
കേരളത്തെ ഞെട്ടിച്ച ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന സംശയം വീണ്ടും ശക്തമാകുന്നു. നാലര പതിറ്റാണ്ടായി പൊലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയുന്ന സുകുമാരക്കുറുപ്പിനെക്കുറിച്ച് ബ്രൂണൈയിൽനിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്നാണ് റിപ്പോർട്ട്.
സൈബർ വിദഗ്ധൻ നടത്തിയ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പ് ബ്രൂണൈയിൽ ജീവിച്ചിരിപ്പുണ്ടാകാമെന്ന സൂചനകൾ ലഭിച്ചത്. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ഒരാളുടെ ചിത്രങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവന്നിട്ടുണ്ട്. മലയാളിയായ വയോധികനെ ബ്രൂണൈയിൽ നിരീക്ഷിച്ചുവരുന്നതായും വിവരമുണ്ട്.
സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബ്രൂണൈയിൽ കഴിയുന്ന വ്യക്തി യഥാർഥത്തിൽ സുകുമാരക്കുറുപ്പാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.
1984 ജനുവരി 22ന് ആലപ്പുഴയിലെ കരുവാറ്റയിൽ ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയ കേസിലാണ് സുകുമാരക്കുറുപ്പ് പ്രതിയായത്. ചാക്കോയുടെ മൃതദേഹം സുകുമാരക്കുറുപ്പിന്റെ കാറിലിട്ട് കത്തിച്ച്, മരിച്ചത് സുകുമാരക്കുറുപ്പാണെന്ന് വരുത്തിത്തീർത്ത് ഇൻഷുറൻസ് തുക തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്നാണ് കേസ്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സുകുമാരക്കുറുപ്പിനെ കണ്ടെത്താൻ വിവിധ ഘട്ടങ്ങളിൽ അന്വേഷണങ്ങൾ നടന്നെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. ഇപ്പോൾ ബ്രൂണൈയിൽനിന്ന് ലഭിച്ച പുതിയ സൂചനകൾ കേസിൽ വീണ്ടും നിർണായക വഴിത്തിരിവാകുമോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.











