
കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്തവിധം വിജയത്തിനപ്പുറം രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനോ നിലപാടിനോ ധാർമ്മികതയ്ക്കോ ഒരു പ്രസക്തിയുമില്ലെന്ന് മുന്നണി കക്ഷി ഭേദമില്ലാതെ തെളിയിക്കുന്ന തിരഞ്ഞെടുപ്പാണ് ഏപ്രിൽ 9 ന് നടക്കുവാൻ പോകുന്നത്. പുതിയ കാലത്തെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഇടതോ വലതോ വ്യത്യാസമില്ലാതെ പാർലമെന്ററി വ്യാമോഹം ലഹരിയോ ആസക്തിയോ ആയി നേതാക്കളെ ഗ്രസിച്ചിരിക്കുമ്പോൾ അധികാരം നേടാനായി രാഷ്ട്രീയ നേതൃത്വങ്ങൾക്ക് കുറുക്കുവഴി തേടുന്നത് പ്രബുദ്ധമായ കേരളീയ നവോത്ഥാന മുന്നേറ്റങ്ങളെപ്പോലും പിന്നിലേക്ക് കൊണ്ടുപോകുകയാണ്.
കേരളത്തിലിതാദ്യമായി പത്തുവർഷം തുടർച്ചയായി അധികാരത്തിലിരുന്ന ഭരണമുന്നണിയും പുറത്തിരുന്ന ഐക്യജനാധിപത്യ മുന്നണിയും അധികാരം പിടിക്കാൻ ഏറ്റുമുട്ടുന്ന പതിനാറാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഏപ്രിൽ 9 ന് വോട്ടർമാർ വിധിയെഴുതും. പ്രബലരായ ഇരുമുന്നണികൾക്കുമിടയിൽ കേരളത്തിലെ ഭരണം പിടിക്കാനോ മുഖ്യപ്രതിപക്ഷമാകാനോ ഇനി തങ്ങൾക്ക് അധികകാലം വേണ്ടിവരില്ല എന്ന് ബോധ്യപ്പെടുത്തുംവിധം കരുത്തറിയിക്കാനാണ് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിന്റെ ശ്രമം.
മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിപ്രഭാവവും പത്തുവർഷത്തെ പിണറായി സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങളും മൂന്നാം ഊഴം എൽ.ഡി.എഫ് സർക്കാരിന് ലഭ്യമാക്കും എന്ന് സർക്കാരിന്റെ ഭാഗമായുള്ളവർ വിശ്വസിക്കുന്നു. പിണറായി സർക്കാരിന്റെ സമഗ്രാധിപത്യസ്വഭാവവും ജനാധിപത്യ വിരുദ്ധശൈലിയും ഭരണത്തിലെ കെടുകാര്യസ്ഥതയും വീഴ്ചകളും ഉണ്ടാക്കിയ ഭരണവിരുദ്ധ വികാരം യു.ഡി.എഫിന്റെ തിരിച്ചുവരവിന് ഇടയാക്കും എന്ന് യു.ഡി.എഫ് നേതൃത്വം ആത്മാർത്ഥമായി വിശ്വസിക്കുന്നു.
2021 ലെ കോവിഡിന്റെ പ്രത്യേക സാഹചര്യം ഒഴിച്ചുനിർത്തിയാൽ മറ്റവസരങ്ങളിലെല്ലാം ഉണ്ടായിട്ടുള്ളത് ഒരു പ്രത്യേക പാർട്ടിയോടോ മുന്നണിയോടോ മമത കാണിക്കാത്ത നിഷ്പക്ഷ വോട്ടുകളാണ് വിധി നിർണ്ണയിച്ചിട്ടുള്ളത് എന്നതാണ്. ട്രെൻഡിനനുസരിച്ച് വോട്ടുചെയ്യുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2025 ലെ തദ്ദേശ ഇലക്ഷനിലും യു.ഡി.എഫ് നേടിയ ആധികാരിക വിജയം ഇതാണ് സൂചിപ്പിക്കുന്നത്. ഈ ട്രെൻഡ് രൂപം കൊള്ളുന്നത് ഭരണവിരുദ്ധ വികാരത്തിൽ നിന്നാണ്.
2016 ൽ ഉമ്മൻചാണ്ടി സർക്കാരിനെതിരെ സോളാർ, ബാർകോഴ വിവാദങ്ങൾ അന്നത്തെ പ്രതിപക്ഷം ഭരണവിരുദ്ധ വികാരമാക്കിയപ്പോൾ 9.3 ലക്ഷം വോട്ടുകളാണ് എൽ.ഡി.എഫിന് കൂടുതൽ കിട്ടിയത്. ഇരുമുന്നണികൾക്കും ഇടയിലെ വോട്ടുവിഹിതത്തിലെ വ്യത്യാസം 4.62 ശതമാനമായിരുന്നു. എൽഡിഎഫ് 91- യു.ഡി.എഫ് 47 ആയിരുന്നു 2016 ലെ കക്ഷിനില.
കോവിഡിന്റെ പ്രത്യേക സാഹചര്യത്തെ നേരിടുന്നതിൽ ഭരണാധികാരിക്കല്ലാതെ പ്രതിപക്ഷത്തിന് ഒരു റോളും ഇല്ലാതിരുന്ന കാലത്ത് മുഖ്യമന്ത്രിയുടെ പ്രതിച്ഛായയുടെ ഗ്രാഫ് പല നിലയിലും ഉയർത്തിക്കാട്ടപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു 2021 ലേത്. ഭരണവിരുദ്ധവികാരം ഉണ്ടായില്ലെന്നുമാത്രമല്ല ഭരണാനുകൂല വികാരമായിരുന്നു ട്രെൻഡ്. അന്ന് യു.ഡി.എഫിനേക്കാൾ 12.42 ലക്ഷം വോട്ടുകൾ അധികം കിട്ടി ഭരണമുന്നണിക്ക്. 5.96 ശതമാനമായിരുന്നു വോട്ടുവിഹിതത്തിലെ വ്യത്യാസം. 99 എം.എൽ.എമാരെ നിയമസഭയിലെത്തിക്കാനും എൽ.ഡി.എഫിന് സാധിച്ചു. എന്നാൽ കഴിഞ്ഞ അഞ്ചുവർഷത്തെ സ്ഥിതി വിലയിരുത്തിയാൽ ഒരുഘട്ടത്തിൽപ്പോലും ഭരണാനുകൂല വികാരം ഉണ്ടായിട്ടില്ല എന്ന് കാണാൻകഴിയും.
2021 ൽ പി.ടി. തോമസ് തൃക്കാക്കര മണ്ഡലത്തിൽ 2021 ൽ വിജയിച്ചത് 14,329 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. അദ്ദേഹം മരണപ്പെട്ടതിനെ തുടർന്ന് 2022 മേയ് 31 ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും അവിടെ യു.ഡി.എഫിന്റെ ഉമാതോമസ് വിജയിച്ചത് 25016 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.
പുതുപ്പള്ളിയിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് 2021 ൽ ലഭിച്ചിട്ടുള്ള ഭൂരിപക്ഷം 9044 വോട്ടുകളുടേതായിരുന്നു. അദ്ദേഹം അന്തരിച്ചതിനെത്തുടർന്ന് 2023 സെപ്തംബർ 5 ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് ലഭിച്ച ഭൂരിപക്ഷം 37719 വോട്ടിന്റേതായിരുന്നു. 2024 ലെ ലോക്സഭാ ഇലക്ഷനിൽ വിജയിച്ചതിനെത്തുടർന്ന് രാജിവച്ചവരുടെ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടന്നത് 2024 നവംബർ 13 നായിരുന്നു.
വയനാട്ടിൽ 3.64 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽഗാന്ധി വിജയിച്ചശേഷം രാജിവെച്ച ഒഴിവിൽ പ്രിയങ്കാഗാന്ധി മത്സരിച്ചപ്പോൾ ലഭിച്ച ഭൂരിപക്ഷം 408036 ആയിരുന്നു. പാലക്കാട് 2021 ൽ ഷാഫി പറമ്പിൽ വിജയിച്ചത് 3840 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നെങ്കിലും ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിന് ലഭിച്ച ഭൂരിപക്ഷം 18000ത്തിൽപ്പരം വോട്ടുകളുടേതായിരുന്നു. ചേലക്കരയിൽ കെ. രാധാകൃഷ്ണൻ വിജയിച്ചത് 2021 ൽ 39400 വോട്ടുകൾക്കായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായി സീറ്റു നിലനിർത്താൻ കഴിഞ്ഞ യു.ആർ. പ്രദീപിന് പക്ഷേ ലഭിച്ച ഭൂരിപക്ഷം 12201 ആയി കുത്തനെ ഇടിഞ്ഞു.
2021 ൽ നിലമ്പൂർ മണ്ഡലത്തിൽ സി.പി.എം സ്വതന്ത്രനായി മത്സരിച്ച പി. വി. അൻവർ കോൺഗ്രസ് നേതാവ് വി.വി. പ്രകാശിനെ പരാജയപ്പെടുത്തിയത് 2700 വോട്ടുകൾക്കായിരുന്നു. അൻവർ രാജിവെച്ചശേഷം 2025 ജൂൺ 19 ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പി.വി. അൻവർ മത്സരിച്ച് 19760 വോട്ടുകൾ നേടി ത്രികോണമത്സരത്തിന്റെ പ്രതീതി സൃഷ്ടിച്ചിട്ടും സി.പി.എംന്റെ ഗ്ലാമർ സ്ഥാനാർത്ഥി എം. സ്വരാജിനെ ആര്യാടൻ ഷൗക്കത്ത്(കോൺഗ്രസ്സ്) പരാജയപ്പെടുത്തിയത് 11077 വോട്ടുകളുടെ വ്യത്യാസത്തിലായിരുന്നു.
2024 ലെ ലോക്സഭാ ഇലക്ഷന്റെ ഫലം വരുന്നത് ജൂൺ 6 നായിരുന്നു. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിൽ ആലത്തൂരിൽ മത്സരിച്ച കെ. രാധാകൃഷ്ണനെ മാത്രമേ ഭരണമുന്നണിക്ക് വിജയിപ്പിക്കാനായുള്ളൂ. തൃശൂരിൽ വിജയിച്ച ബി.ജെ.പിയുടെ സുരേഷ് ഗോപിയും കഴിഞ്ഞാൽ ബാക്കി 18 സീറ്റിലും സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ യു.ഡി.എഫ് പ്രതിനിധികളാണ് എം.പിമാരായി വിജയിച്ചത്. എൽ.ഡി.എഫിന് 33.34% വോട്ടുവിഹിതം ലഭിച്ചപ്പോൾ യു.ഡി.എഫിന് 45.16% വോട്ടുവിഹിതം നേടാനായി.
2019 ലെ ലോക്സഭ ഇലക്ഷനിൽ 15.56 % വോട്ടുനേടിയ എൻ.ഡി.എ 2024 ൽ അവരുടെ വോട്ട് വിഹിതം 19.26% ആയി ഉയർത്തുകയുണ്ടായി. 2024 ലെ ബി.ജെ.പിയുടെ പ്രകടനം വിലയിരുത്തിയാൽ 11 നിയമസഭാ മണ്ഡലങ്ങളിൽ അവർ ഒന്നാമത് എത്തുകയും എട്ടിടങ്ങളിൽ രണ്ടാമത് വരികയും ചെയ്തു. നാല് നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് മൂന്നാമതായി പോയി.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2025 ഡിസംബർ 9, 11 തീയതികളിലായിട്ടാണ് നടന്നത്. 2010 ലെ റിസൾട്ട് ഒഴിച്ചുനിർത്തിയാൽ 2020 വരെ നടന്നിട്ടുള്ള എല്ലാ തദ്ദേശ സ്ഥാപന ഇലക്ഷനിലും ഭരിക്കുന്നത് ഏത് മുന്നണിയായിരുന്നാലും തദ്ദേശ ഇലക്ഷനിൽ വ്യക്തമായി ഭൂരിപക്ഷം നേടിയിട്ടുള്ളത് സി.പി.എം നയിക്കുന്ന ഇടതുമുന്നണിയായിരുന്നു. എന്നാൽ 2025 യു.ഡി.എഫ് തദ്ദേശ ഇലക്ഷനുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി.
തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് എൽ.ഡി.എഫിനേക്കാൾ 5.36 ശതമാനം വോട്ടുകൾ കൂടുതൽ നേടി. യു.ഡി.എഫ് ന് 38.81 ശതമാനവും എൽ.ഡി.എഫിന് 33.45 ശതമാനവും എൻ.ഡി.എയ്ക്ക് 14.71 ശതമാനവും വോട്ടുവിഹിതമാണ് ലഭിച്ചത്. എൽ.ഡി.എഫിനേക്കാൾ യു.ഡി.എഫ് 11.38 ശതമാനം വോട്ടുകളാണ് കൂടുതൽ നേടിയത്.
എൻ.ഡി.എയ്ക്ക് 1920 വാർഡുകളിലും എൽ.ഡി.എഫിന് 8889 വാർഡുകളിലും വിജയിക്കാനായപ്പോൾ യു.ഡി.എഫിന് 111,03 വാർഡുകളിൽ ഭൂരിപക്ഷം നേടാനായി. വ്യത്യാസം 2214 വാർഡുകൾ. ലോക്സഭാ ഇലക്ഷനിലും തദ്ദേശ ഇലക്ഷനിലും ഭരണവിരുദ്ധ വികാരത്തിനൊപ്പം ബി.ജെ.പി, സി.പി.എം ശക്തികേന്ദ്രങ്ങളിലേക്ക് കടന്നുകയറി വോട്ടുപിടിച്ചു എന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കപ്പെടുകയും ചെയ്തു.
എന്തുകൊണ്ട് ഭരണവിരുദ്ധവികാരം?
ഒരു സർക്കാരിനതിരെ ഭരണവിരുദ്ധവികാരം ഉണ്ടാകുന്നത് സാധാരണജനങ്ങൾക്ക് അവരെ നേരിട്ട് ബാധിക്കുന്ന ദൈനംദിന കാര്യങ്ങളിൽ ബുദ്ധിമുട്ടും പ്രയാസവും നേരിടുമ്പോഴാണ്.
ഉദാഹരണത്തിന് നിത്യോപയോഗ സാധനങ്ങൾക്ക് വില വർദ്ധിക്കുമ്പോൾ സപ്ലൈകോയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭിക്കുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ പൊതുവിതരണം താറുമാറായി. സബ്സിഡി ഉൽപ്പന്നങ്ങൾക്ക് വിലകൂടി. സർക്കാർ ആശുപത്രിയിൽ ആശ്രയിക്കുന്നത് നിർധനരാണ്. ചെലവേറിയ ചികിത്സയ്ക്കും സർജറിക്കും മരുന്നിനും കാരുണ്യയുടെ സഹായം ഏറെ ആശ്വാസകരമായിരുന്നു. എന്നാൽ കാരുണ്യ ഉൾപ്പെടെ എല്ലാ ചികിത്സാ സൗജന്യ സഹായങ്ങളും മുടങ്ങി.
സാമൂഹിക ക്ഷേമപെൻഷനുകൾ തിരഞ്ഞെടുപ്പ് വരുമ്പോഴല്ലാതെയുള്ള എല്ലാ സമയത്തും മുടങ്ങി. നെല്ലുസംഭരണം മിക്കവാറും താറുമാറായി. നെല്ലിന്റെ പണത്തിനായി കർഷകർ മുറവിളി കൂട്ടുന്നത് പതിവായി.
വില്ലേജ് ഓഫീസിൽ അടയ്ക്കേണ്ടുന്ന അടിസ്ഥാനനികുതി ഇരുട്ടിയാക്കി, ഭൂമിയുടെ ന്യായവില വർദ്ധിപ്പിച്ചു, രജിസ്ട്രേഷൻ ചെലവ് കുത്തനെ ഉയർന്നു, പെട്രോളിനും ഡീസലിനും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അധികസെസ്സ് ചാർജ് പിൻവലിക്കാനേ തയ്യാറായില്ല, സ്ക്കൂളുകളിൽ ഉച്ചക്കഞ്ഞി നൽകണമെങ്കിൽ അധ്യാപകർ പണം കണ്ടെത്തേണ്ട സ്ഥിതിയായി. പലവിധ സർക്കാർ സേവനങ്ങൾക്കും നിരക്ക് കൂട്ടി. ആശാവർക്കർമാർ ഉൾപ്പെടെ ഏറ്റവും തുച്ഛമായ ശമ്പളത്തിൽ സമൂഹത്തിനുവേണ്ടി ജോലി ചെയ്തവർക്ക് ശമ്പളം വർദ്ധിപ്പിച്ചുനൽകില്ലെന്ന് സർക്കാർ പ്രകടിപ്പിച്ച പിടിവാശി പൊതുസമൂഹത്തിനാകെ ബോദ്ധ്യമായി. വൈദ്യുതി, വെള്ളം, ബസ് ചാർജ്ജ് തുടങ്ങി എല്ലാ ജനങ്ങൾക്കും ആവശ്യമുള്ള എല്ലാറ്റിന്റേയും നിരക്ക് പലതവണയായി വർദ്ധിപ്പിച്ചതും ജനവികാരം എതിരാക്കി.
ചില വർദ്ധനവുകൾ സംസ്ഥാന ഖജനാവിലെ വരുമാനം വർദ്ധിപ്പിക്കാൻ അനിവാര്യമായിരിക്കാം. എങ്കിലും അതെല്ലാം സാധാരണ ജനത്തിനിടയിൽ ഭരണത്തിനെതിരായി വികാരം സൃഷ്ടിക്കുന്ന കാര്യമാണ്.
ധൂർത്തും അഴിമതിയുമാണ് മറ്റൊരു പ്രധാന വിഷയം. കടുത്ത സാമ്പത്തികപ്രതിസന്ധികൾക്കിടയിലും ഇത്രത്തോളം മെഗാമേളകൾ നടത്തിയ ഒരു സർക്കാരില്ല. കേരളീയം, നവകേരള സദസ്സ്, ലോകകേരള സഭകൾ, സർക്കാരിന്റെ വിവിധ വകുപ്പുകൾ നടത്തിയ മീറ്റുകൾ, കോൺക്ലേവുകൾ തുടങ്ങി ആഗോള അയ്യപ്പസംഗമം വരെ എല്ലാ മെഗാമേളകളും സാമ്പത്തിക അച്ചടക്കമില്ലായ്മ കൊണ്ടും ധൂർത്തുകൊണ്ടും കൃത്യമായ കണക്കും സുതാര്യതയും ഇല്ലാത്തതുകൊണ്ടും വിവാദമായി.
കഴിഞ്ഞ പത്തുവർഷം കൊണ്ട് കേരളം ഒന്നാമത് എത്തിയതും കേരളത്തിൽ തഴച്ചുവളർന്നതുമായ മൂന്ന് മേഖലകളുണ്ട്. ഒന്ന് ലോട്ടറി കച്ചവടം, രാജ്യത്ത് ഏറ്റവും അധികം ലോട്ടറി വിറ്റഴിക്കപ്പെടുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു, രണ്ട് മദ്യം. 2016 ൽ പുതിയ സർക്കാർ വരുമ്പോൾ കേരളത്തിലാകെ 29 ബാറുകളേയുള്ളൂ. അതിപ്പോൾ 1000 ത്തിനടുത്തായിരിക്കുന്നു. അതിൽ 200 എണ്ണമെങ്കിലും കേന്ദ്ര ടൂറിസം വകുപ്പ് ക്ലാസിഫിക്കേഷൻ നൽകാത്തവ പോലുമാണ് മുക്കിനു മുക്കിന് ബാർ കാണുമ്പോൾ 2016 ൽ കെ.പി.എ.സി ലളിത എൽ.ഡി.എഫിനുവേണ്ടി ചെയ്ത പരസ്യം ജനത്തിന് ഓർമ്മ വരുന്നത് സ്വാഭാവികമാണ്.
മൂന്നാമത്തെ മേഖല സ്വകാര്യ ആശുപത്രിവാസമാണ്. ഇന്ത്യയിൽ തന്നെ ചികിത്സയ്ക്കുവേണ്ടി പൗരന്മാർക്ക് ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെൻസ് ഏറ്റവുമധികം വേണ്ടിവരുന്ന സംസ്ഥാനം കേരളമാണ്. ആതുര ശുശ്രൂഷ പുണ്യമായി കണ്ടിരുന്ന സമുദായ നേതൃത്വങ്ങൾ മുതൽ കള്ളപ്പണത്തട്ടിപ്പുകാർ വരെ സ്റ്റാർ ഹോട്ടൽ മോഡലിൽ ഹോസ്പിറ്റൽ വ്യവസായം നടത്തി ജനങ്ങളെ കൊള്ള ചെയ്യാനിടയാക്കുന്നതിൽ സർക്കാർ ആശുപത്രികൾ മര്യാദയ്ക്ക് നടത്താത്ത ഭരണാധികാരികൾക്കും ഒരു പങ്കുണ്ട്. നല്ല കെട്ടിടം പണിയുകയെന്നതിനെക്കാൾ പ്രധാനമാണ് രോഗികൾക്ക് സർക്കാർ ആശുപത്രിയിൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കണം എന്നത്. ഭരണവിരുദ്ധ വികാരത്തിന് ആരോഗ്യവകുപ്പും ഒരു പങ്കുവഹിച്ചിട്ടുണ്ട്.
എല്ലാറ്റിനും ഉപരിയായി 2019 ലെ ലോക്സഭാ ഇലക്ഷന് മുമ്പ് ശബരിമല സ്ത്രീപ്രവേശന വിഷയം വിശ്വാസികളുടെ മനസ്സിൽ മുറിവായതുപോലെ ശബരിമല സ്വർണ്ണക്കൊള്ള സി.പി.എം നിയമിച്ച ബോർഡിന്റെ കാലത്ത് നടന്നതും അതിൽ സി.പി.എം നേതാക്കളുടെ പങ്ക് വെളിപ്പെട്ടതും കൂടിയായപ്പോൾ വിശ്വാസികൾക്കിടയിൽ ഭരണവിരുദ്ധവികാരം കൂടുതൽ ശക്തമായി.
തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം സർക്കാർ പ്രതിച്ഛായ
2025 ഡിസംബർ 13 നാണ് തദ്ദേശ ഇലക്ഷൻ വോട്ടെണ്ണൽ നടന്നത്. അതുവരെ കേരളത്തിലെ വോട്ടർമാരുടെ വികാരം പിണറായി സർക്കാരിന് എതിരാണെന്ന് തെളിയിക്കപ്പെട്ടു. പിന്നീടുള്ള മൂന്നരമാസം കൊണ്ട് വോട്ടർമാരെ സർക്കാരിനനുകൂലമായി മാറ്റാൻ ചെയ്യാത്തതായി ഒന്നും തന്നെ ഇനി ബാക്കിയില്ല. എന്നാൽ തദ്ദേശ ഇലക്ഷന് തൊട്ടുമുമ്പ് ഒക്ടോബർ 29 ന് തെരഞ്ഞെടുപ്പുകാല ഉത്സവത്തെപ്പോലെ നടത്തിയ വമ്പൻ പ്രഖ്യാപനങ്ങൾ ഇലക്ഷനിൽ പ്രയോജനപ്പെട്ടില്ല.
ക്ഷേമപെൻഷൻ 1600 ൽ നിന്ന് 2000 രൂപയാക്കി. 25 വയസ്സ് മുതൽ 60 വയസ്സുവരെയുള്ള സ്വന്തമായി വരുമാനം ഇല്ലാത്ത വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ, 35 വയസ്സിൽ താഴെയുള്ള നിർധന സ്ത്രീകൾക്കും 1000 രൂപ വീതം നൽകുന്ന 'സ്ത്രീസുരക്ഷ' പെൻഷൻ പദ്ധതി കൂടാതെ ആശാവർക്കർമാർ മുതൽ അംഗനവാടി ഹെൽപ്പേഴ്സിനുവരെ വേതന വർദ്ധനവ് തദ്ദേശ സ്ഥാപന അംഗങ്ങളുടെ ഓണറേറിയം വർദ്ധന എന്നിങ്ങനെ.
സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ വേണ്ടത്ര വോട്ടർമാരിലേക്ക് എത്താതിരുന്നത് ആണ് ജനങ്ങൾക്ക് പ്രതീക്ഷിച്ച മതിപ്പ് സർക്കാരിനോട് ഉണ്ടാകാതിരിക്കാൻ കാരണം എന്നാണ് സർക്കാരും പാർട്ടിയും കണ്ടെത്തിയത്. പിന്നീടുണ്ടായത് പത്തുവർഷം സർക്കാർ ചെയ്തതും ചെയ്യാനുദ്ദേശമുള്ളതുമായ കാര്യങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ വമ്പൻ പരസ്യം നൽകി പ്രചരിപ്പിക്കുകയാണ്. കൂടാതെ സർക്കാർ നേട്ടങ്ങളുടെ ലഘുലേഖയും ക്ഷേമപദ്ധതികളുടെ വിശദാംശങ്ങളുമായി നവകേരള സർവ്വേയെന്ന പേരിൽ സി.പി.എം വാളണ്ടിയർമാർ വീടുകളിലെത്തി. വീടൊന്നിന് 7.50 രൂപ പ്രകാരം വാളണ്ടിയർമാർക്ക് 3.73 കോടി രൂപ ലഭിക്കുകയും ചെയ്തു.
സർക്കാർ ജീവനക്കാരുടെ വിവിധ പദ്ധതികളിലെ ഗുണഭോക്താക്കളുമായവരുടെ മൊബൈൽ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ പേരിൽ സന്ദേശങ്ങൾ അയച്ചു. നവംബർ ഒന്നിന് നടത്തിയ അതിദാരിദ്ര്യ മുക്തകേരളം പ്രഖ്യാപനം വിവാദത്തിലായി തദ്ദേശ ഇലക്ഷന് ഗുണം ചെയ്യാതിരുന്നതുകൊണ്ട് പദ്ധതിയുടെ രണ്ടാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുകയുണ്ടായി. സമൂഹമാധ്യമങ്ങളിൽ സോഷ്യൽമീഡിയ ഇൻഫ്ളുവൻസർമാർ വഴിയും ഒരു വാർഡിൽ രണ്ടും മൂന്നും സൈബർ പോരാളികളെ നിയോഗിച്ചും പരിശീലനം നൽകിയും സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങളും പാർട്ടി ആശയങ്ങളും പ്രതിപക്ഷത്തിനെതിരായ വിമർശനങ്ങളും അതിതീവ്രമായി ആരംഭിച്ചു. ഏത് നരേറ്റീവും ഇവർ വഴി ഒരു നിമിഷം കൊണ്ട് കേരളത്തിലെ മുഴുവൻ സൈബർ പോരാളികളിലുമെത്തിക്കാൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും ഇപ്പോൾ സജീവമാണ്.
കിഫ്ബി വഴി ചെയ്ത അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ് സർക്കാരിന് വേണ്ടി പ്രധാന നേട്ടമായി ചൂണ്ടിക്കാണിക്കാനുള്ളത്. സർക്കാർ സ്ക്കൂളുകൾ, സർക്കാർ ആശുപത്രികൾ ഇവയ്ക്ക് പുതിയ കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളും ഉണ്ടായിട്ടുള്ളത് ആർക്കും ബോധ്യമാകുന്ന കാര്യങ്ങളാണ്. 'ലൈഫ്' പദ്ധതിയിൽ വെച്ച വീടുകളാണ് മറ്റൊരു നേട്ടം. അതുപോലെ പൊതുമരാമത്ത് വകുപ്പിന് പൊതുവേ മെച്ചപ്പെട്ട റോഡുകൾ സംരക്ഷിച്ചുപോകാൻ കഴിഞ്ഞു എന്നഭിമാനിക്കാം. അതുപോലെ ദേശീയപാത വികസനം കേരളത്തിലെ പൊതുഗതാഗത സൗകര്യത്തെ അയൽസംസ്ഥാനങ്ങളോട് കിടപിടിക്കും വിധം മാറ്റിയിട്ടുണ്ട്. സംസ്ഥാന സർക്കാർ വിഹിതം വഹിക്കാൻ തയ്യാറായതുകൊണ്ട് മാത്രമാണ് ഈ പദ്ധതി യാഥാർത്ഥ്യമായത്.
കിഫ്ബി മുടക്കിയ തുകയെ സംബന്ധിച്ച് പ്രതിപക്ഷത്തിന് തർക്കമുണ്ടായേക്കാം, സംസ്ഥാന സർക്കാർ വരുമാനത്തിൽ നിന്നുള്ള പണം തന്നെയാണ് കിഫ്ബി മുടക്കൂന്നതെന്നും പറയാം. എങ്കിലും സർക്കാരിന് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ചില അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ അവർക്ക് സാധിച്ചു. വിഴിഞ്ഞം പദ്ധതിക്ക് ഉമ്മൻചാണ്ടി സർക്കാർ അടിസ്ഥാനം ഇടുമ്പോൾ അന്നത്തെ പ്രതിപക്ഷം ഗുരുതരമായ ആരോപണം ഉന്നയിച്ചെങ്കിലും ഭരണത്തിലെത്തിയപ്പോൾ വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തെതന്നെ വൻകിട പദ്ധതിയാക്കി മാറ്റാൻ കഴിഞ്ഞ് സർക്കാരിന് എടുത്തുകാണിക്കാനുള്ള നേട്ടമായി.
പാരിസ്ഥിതിക ഭരണങ്ങൾക്കും കാരണമാകുമോ എന്ന ആശങ്കകൾ ഉണ്ടെങ്കിലും വയനാട് ചുരം വഴിയുള്ള ഗതാഗതത്തിന് വലിയ സാധ്യത ഇറക്കുന്ന തുരങ്കപാത തുടങ്ങിവയ്ക്കാനായതും സർക്കാർ എടുത്തുപറയുന്നുണ്ട്. എന്തൊക്കെ വിമർശനങ്ങൾ ഉണ്ടെങ്കിലും വയനാട് ദുരന്തബാധിതർക്കായി ഉയർന്ന ടൗൺഷിപ്പ് യാഥാർത്ഥ്യമായത് സർക്കാരിന് നേട്ടമായി. പബ്ലിക് റിലേഷൻ വകുപ്പ് വഴിയും അല്ലാതെയും ശതകോടികൾ മുടക്കിയുള്ള പരസ്യങ്ങളിലൂടെ വോട്ടർമാരുടെ മനസ്സിലേക്ക് സർക്കാരിന്റെ വികസന നേട്ടങ്ങളും ക്ഷേമ പരിപാടികളും എത്തിക്കാനുള്ള തീവ്രപ്രയത്നം ഫലം കണ്ടോയെന്ന് വോട്ടർമാർ ഏപ്രിൽ 9 ന് വിധിയെഴുതും.
തദ്ദേശ ഇലക്ഷനുശേഷം മറ്റൊന്നുണ്ടായത് മൂന്നാം തവണയും സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിഛായ വർദ്ധിപ്പിക്കാൻ നടത്തിയ ഭഗീരഥ പ്രചരണമാണ്. പത്തുവർഷത്തെ ഭരണനേട്ടങ്ങൾ പ്രമേയമാക്കിയുള്ള ഉത്തരങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്തുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് പോലെയുള്ള ചില പ്രോഗ്രാമുകൾ നിരീക്ഷിച്ചെങ്കിലും മുഖ്യമന്ത്രിയും സൂപ്പർ താരവുമായുള്ള അഭിമുഖം, മുഖ്യമന്ത്രിയെ പ്രകീർത്തിക്കുന്ന സിനിമ, ഡോക്യുമെന്ററി, എല്ലാചാനലുകളിലും മുഖ്യമന്ത്രിക്ക് അഭിമുഖം, മന്ത്രിമാർക്ക് പെയിഡ് അഭിമുഖം തുടങ്ങിയവയൊക്കെ മുഖ്യമന്ത്രിയോടുള്ള ജനപ്രീയത വർദ്ധിപ്പിച്ചോ എന്നതും വോട്ടെടുപ്പ് കഴിയുമ്പോൾ അറിയാം.
വോട്ടുനേടിയെടുക്കാനുള്ള പ്രഖ്യാപനങ്ങളും തീരുമാനങ്ങളും കൈക്കൊണ്ട് കുറേയധികം സ്പെഷ്യൽ മന്ത്രിസഭായോഗങ്ങൾ തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന മാർച്ച് 15 വരെയും നടക്കുകയുണ്ടായി. അവധിദിവസങ്ങളായ മാർച്ച് 14 ഉം 15 മായി പുറത്തിറക്കിയത് 600 ലധികം സർക്കാർ ഉത്തരവുകളാണ്. വിവിധ ഡയറക്ടേറ്റുകളിലും ഞായറാഴ്ച വൈകിട്ട് 4 മണിക്കുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനത്തിന് മുമ്പായി നൂറുകണക്കിന് ഉത്തരവുകൾ ഇറങ്ങി. വിവിധ വകുപ്പുകളിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തൽ, വേതനം വർദ്ധിപ്പിക്കൽ, ശമ്പളപരിഷ്ക്കരണം, സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള ഈ അവസാന ഉത്തരവുകളിൽപ്പെടുന്നു.
സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷണർ, ഇൻഫർമേഷൻ കമ്മീഷണർ, തദ്ദേശ ഓംബുഡ്സ്മാൻ, പി.എസ്.സി അംഗങ്ങൾ, വിവിധ സർവ്വകലാശാല ഭരണസമിതിയിലേക്കുള്ള നിയമനങ്ങൾ ഇവയെല്ലാം നടത്താൻ സർക്കാർ പേരുകൾ ശുപാർശ ചെയ്തെങ്കിലും ഗവർണർ ഒപ്പിടാൻ തയ്യാറാകാത്തതിനാൽ ഉത്തരവ് ഇറക്കാനായില്ല. സ്വജനപക്ഷപാതവും പിൻവാതിൽ നിയമനവും ഈ സർക്കാരിന്റെ തുടക്കം മുതലേയുണ്ടെങ്കിലും രാഷ്ട്രീയ നിയമനം നടത്തിയ താൽക്കാലിക ജീവനക്കാരെ മൊത്തത്തിൽ സ്ഥിരപ്പെടുത്താനുള്ള നീക്കം ഫെബ്രുവരി 20ന് ഹൈക്കോടതി ഇടപെട്ടുതടഞ്ഞു.
എങ്കിലും വിവിധ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കുന്ന പ്രഖ്യാപനങ്ങൾക്ക് ഒരു കുറവും ഉണ്ടായില്ല. സർക്കാർ ജീവനക്കാരുടെ ഡി.എ. കുടിശ്ശിക, ശമ്പളപരിഷ്ക്കരണ കമ്മീഷൻ, പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തിയത് എല്ലാം പ്രഖ്യാപിച്ച് ഉത്തരവുകളിറങ്ങി. ക്രൈസ്തവ സഭകളുടെ ആവശ്യം അംഗീകരിച്ച് ജെ.ബി. കോശി കമ്മീഷൻ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻ.എസ്.എസിന് ആനുകൂല്യമായി ലഭിച്ച വിധി മറ്റ് മാനേജ്മെന്റുകാർക്കും ബാധകമാക്കി. വനിത കരാർ ജീവനക്കാർക്കും പരമാവധി ആനുകൂല്യം. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരടക്കം ജീവനക്കാരുടെ വേതനം കരടു വിജ്ഞാപനം പുറത്തിറക്കി. പെന്തക്കോസ്തുസഭകളെ ക്രൈസ്തവ സഭാവിഭാഗമായി അംഗീകരിക്കാൻ മന്ത്രിസഭയുടെ തത്വത്തിൽ തീരുമാനം, അങ്കമാലി-എരുമേലി ശബരി റെയിൽപാതയ്ക്കുവേണ്ടി പുതിയ സ്ഥലമെടുപ്പ് വിജ്ഞാപനം, നേറ്റിവിറ്റി കാർഡ് നൽകാനുള്ള ബില്ലിന് അംഗീകാരം.
ഇങ്ങനെ വിവിധ സാമൂഹിക വിഭാഗങ്ങളുടെ ദീർഘകാല അവശ്യ ആവശ്യങ്ങൾ സാമ്പത്തിക പരിമിതി നോക്കാതെ അനുവദിക്കാൻ തീരുമാനമെടുത്ത ഒരു സർക്കാരിനോട് ഭരണവിരുദ്ധ വികാരം ഇനി ഉണ്ടാവില്ലെന്നും, ഈ സർക്കാർ തുടരണമെന്ന് അവരെല്ലാം ആഗ്രഹിക്കുന്നുവെന്നുമാണ് മുഖ്യമന്ത്രിയുടെയും, സി.പി.എം നേതൃത്വത്തിന്റെയും, എൽ.ഡി.എഫ് നേതൃത്വത്തിന്റെയും വിലയിരുത്തലും വിശ്വാസവും.
വേണ്ടത്ര വരുമാനമില്ലാത്ത സംസ്ഥാന സർക്കാരുകൾ പോലും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് ആശങ്കാജനകമാണെന്നും സുപ്രീംകോടതി പറഞ്ഞത് കേരളത്തെ സംബന്ധിച്ചിടത്തോളം അക്ഷരാർത്ഥത്തിൽ ബാധകമാണെന്നതിൽ സംശയമില്ല. തദ്ദേശ ഇലക്ഷനിലുണ്ടായ ക്ഷീണം പരിഹരിക്കാൻ എൽ.ഡി.എഫ് സർക്കാർ നടത്തിയ ചില ക്ഷേമപ്രഖ്യാപനങ്ങൾ കടുത്ത സാമ്പത്തികഞെരുക്കത്തിൽ നീങ്ങിയ സംസ്ഥാനത്തിന് തിരഞ്ഞെടുപ്പുമാസം കഴിഞ്ഞാൽ തുടർന്ന് എങ്ങനെ നടപ്പാക്കും പണം എവിടെനിന്നു സമാഹരിക്കും എന്നതിന് കൃത്യമായ ഉത്തരം ധനനമന്ത്രിയോ മുഖ്യമന്ത്രിയോ നൽകിയിട്ടില്ല.
സർക്കാരിന്റെ ജനകീയ പ്രഖ്യാപനങ്ങളെ മറികടക്കാൻ രാഹുൽഗാന്ധി പ്രഖ്യാപിച്ച അഞ്ച് വമ്പൻ ഗ്യാരണ്ടികൾ യു.ഡി.എഫിന്റെ തുറുപ്പുചീട്ടാണെങ്കിലും ഇത് പ്രായോഗികമാകുമോ എന്ന കാര്യത്തിൽ ജനങ്ങൾക്ക് വിശ്വാസം പോര. 1600 രൂപ ക്ഷേമപെൻഷൻ 400 രൂപ കൂട്ടിയപ്പോൾ തന്നെ ഒരു വർഷം അധികമായി കണ്ടെത്തേണ്ടത് 3000 കോടിയാണ്. അപ്പോൾ 3000 രൂപയായി വർദ്ധിപ്പിക്കുമെന്ന യു.ഡി.എഫ് ഗ്യാരണ്ടി നടക്കുമോ എന്നാണ് പലരുടേയും സംശയം. വിദ്യാർത്ഥിനികൾക്കുള്ള 1000 രൂപയുടെ പ്രതിമാസ സഹായം, സ്ത്രീകൾ കെ.എസ്.ആർ.ടി.സി ബസ്സിലെ സൗജന്യയാത്ര, സൗജന്യ ആരോഗ്യ ഇൻഷ്വറൻസ്, യുവസംരംഭകർക്കു പലിശ രഹിത വായ്പ എന്നീ ഗ്യാരണ്ടികൾ അധികാരത്തിലെത്തിയാൽ മൂന്ന് മാസത്തിനകം നടപ്പാക്കി തുടങ്ങുമെന്നാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ് പറയുന്നത്. അതിനുള്ള സാമ്പത്തിക സമാഹരണത്തിന് വഴിയുണ്ടെന്നുമാണദ്ദേഹം അവകാശപ്പെടുന്നത്.
എന്നാൽ എൻ.ഡി.എയ്ക്ക് 5 വർഷം തന്നാൽ വികസിത കേരളം എന്ന അത്ഭുതകാഴ്ച കാണാൻ അവസരമൊരുക്കുമെന്നത് മോദിയുടെ ഗ്യാരണ്ടിയാണെന്ന് പ്രധാനമന്ത്രിയും പറഞ്ഞു.











