
ദോഹ: പ്രമുഖ സാറ്റലൈറ്റ് സേവനദാതാക്കളായ 'സുഹൈൽസാറ്റ്' (Es’hailSat), തുർക്‌സാറ്റ് (Turksat), തെയ്‌ൽസ് അലെയ്നിയ സ്‌പേസ് (Thales Alenia Space) എന്നിവരുമായി ഒപ്പുവെച്ച തന്ത്രപ്രധാനമായ കരാറുകൾ ബഹിരാകാശ-ഉപഗ്രഹ ആശയവിനിമയ രംഗത്ത് കുതിച്ചുയരാനുള്ള ഖത്തരി ദേശീയ കമ്പനികളുടെ വലിയ ലക്ഷ്യങ്ങളുടെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനി വ്യക്തമാക്കി.
കരാറുകൾ ഒപ്പുവെക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിച്ചതായി എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ച പ്രധാനമന്ത്രി, ഈ പുതിയ പങ്കാളിത്തങ്ങൾ ഉപഗ്രഹ സേവന രംഗത്ത് സുഹൈൽസാറ്റിന്റെ ആഗോള സ്ഥാനം കൂടുതൽ ശക്തമാക്കുമെന്നും കൂട്ടിച്ചേർത്തു.
"ബഹിരാകാശ വിനിമയ രംഗത്ത് നേതൃത്വപരമായ പങ്ക് നിലനിർത്താനുള്ള നമ്മുടെ ദേശീയ കമ്പനികളുടെ നിശ്ചയദാർഢ്യമാണ് ഈ കരാറുകൾ വ്യക്തമാക്കുന്നത്," പ്രധാനമന്ത്രി കുറിച്ചു.
സുഹൈൽസാറ്റ് കമ്പനിക്ക് കൂടുതൽ വിജയങ്ങൾ ആശംസിച്ച അദ്ദേഹം, രാജ്യത്തിന്റെ പുരോഗതിക്ക് ഏറെ നിർണ്ണായകമായ ഈ സുപ്രധാന മേഖലയിൽ വരും ദിവസങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. ബഹിരാകാശ സാങ്കേതികവിദ്യാ രംഗത്ത് ഖത്തറിന്റെ സാന്നിധ്യം കൂടുതൽ വിപുലമാക്കുന്നതാണ് പുതിയ അന്താരാഷ്ട്ര കരാറുകൾ.











