
സുൽത്താൻ ബത്തേരി: നാല് വർഷമായി തുടരുന്ന അജ്ഞാത സൈബർ ആക്രമണത്തിൽ ജീവിതം പ്രതിസന്ധിയിലായി വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയായ അധ്യാപിക സൗമ്യ. ഫോണുകളും ഇ-മെയിൽ അക്കൗണ്ടുകളും ബാങ്ക് അക്കൗണ്ടുകളും നിരന്തരം മാറ്റിയിട്ടും ഹാക്കിങ് അവസാനിക്കുന്നില്ല. ലക്ഷക്കണക്കിന് രൂപ നഷ്ടമായതിനു പുറമെ കടബാധ്യത 22 ലക്ഷത്തോളം രൂപയായി ഉയർന്നതായും സൗമ്യ പറയുന്നു.
2022-ലാണ് സൗമ്യയ്ക്കെതിരായ സൈബർ ആക്രമണം ആരംഭിച്ചത്. ഫോണും ഇ-മെയിൽ ഐഡികളും ഹാക്ക് ചെയ്യപ്പെടുക, ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം നഷ്ടപ്പെടുക, ഫോണുകൾ തനിയെ ഫാക്ടറി റീസെറ്റ് ആകുക തുടങ്ങിയ പ്രശ്നങ്ങളാണ് തുടർച്ചയായി നേരിടുന്നത്. ഒമ്പത് തവണ ഫോണുകളും സിം കാർഡുകളും മാറ്റിയിട്ടും ആക്രമണം അവസാനിച്ചിട്ടില്ല.
വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി ഏകദേശം 2.5 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പരാതി. ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കപ്പെട്ടതിന് പിന്നാലെ ഫോൺ ഫാക്ടറി റീസെറ്റ് ആകുന്നതാണ് ആക്രമണത്തിന്റെ രീതി. ഗൂഗിൾ പേ വൗച്ചറുകൾ ഉപയോഗിച്ച് പണം ഗെയിമിങ് ആപ്പുകളിലേക്ക് മാറ്റുന്നതായി സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്.
ഫോണുകൾ മാറ്റിയതിനു പുറമെ ഇ-മെയിൽ വിലാസങ്ങൾ, പാസ്വേഡുകൾ, ബാങ്ക് അക്കൗണ്ടുകൾ, ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ എന്നിവയും പലതവണ പുതുക്കി. എന്നിട്ടും പ്രശ്നത്തിന് പരിഹാരമായില്ല. സൈബർ പോലീസിന്റെയും എത്തിക്കൽ ഹാക്കർമാരുടെയും സഹായം തേടിയെങ്കിലും ആക്രമണത്തിന് പിന്നിലുള്ളയാളെ കണ്ടെത്താനോ ഇത് തടയാനോ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് സൗമ്യയുടെ പരാതി.
സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്. അക്കൗണ്ടുകളിൽ പണമില്ലാത്തതിനെ തുടർന്ന് ഇ.എം.ഐ. ചെക്കുകൾ മടങ്ങി. ദിവസേന 540 രൂപവരെ ചെക്ക് ബൗൺസ് ചാർജായി ഈടാക്കിയതോടെ നേരത്തെ നാല് ലക്ഷത്തോളം രൂപയായിരുന്ന കടബാധ്യത 22 ലക്ഷത്തോളമായി ഉയർന്നു. വാടകവീട്ടിൽ താമസിക്കുന്ന കുടുംബത്തിന് രണ്ടു മാസത്തെ വാടക പോലും നൽകാനായിട്ടില്ല.
സൈബർ ആക്രമണത്തിന്റെ പ്രത്യാഘാതം ദൈനംദിന ജീവിതത്തെയും ബാധിച്ചു. ഫോണിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം ബയോമെട്രിക് സംവിധാനം പ്രവർത്തനരഹിതമാക്കിയതോടെ റേഷൻ കടയിൽനിന്ന് ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻപോലും കഴിയാത്ത അവസ്ഥയാണെന്ന് സൗമ്യ പറയുന്നു.
കഴിഞ്ഞ ദിവസം സൈബർ സെല്ലിന്റെ ഇടപെടലിൽ പുതിയ ഇ-മെയിൽ ഐഡിയും പാസ്വേഡും സജ്ജീകരിച്ചെങ്കിലും മണിക്കൂറുകൾക്കകം ഫോൺ വീണ്ടും ഫാക്ടറി റീസെറ്റ് ആയി. പിന്നാലെ മകളുടെ ഫോണും സമാനരീതിയിൽ റീസെറ്റ് ആവുകയും മകളുടെ അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടാൻ തുടങ്ങുകയും ചെയ്തതായി സൗമ്യ ആരോപിക്കുന്നു.
തന്നെയും കുടുംബത്തെയും കടുത്ത മാനസിക-സാമ്പത്തിക പ്രതിസന്ധിയിലാക്കിയ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് സൗമ്യ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. നിലവിൽ സൈബർ സെല്ലും ജില്ലാ പോലീസ് മേധാവിയും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. സ്വന്തമായി ഒരു ഫോൺ പോലും സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം അവസാനിപ്പിക്കണമെന്നാണ് സൗമ്യയുടെ ആവശ്യം.










