
കാക്കനാട് ബോസ്റ്റൽ സ്കൂളിൽനിന്ന് പുറത്തിറങ്ങിയ നെടുമ്പാശേരി വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിനെ മാധ്യമങ്ങളുടെ ക്യാമറകളിൽനിന്ന് മറച്ചുപിടിച്ച് കൊണ്ടുപോയി ബന്ധുക്കൾ. ജയിൽ കവാടത്തിന് പുറത്തെത്തിയ സുഹൈലിനെ ബന്ധുക്കൾ വളഞ്ഞ് മുഖം മറച്ചശേഷം കാറിലേക്ക് കയറ്റുകയായിരുന്നു. മാധ്യമപ്രവർത്തകരുടെ ക്യാമറകൾ തടയാൻ കാറുകൾ നിരത്തിയുള്ള നീക്കങ്ങളും അരങ്ങേറി.
സുഹൈലിന്റെ മോചനം അരമണിക്കൂറിനുള്ളിൽ ഉണ്ടാകുമെന്നായിരുന്നു പൊലീസ് മാധ്യമങ്ങളെ അറിയിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും നേരത്തെ കൈയിൽ ഒരു സഞ്ചിയുമായി സുഹൈൽ ജയിൽ കവാടത്തിന് പുറത്തേക്ക് എത്തി. ഇതോടെ സമീപത്ത് കാത്തുനിന്നിരുന്ന ബന്ധുക്കൾ ഇയാൾക്കരികിലേക്ക് ഓടിയെത്തി. മുഖം മറച്ച് സുരക്ഷാവലയം തീർത്താണ് കാറിനുള്ളിലേക്ക് മാറ്റിയത്. പിന്നാലെ കാർ അതിവേഗം ജയിൽ പരിസരത്തുനിന്ന് പുറത്തേക്ക് പാഞ്ഞു. സംഭവങ്ങൾക്കു ശേഷം ചിരിച്ചുകൊണ്ടാണ് ബന്ധുക്കൾ മടങ്ങിയത്.
മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ ഒരു മാസവും അഞ്ചു ദിവസവും ബോസ്റ്റൽ സ്കൂളിൽ കഴിഞ്ഞ ശേഷമാണ് സുഹൈൽ പുറത്തിറങ്ങുന്നത്. കഴിഞ്ഞ ആറാം തീയതി സുഹൈൽ ഉൾപ്പെടെ നാലു പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കേസിലെ അന്വേഷണ നടപടികളും ഡിജിറ്റൽ തെളിവുകളുടെ ശേഖരണവും പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെ തുടർന്ന് സുഹൈലിന്റെ മോചനം പത്തുദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബർ 11നായിരുന്നു കേസിനാസ്പദമായ അപകടം. മദ്യപിച്ച് അമിതവേഗത്തിൽ സുഹൈൽ ഓടിച്ച കാർ ഇടിച്ച് രണ്ട് യുവതികളടക്കം മൂന്നുപേരാണ് മരിച്ചത്. സംഭവത്തിൽ മനഃപൂർവമായ നരഹത്യ ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.










