ് സർവകലാശാലയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) അക്കാദമിക്-ഗവേഷണ സഹകരണത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. സുൽത്താൻ ഖബൂസ് സർവകലാശാല വൈസ് ചാൻസലർ ഹിസ് ഹൈനെസ് സയ്യിദ് ഡോ. ഫഹദ് ബിൻ അൽ ജുലന്ദ അൽ സൈദ്, കുസാറ്റ് രജിസ്ട്രാർ ഡോ. അരുണ്‍ എ.യു. എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ച ചടങ്ങിൽ, ഇന്ത്യയുടെ ഒമാൻ സ്ഥാനപതി ഹിസ് എക്സലൻസി ഖോടവർത്തി വെങ്കട ശ്രീനിവാസ്, ഇരുവിഭാഗങ്ങളിലെയും അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. ഗവേഷകർ, അധ്യാപകർ, വിദഗ്ധർ എന്നിവരുടെ കൈമാറ്റം, സംയുക്ത ഗവേഷണ പദ്ധതികൾ, പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാർത്ഥികളുടെ ഗവേഷണ മേൽനോട്ടം, കോൺഫറൻസുകൾ, സെമിനാറുകൾ എന്നിവയിൽ സഹകരണം തുടങ്ങിയവ ഈ കരാർ ഉറപ്പുവരുത്തുന്നു. അക്കാദമിക- ഗവേഷണ കൈമാറ്റം, വിദ്യാർത്ഥി-ഗവേഷക സന്ദർശനങ്ങൾ എന്നിവയും കരാറിന്റെ ഭാഗമാണ്. ഈ സഹകരണം ഇരുസർവകലാശാലകൾക്കും കൂടുതൽ അക്കാദമിക് അവസരങ്ങൾ ഒരുക്കുകയും ഗവേഷണബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും.
Photo Courtesy - Google








