
ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ കുറ്റാരോപിതനായ സഹപ്രവർത്തകൻ പോലീസിൽ കീഴടങ്ങി.
മുൻകൂർ ജാമ്യം ഹൈക്കോടതിതള്ളിയതോടെ ആണ് കുറ്റാരോപിതനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷ് പൊലീസിൽ കീഴടങ്ങിയത്.
മാർച്ച് 24-നാണ് ഐ.ബി ഉദ്യോഗസ്ഥയായ മേഘയെ തിരുവനന്തപുരം പേട്ട റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ടത്. ഇതുമായി ബന്ധപ്പെട്ട് സഹപ്രവർത്തകൻ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സുരേഷിനെതിരെ പേട്ട പോലീസ് കേസും എടുത്തു. സംഭവത്തെത്തുടർന്ന് ഐബിയിൽനിന്ന് സുകാന്തിനെ പിരിച്ചുവിട്ടിരുന്നു. മരണം നടന്ന് മൂന്നാംദിവസം മേഘയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അച്ഛൻ മധുസൂദനൻ എടുത്തിരുന്നു. അപ്പോഴാണ് മകളുടെ ശമ്പളം മുഴുവൻ സുകാന്തിന്റെ അക്കൗണ്ടിലേക്കാണ് പോയിരുന്നതെന്ന് മനസ്സിലായത്.
ഇയാൾ, സാമ്പത്തിക, ലൈംഗികചൂഷണം നടത്തിയെന്ന് മേഘയുടെ കുടുംബം ആരോപിച്ചു. ഇത് സാധൂകരിക്കുന്ന തെളിവുകളും ഇവർ പോലീസിന് കൈമാറി. കഴിഞ്ഞദിവസം മേഘയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. പ്രതിയെ പിടികൂടാത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി മേഘയുടെ അച്ഛൻ പറഞ്ഞു. ഇപ്പോഴത്തെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് മേഘയുടെ അച്ഛൻ മധുസൂദനൻ പറഞ്ഞു.
സുകാന്തിന്റെ വീട് പരിശോധിച്ചപ്പോൾ ഒന്നും കിട്ടിയില്ലെന്നാണ് പറഞ്ഞത്. പിന്നീട് പരിശോധിച്ചപ്പോൾ സുകാന്തിന്റെ ലാപ്പ്ടോപ്പും ഫോണും ലഭിച്ചെന്നും പോലീസ് പറഞ്ഞു.








