
പെരുന്ന: ആചാരങ്ങളിൽ കൈ കടത്തരുതെന്ന് മുഖ്യമന്ത്രിക്ക് ജി സുകുമാരൻ നായരുടെ മുന്നറിയിപ്പ്. ക്ഷേത്രത്തിൽ മേൽമുണ്ട് ധരിച്ച് കേറുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാമർശത്തിലാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പ്രതികരണം. ആചാരങ്ങളിൽ കൈ കടത്തരുതെന്നായിരുന്നു സുകുമാരൻ നായരുടെ മുന്നറിയിപ്പ്. ഒരോ ക്ഷേത്രത്തിലും ഓരോ ആചാരമാണെന്നും അത് സർക്കാരിനോ മറ്റോ തിരുത്താനാകില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. പെരുന്നയിൽ മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് സുകുമാരൻ നായർ ഇക്കാര്യം വ്യക്തമാക്കിയത്.
ഹിന്ദുവിന്റെ പുറത്ത് മാത്രമെ ഇത്തരം വ്യാഖ്യാനങ്ങൾ ഉള്ളോയെന്നും സുകുമാരൻ നായർ ചോദിച്ചു. ക്രിസ്ത്യാനികൾക്കും മുസ്ലീം വിഭാഗത്തിനും അവരുടെ ആചാരങ്ങൾ ഉണ്ട്. വിമർശിക്കാൻ ഇവിടുത്തെ മുഖ്യമന്ത്രിയ്‌ക്കൊ ശിവഗിരി മഠത്തിനോ ധൈര്യമുണ്ടോയെന്നും സുകുമാരൻ നായർ ചോദിച്ചു. ഹിന്ദുവിന്റെ നേരെ എല്ലാം അടിച്ചേൽപ്പിക്കാമെന്ന തോന്നൽ, പിടിവാശി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളിൽ ഉടുപ്പഴിച്ച് കയറണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്നും ഇത്തരം അന്ധാചാരങ്ങൾ നീക്കാൻ ശ്രീനാരായണീയ സമൂഹം ഇടപെടണമെന്നും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. ശിവഗിരി തീർഥാടന മഹോത്സവ സമ്മേളനത്തിലായിരുന്നു സ്വാമി സച്ചിദാനന്ദയുടെ പരാമർശം. ശ്രീനാരായണ ക്ഷേത്രങ്ങൾ മാത്രമല്ല മറ്റ് ആരാധനാലയങ്ങളും ഭാവിയിൽ ഈ നിർദേശം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പറഞ്ഞിരുന്നു. എന്നാൽ, മുഖ്യമന്ത്രി അതിനെ പിന്തുണക്കാൻ പാടില്ലായിരുന്നു എന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ഇന്ന് മന്നം ജയന്തി സമ്മേളനത്തിൽ പ്രസംഗിക്കവെ പറഞ്ഞത്.











