01:43am 12 November 2026
NEWS
ഈദ് വേദിയിൽ ചിരിപ്പൂരം തീർത്ത് 'ഷുഗർ ഡാഡി'; സൂഖ് വാഖിഫിലേക്ക് ജനപ്രവാഹം
01/06/2026  03:55 PM IST
nila
ഈദ് വേദിയിൽ ചിരിപ്പൂരം തീർത്ത് ഷുഗർ ഡാഡി; സൂഖ് വാഖിഫിലേക്ക് ജനപ്രവാഹം

​ദോഹ: ഈദ് അൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി  ദോഹയിൽ അരങ്ങേറുന്ന കലാ-സാംസ്കാരിക പരിപാടികളിൽ വേറിട്ട ദൃശ്യാനുഭവമായി കുവൈത്തി ഹാസ്യ നാടകം 'ഷുഗർ ഡാഡി'. സൂഖ് വാഖിഫിലെ അബ്ദുൽ അസീസ് നാസർ തിയേറ്ററിൽ അരങ്ങേറുന്ന ഈ നാടകം കാണാൻ ഗൾഫ് കോമഡി തിയേറ്റർ പ്രേമികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ജൂൺ 6 വരെയാണ് നാടകത്തിന്റെ പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്.
​പ്രശസ്ത താരം ഹസ്സൻ അൽ ബലാം നയിക്കുന്ന നാടകത്തിൽ അഹമ്മദ് അൽ ഔനാൻ, സഹ്‌റ അറഫാത്ത്, ഫൗസ് അൽ ശാത്തി തുടങ്ങിയ ഗൾഫ് മേഖലയിലെ പ്രമുഖ താരനിരയാണ് അണിനിരക്കുന്നത്. കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ യൂത്തിന്റെ യൂത്ത് തിയേറ്റർ വിഭാഗം മേധാവിയും പ്രശസ്ത സംവിധായകനുമായ അബ്ദുള്ള അൽ ബദ്റാണ് ഈ ഹാസ്യവിരുന്നിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ജനപ്രിയ കോമഡി-ഹൊറർ നാടകങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിന്റെ 'അൽ ബലാം ഗ്രൂപ്പു'മായുള്ള പുതിയ കൂട്ടുകെട്ടും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.പൂർണ്ണമായും ഒരു സോഷ്യൽ-കോമഡി പശ്ചാത്തലത്തിലാണ് നാടകം പുരോഗമിക്കുന്നത്. സ്വാർത്ഥതയിലും പണക്കൊഴുപ്പിലും അധിഷ്ഠിതമായ സമകാലിക മനുഷ്യബന്ധങ്ങളെ തികച്ചും ആക്ഷേപഹാസ്യ രൂപേണയാണ് നാടകം വിമർശിക്കുന്നത്. പണത്തോടുള്ള ആർത്തിയും സ്വാർത്ഥ താല്പര്യങ്ങളും മനുഷ്യബന്ധങ്ങളിൽ വരുത്തിയ മാറ്റങ്ങളെ തിയേറ്ററിലിരിക്കുന്ന പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ അവതരിപ്പിക്കുന്നതിൽ അണിയറപ്രവർത്തകർ വിജയിച്ചിട്ടുണ്ട്. ഏത് പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ പാകത്തിലാണ് ഇതിന്റെ അവതരണം.
​ഈദ് അവധിക്കാലത്ത് ദോഹയിലെത്തുന്ന പ്രവാസികൾക്കും കുടുംബങ്ങൾക്കും മികച്ച വിനോദോപാധികൾ സമ്മാനിക്കുന്നതിനൊപ്പം ഖത്തറിന്റെ സാംസ്കാരിക വേദികൾക്ക് പുതിയൊരു ഉണർവ്വ് നൽകുകയാണ് 'ഷുഗർ ഡാഡി'  നാടകം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img