
ദോഹ:വേട്ടയാടലിന്റെയുംപരുന്തുവളർത്തലിന്റെയും ഈറ്റില്ലമായ ഖത്തറിന്റെ പാരമ്പര്യം വിളിച്ചോതി കതാറ അന്താരാഷ്ട്ര ഹണ്ടിംഗ് ആന്റ് ഫാൽക്കൺസ് എക്സിബിഷൻ 'സുഹൈൽ' ശ്രദ്ധേയമാകുന്നു. പ്രൗഢമായ അറേബ്യൻ പൈതൃകവും ആധുനിക സാങ്കേതികവിദ്യയും സമ്മേളിക്കുന്ന ഈ എക്സിബിഷൻ, വരുംതലമുറയ്ക്കായി ഭൂതകാലത്തിന്റെ വാതായനങ്ങൾ തുറന്നിടുന്ന മനോഹരമായൊരു പാലമായി മാറിക്കഴിഞ്ഞുവെന്ന് സന്ദർശകർ സാക്ഷ്യപ്പെടുത്തുന്നു.
മരുഭൂമിയുടെ മനോഹാരിതയും വേട്ടയാടൽ സംസ്കാരവും സ്നേഹിക്കുന്നവരുടെ വാർഷിക സംഗമവേദിയായി 'സുഹൈൽ' മാറിയെന്ന് എക്സിബിഷൻ സന്ദർശിച്ചവർ വ്യക്തമാക്കി.കേവലമൊരു വാണിജ്യ മേളയ്ക്കപ്പുറം പൂർവ്വികരുടെ വീരഗാഥകളും ജീവിതരീതികളും പുതുതലമുറയ്ക്ക് പകർന്നുനൽകുന്ന ജീവസ്സുറ്റ അനുഭവമായി സുഹൈൽ മാറിയെന്ന് ഹസ്സൻ അൽ-ഒതൈബി അഭിപ്രായപ്പെട്ടു.പരമ്പരാഗത വേട്ടയാടൽ ഉപകരണങ്ങൾക്കൊപ്പം അന്താരാഷ്ട്ര കമ്പനികൾ തയ്യാറാക്കിയ അത്യാധുനിക സജ്ജീകരണങ്ങളും എക്സിബിഷനിൽ ഒരുക്കിയിട്ടുണ്ട്.കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി തുടരുന്ന ഈ പ്രദർശനം ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധ നേടാൻ സാധിച്ചിട്ടുണ്ടെന്ന് ഖാലിദ് അൽ ദർവീഷ് പറഞ്ഞു.പാരമ്പര്യത്തെയും സംസ്‌കാരത്തെയും അടുത്തറിഞ്ഞ് കുഞ്ഞുങ്ങളിലേക്കും യുവാക്കളിലേക്കും പകർന്നുനൽകാൻ ഇത്തരം സംരംഭങ്ങൾ സഹായിക്കുമെന്ന് സ്വാലിഹ് മുഹമ്മദ് അൽ മർറി വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുൻനിര കമ്പനികളും കരകൗശല വിദഗ്ദ്ധരും അണിനിരന്ന മേള, കച്ചവടത്തിനപ്പുറം സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും ആഗോള സംഗമവേദിയായി മാറുകയാണ്.











