
തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി സംബന്ധിച്ച് തീരുമാനമായി. ചലച്ചിത്രതാരമായ സുധീർ കരമനയെ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറക്കാനാണ് ഇടതു മുന്നണി നീക്കം. മുൻമന്ത്രി ആൻ്റണി രാജുവിന് പകരക്കാരനായി പ്രശസ്ത നടൻ കരമന ജനാർദ്ദനൻ നായരുടെ മകനായ സുധീറിനെ പരിഗണിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതേസമയം ഇക്കാര്യത്തിൽ ഇടതുമുന്നണിയുടെ അന്തിമ തീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ, കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനായി സജീവമായി പ്രവർത്തിച്ചിരുന്ന സുധീറിന്റെ ജനപ്രീതിയും രാഷ്ട്രീയ സമീപനവും മണ്ഡലത്തിൽ അനുകൂല ഫലങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
ഇതിനിടെ, ജനാധിപത്യ കേരള കോൺഗ്രസ് ഈ നീക്കത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിൽ സിപിഎം ചിഹ്നത്തിൽ തന്നെ സ്ഥാനാർഥിയെ നിർത്തണമെന്ന ആവശ്യം സിപിഎം നേതാക്കളും ഉയർത്തുന്നുണ്ട്.










