
ചങ്ങനാശ്ശേരി ∙ മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഗണേഷ് കുമാറിന്റെ ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്നും ആരോപണങ്ങളുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.
ജനാധിപത്യം ഇല്ലാത്തിടത്ത് അതിനെതിരേ ആക്ഷേപം ഉള്ളവർക്ക് കേസ് കൊടുക്കാം.ഗണേഷ് കുമാർ പറയുന്ന കാര്യങ്ങൾക്ക് മറുപടി നൽകാൻ താനില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. സ്വന്തം പിതാവിനെക്കുറിച്ച് ഗണേഷ് കുമാർ തന്നെ നേരത്തെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു.
എൻഎസ്എസ് ജനറൽ സെക്രട്ടറിയെയും എൻഎസ്എസിനെയും സ്നേഹിച്ച് വേണം ജീവിക്കാനെന്ന് പിതാവ് ഉപദേശിച്ചിരുന്നുവെന്നും അത് അനുസരിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞിട്ട് അധികകാലമായിട്ടില്ലെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.
എൻഎസ്എസിനെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ചിലർ കോടതികളിൽ കേസുമായി മുന്നോട്ടുപോകുകയാണെന്നും സുകുമാരൻ നായർ ആരോപിച്ചു. കീഴ്‌ക്കോടതി മുതൽ ഹൈക്കോടതിയും സുപ്രീം കോടതിയും വരെ കേസുകൾ നടക്കുകയാണ്. അവരുടെ ഭാഗമായാണ് ഗണേഷ് കുമാർ ഇപ്പോൾ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, 64 വർഷമായി എൻഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന താൻ ആരെങ്കിലും ഗൂഢാലോചന നടത്താൻ ഇടയാകുന്ന തരത്തിലുള്ള തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി. ഗണേഷ് കുമാറിന് കോടതിയെ സമീപിക്കാമെന്നും അനധികൃതമായി ആർക്കും നിയമനം നൽകിയിട്ടില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
പിതൃസ്ഥാനത്ത് കാണുന്നുവെന്ന് പറഞ്ഞിരുന്ന ഗണേഷ് കുമാർ ഇപ്പോൾ വിമർശിക്കുന്നതിന്റെ കാരണമെന്തെന്ന ചോദ്യത്തിന്, ‘ഇപ്പോൾ പിതൃസ്ഥാനത്ത് അല്ലെന്ന് തോന്നിയിട്ടുണ്ടാകും, അതുകൊണ്ടാകും വിമർശിക്കുന്നത്’ എന്നായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.










