
ദോഹ:പൈതൃകത്തിന്റെയുംആധുനികതയുടെയുംസമന്വയമൊരുക്കിയ 10-ാമത് 'സുഹൈൽ' കതാറ അന്താരാഷ്ട്ര വേട്ടയാടൽ-പരുന്ത് പ്രദർശനത്തിന് (S’hail 2026) വൻ ജനപങ്കാളിത്തത്തോടെ സമാപനം. വാരാന്ത്യത്തിൽ കതാറ കൾച്ചറൽ വില്ലേജിൽ നടന്ന പ്രദർശനവും ലേലവും കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.
ഖത്തറിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും പരുന്ത് പ്രേമികളെയും വേട്ടയാടൽ ആവേശക്കാരെയും ഒരുപോലെ ആകർഷിച്ചത് അപൂർവ്വ ഇനം പരുന്തുകളുടെ ലേലമായിരുന്നു. ഹൈബ്രിഡ് (സങ്കരയിനം) ഇല്ലാത്ത, ഏറ്റവും അപൂർവ്വവും ഗുണമേന്മയുള്ളതുമായ പരുന്തുകളെ മാത്രം ഉൾപ്പെടുത്തി നടത്തിയ ലേലത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ഈ വർഷത്തെ ലേലത്തിനായി 43 അപൂർവ്വ ഇനം പരുന്തുകളെയാണ് പ്രത്യേക സമിതി തെരഞ്ഞെടുത്തത്. വിദഗ്ധ സമിതി പരുന്തുകളുടെ ശാരീരിക സവിശേഷതകളും ഭംഗിയും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ലേലത്തിലേക്ക് മാറ്റിയതെന്ന് സംഘാടക സമിതി അംഗം ഖലീഫ ബിൻ സുൽത്താൻ അൽ ഹുമൈദി പറഞ്ഞു.
വേട്ടയാടൽ ഉപകരണങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യകൾ, ക്യാമ്പിംഗ് ഉപകരണങ്ങൾ തുടങ്ങിയവ പ്രദർശിപ്പിച്ച വിവിധ സ്റ്റാളുകളും പ്രദർശന നഗരിയിൽ ഉണ്ടായിരുന്നു. പരുന്ത് വളർത്തലിലും വേട്ടയാടലിലുമുള്ള ഖത്തറിന്റെ പരമ്പരാഗത സംസ്കാരം ഉജ്ജ്വലമായി വിളിച്ചോതുന്നതായിരുന്നു പത്താം പതിപ്പിലെ പരിപാടികൾ.










