10:29am 11 November 2026
NEWS
നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ
21/09/2025  09:51 PM IST
nila
നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ

 

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. നെതന്യാഹുവിനെ അറസ്റ്റ് ചെയ്ത് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഹാജരാക്കണമെന്നാണ് ജി സുധാകരൻ പറഞ്ഞത്. പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മുൻ മന്ത്രികൂടിയായ ജി സുധാകരൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഹമാസ് അത്ര വലിയ ഭീകരസംഘടനയൊന്നുമല്ലെന്നും ജി സുധാകരൻ പറഞ്ഞു. ഹമാസ് ആധുനിക ആയുധങ്ങൾ സമാഹരിച്ച് തിരിച്ചടിക്കണമെന്നും ജി സുധാകരൻ ആഹ്വാനം ചെയ്തു. റഷ്യ സോവിയറ്റ് യൂണിയനായിരുന്ന കാലത്ത് പശ്ചിമേഷ്യയിലൊന്നും അമേരിക്കയ്ക്ക് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജി സുധാകരന്റെ പ്രസം​ഗം ഇങ്ങനെ: 

"ഹമാസ് അത്ര വലിയ ഭീകരസംഘടനയൊന്നും അല്ല. ഹമാസ് തിരിച്ചടിക്കണം. ആധുനിക ആയുധങ്ങൾ സമാഹരിക്കണം. ഇസ്രയേലിന്റെ തലസ്ഥാനമായ ടെൽ അവീവിൽ ബോബ് വീണാലേ പ്രശ്‌നം അവസാനിക്കു. ഇസ്രയേൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡസൻ കണക്കിന് ആളുകളെ കൊന്നു. ഇതുപോലൊരു അതിക്രമം ലോകത്ത് എവിടെയും നടന്നിട്ടില്ല. എന്തിനാണ് ഐക്യരാഷ്ട്ര സഭ? ഇസ്രയേലിനെതിരേ പ്രമേയം കൊണ്ടുവന്നാൽ അമേരിക്ക വീറ്റോ ചെയ്യും. ആർക്കും വീറ്റോ പവർ വേണ്ട. ഇന്ത്യ അനങ്ങുന്നില്ല. കാരണം ഇസ്രയേലുമായി സൗഹൃദമാണ്."

റഷ്യ സോവിയറ്റ് യൂണിയനായിരുന്ന കാലത്ത് പശ്ചിമേഷ്യയിലൊന്നും അമേരിക്കയ്ക്ക് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ലെന്നും ഇന്ന് സാഹചര്യം മാറിയെന്നും സുധാകരൻ പറഞ്ഞു. റഷ്യയെ ആക്രമിക്കാനുള്ള അമേരിക്കയുടെയും യൂറോപ്പിന്റെയും ഗൂഢാലോചനയാണ് യുക്രൈൻ യുദ്ധത്തിന് കാരണം. റഷ്യയെ പിടിച്ചടക്കാനുള്ള അമേരിക്കയുടെ പദ്ധതിയാണ് യുദ്ധം. മറ്റൊരു നെതന്യാഹുവാണ് യുക്രൈന്റെ സെലൻസ്‌കി.

'നവലിബറൽ നയങ്ങൾ ഇന്ത്യൻ സമൂഹത്തിലും, പ്രത്യേകിച്ച് കാമ്പസുകളിലെ രാഷ്ട്രീയ അവബോധത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ നയങ്ങൾ വ്യക്തിഗത സുഖസൗകര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന പുതിയ സംസ്‌കാരത്തിന് രൂപം നൽകി. പണ്ടുകാലത്ത് ഇന്ത്യയിലെയും കേരളത്തിലെയും കോളേജുകളിലും സർവകലാശാലകളിലും യുദ്ധവിരുദ്ധ പ്രകടനങ്ങളും അന്തർദേശീയ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു. ഇന്ന് അത്തരം പ്രകടനങ്ങളോ ചർച്ചകളോ കാമ്പസുകളിൽ നടക്കുന്നില്ല. മാനവികതയുടെ അന്തരീക്ഷം തന്നെ കാമ്പസുകളിൽ നഷ്ടമായിരിക്കുന്നു.'

'പഠിക്കുക, ഡിഗ്രി എടുക്കുക, നല്ല ജോലിക്ക് പോവുക' എന്നത് മാത്രമായി യുവതലമുറയുടെ ലക്ഷ്യം ഒതുങ്ങിപ്പോയി. മറ്റുള്ളവർക്ക് എന്ത് സംഭവിച്ചാലും തങ്ങൾക്ക് സുഖമായി ജീവിക്കണമെന്ന ചിന്താഗതിയിലേക്ക് ഇന്ത്യൻ സമൂഹം അതിവേഗം മാറിക്കൊണ്ടിരുന്നു. ഈ മനോഭാവം യുവജനങ്ങളെ മാത്രമല്ല, തൊഴിലാളികളെയും സ്വാധീനിച്ചു. അവർക്കിടയിലും സമരം ചെയ്യേണ്ട ആവശ്യമില്ല, സുഖമായി ജീവിക്കുക എന്ന ചിന്ത വളർന്നു.

'ഇന്ത്യയിൽ ഈയൊരു മാറ്റം പ്രകടമായിത്തുടങ്ങിയത് 2004-ൽ മൻമോഹൻ സിങ്‌ പ്രധാനമന്ത്രിയായ കാലം മുതലാണ്. അദ്ദേഹം ലോകബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നപ്പോൾ അവിടെനിന്ന് കൊണ്ടുവന്ന ആശയങ്ങളാണ് ഉദാരവൽക്കരണ സംസ്‌കാരത്തിന് ഇന്ത്യയിൽ തുടക്കമിട്ടത്.'

'ഗാസയിൽ നടക്കുന്ന വംശഹത്യ, റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയ ഗൗരവമേറിയ അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചൊന്നും ഇന്ത്യൻ കാമ്പസുകളിൽ ചർച്ചകളോ പ്രതിഷേധങ്ങളോ ഉയരുന്നില്ല. മുൻപ്. 'ലോകത്ത് എവിടെ ഒരു മനുഷ്യന്റെ പുറത്ത് ചാട്ടവാറടി വീണാലും അത് എന്റെ പുറത്താണ് വീഴുന്നത്' എന്നതായിരുന്നു 1960-കളിലെയും 70-കളിലെയും കേരളത്തിലെ കാമ്പസുകളിലെ മുദ്രാവാക്യം. ഇന്ന്, വിദ്യാർത്ഥി സംഘടനകൾ നിലവിലുണ്ടെങ്കിലും അവരുടെ പരിപാടികളിൽ ഇത്തരം ആശയങ്ങൾ എഴുതിവെച്ചിട്ടുണ്ടെന്നല്ലാതെ അത് പ്രായോഗികമായി കാമ്പസുകളിൽ പ്രതിഫലിക്കുന്നില്ല'.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img