03:16am 28 October 2026
NEWS
ഹൃദയത്തില്‍ വെടിയേറ്റ സുഡാനി ഡോക്ടര്‍ക്ക് ഡോ. മൂസക്കുഞ്ഞിയിലൂടെ രണ്ടാം ജീവിതം
26/04/2025  05:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഹൃദയത്തില്‍ വെടിയേറ്റ സുഡാനി ഡോക്ടര്‍ക്ക് ഡോ. മൂസക്കുഞ്ഞിയിലൂടെ രണ്ടാം ജീവിതം

ചെന്നൈ: ഹൃദയത്തില്‍ വെടിയേറ്റ സുഡാനി ഡോക്ടര്‍ക്ക് ചെന്നൈ കാവേരി ആശുപത്രിയില്‍ രണ്ടാം ജന്മം. ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. മൂസക്കുഞ്ഞിയുടെ ചികിത്സയിലാണ് 37കാരനായ സുഡാനി പൗരനായ ഡോക്ടര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. 

സുഡാനിലെ യുദ്ധ മേഖലയിലുണ്ടായ ദാരുണ സംഭവത്തിലാണ് ഡോക്ടറുടെ ഹൃദയത്തില്‍ വെടിയുണ്ടയേറ്റത്. അതോടെ അദ്ദേഹം മാത്രമല്ല കുടുംബവും തകര്‍ന്നു. തന്റെ സഹോദരനെ ജീവിതത്തിലേക്ക് എങ്ങനെയെങ്കിലും തിരികെ എത്തിക്കണമെന്ന അതിയായ ആഗ്രഹമാണ് കാവേരി ആശുപത്രിയിലേക്ക് എത്താന്‍ നിമിത്തമായതെന്ന് ഡോക്ടറുടെ സഹോദരന്‍ പറയുന്നു. കഴിഞ്ഞ നാലു മാസമായി ഹൃദയത്തില്‍ വെടിയുണ്ടയുമായി ഡോക്ടര്‍ ജീവിച്ചതു തന്നെ വൈദ്യശാസ്ത്രത്തിന് അത്ഭുതമാണ്. ആ അത്ഭുതത്തിലേക്കാണ് ഹൃദയത്തിന്റെ ആഴങ്ങളില്‍ കുരുങ്ങിയ വെടിയുണ്ട ശ്വാസകോശത്തിനും ശ്വാസനാളിക്കും അന്നനാളിക്കും ഉള്‍പ്പെടെ കേടുപാടുകളൊന്നുമുണ്ടാക്കാതെ ഡോ. മൂസക്കുഞ്ഞി പുറത്തേക്കെടുത്തത്. 
വെടിയുണ്ടയുമായി ഡോക്ടര്‍ യുവാവിന് അധികകാലം ജീവനുണ്ടാവില്ലെന്നാണ് കരുതിയിരുന്നതെങ്കിലും പ്രതീക്ഷ കൈവിടാതിരുന്ന കുടുംബം അനുയോജ്യമായ ചികിത്സാ കേന്ദ്രത്തെ കുറിച്ച് നടത്തിയ അന്വേഷണമാണ് ഡോ. മൂസക്കുഞ്ഞിലേക്കും കാവേരി ആശുപത്രിയിലേക്കും എത്തിച്ചത്. ഇന്ത്യയിലെ അപകട സാധ്യതയുള്ള നിരവധി സങ്കീര്‍ണ ശസ്ത്രക്രിയകള്‍ നടത്തിയ ഡോ. മൂസക്കുഞ്ഞിയെ കുറിച്ച് ലഭിച്ച വിവരങ്ങളാണ് സുഡാനി കുടുംബത്തിന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് വഴിയൊരുക്കിയത്. അനിശ്ചിതത്വവും സാധ്യതകളും ഒരുപോലെയുള്ള സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്തത് പ്രാര്‍ഥനയോടെയും പ്രതീക്ഷയോടെയുമായിരുന്നെന്ന് സഹോദരന്‍ പറയുന്നു. ഇത്തരം സാഹചര്യത്തില്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് ശ്രമിക്കുന്ന സൂക്ഷ്മവും സങ്കീര്‍ണവുമാണെങ്കിലും ജീവന്‍ രക്ഷിക്കുകയെന്നതാണ് പ്രധാന കാര്യമെന്ന് ഡോ. മൂസക്കുഞ്ഞി പറയുന്നു. ഹൃദയപേശിക്കുള്ളില്‍ ആഴത്തില്‍ കുടുങ്ങിക്കിടക്കുന്ന ലോഹക്കഷണം തെരയുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും ചെറിയ പിഴവു പോലും രോഗിയുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് അറിയാമായിരുന്നതിനാലും ഓപറേഷന്‍ കിറ്റില്‍ താന്‍ സ്റ്റൈറൈല്‍ കാന്തം പോലും സൂക്ഷിച്ചിരുന്നതായി ഡോ. മൂസക്കുഞ്ഞി പറയുന്നു. നാലര മടങ്ങ് വലുപ്പത്തില്‍ കാണാനാവുന്ന മാഗ്നിഫിക്കേഷന്‍ ലെന്‍സുകള്‍ ഉപയോഗിച്ചിട്ടു പോലും ബുള്ളറ്റ് കാണാനാവാതിരുന്ന സാഹചര്യത്തിലാണ് കാന്തം ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നും പ്രസ്തുത ആശയത്തിലൂടെ ഹൃദയപേശികളിലെ വെടിയുണ്ടയുടെ അഗ്രം കണ്ടെത്താന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. പിന്നീട് ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഉപയോഗിച്ച് വെടിയുണ്ട പുറത്തെടുക്കുകയായിരുന്നുവെന്നും ഡോ. മൂസക്കുഞ്ഞി പറഞ്ഞു. 

ശരീരത്തില്‍ കുടുങ്ങിയ ലോഹ വസ്തുക്കളെ കണ്ടെത്തുന്നതിന് കാന്തം ഉപയോഗിക്കുന്ന രീതി ആദ്യമായാണ് ചെയ്യുന്നതെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും ഡോ. മൂസക്കുഞ്ഞി പറഞ്ഞു. ശസ്ത്രക്രിയാനന്തരം സുഖം പ്രാപിക്കുന്ന രോഗിക്ക് ഉടന്‍ ആശുപത്രി വിട്ട് നാട്ടിലേക്ക് മടങ്ങാനാവും. 

തന്റെ സഹോദരന്റെ ജീവന്‍ രക്ഷിച്ച ചെന്നൈ കാവേരി ആശുപത്രിയേയും ഡോ. മൂസക്കുഞ്ഞിയേയും ഒരിക്കലും മറക്കാനാവില്ലെന്ന് സുഡാനി പൗരന്‍ പറഞ്ഞു. 
ഇന്ത്യ സംസ്‌കാരങ്ങളുടെയും ആത്മീയതയുടെയും മാത്രമല്ല ലോകോത്തര നിലവാരമുള്ള മെഡിക്കല്‍ സൗകര്യങ്ങളുടെയും ഉയര്‍ന്ന വൈദഗ്ധ്യമുള്ള ശസ്ത്രക്രിയാ വിദഗ്ധരുടെയും ഒരു കേന്ദ്രം കൂടിയാണെന്നും ഇത് ലോകം മുഴുവന്‍ അറിയണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img